ഗസ്സാലി അവാര്‍ഡ് ഖലീല്‍ തങ്ങള്‍ക്ക്

Posted on: April 14, 2014 9:07 am | Last updated: April 14, 2014 at 9:07 am

ഫറോക്ക്: കോടമ്പുഴ ദാറുല്‍ മആരിഫ് ഇസ്‌ലാമിക് സെന്ററിന്റെ ഈ വര്‍ഷത്തെ ഗസ്സാലി അവാര്‍ഡിന് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരിയെ തിരഞ്ഞെടുത്തു. ഇസ്‌ലാമിക പ്രബോധന വൈജ്ഞാനിക സാമൂഹിക സേവന രംഗങ്ങളില്‍ കാഴ്ചവെച്ച മികച്ച സംഭാവനകളാണ് അവാര്‍ഡിനായി പരിഗണിച്ചത്. വൈജ്ഞാനിക സാംസ്‌കാരിക സേവന രംഗങ്ങളില്‍ സമൂഹത്തിന്റെ പ്രതീക്ഷയായി ഉയര്‍ന്നു വന്ന മലപ്പുറം മഅ്ദിന്‍ സ്ഥാപനങ്ങളുടെ ചെയര്‍മാന്‍, സമസ്ത മുശാവറ അംഗം, സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡണ്ട്, സമസ്ത കോഴിക്കോട് ജില്ലാ പ്രസിഡണ്ട് നിരവധി മഹല്ലുകളിലെ ഖാസി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കുന്ന അദ്ദേഹം ഹോംങ്കോംഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ഗവേഷണ സംഘടനയുടെ സ്ഥാപക നേതാവ് കൂടിയാണ്. വിവിധ രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കുകയും വിദേശ കോണ്‍ഫറന്‍സുകളില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്യുകയുണ്ടായി. കോടമ്പുഴ ബാവ മുസ്‌ലിയാര്‍, പി എസ് കെ മൊയ്തു ബാഖവി മാടവന, പ്രൊ. എ കെ അബ്ദുല്‍ഹമീദ് എന്നിവരടങ്ങുന്ന ഡി എം ഐ സി അവാര്‍ഡ് സമിതിയാണ് ജേതാവിനെ പ്രഖ്യാപിച്ചത്. ഒരു പുരുഷായുസ്സ് മുഴുവന്‍ ഇസ്‌ലാമിക സേവനത്തിന് വേണ്ടി നീക്കിവെച്ച യുഗപുരുഷനായ ഇമാം അബൂ ഹാമിദുല്‍ ഗസ്സാലി(റ) യുടെ നാമധേയത്തിലാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സേവന രംഗത്ത് മികച്ച മാതൃക സൃഷ്ടിച്ച പതിമൂന്ന് പ്രമുഖര്‍ക്ക് ഇതിനകം അവാര്‍ഡ് നല്‍കിയിട്ടുണ്ട്. 20 ന് കോടമ്പുഴ വാദീ ഇര്‍ഫാനില്‍ നടക്കുന്ന ദാറുല്‍ മആരിഫ് ഇസ്‌ലാമിക് സെന്ററിന്റെ 22- ാം വാര്‍ഷിക സമാപന സമ്മേളനത്തില്‍ വെച്ചാണ് അവാര്‍ഡ് സമ്മാനിക്കുന്നത്.