കുരുമുളകിനും വെളിച്ചെണ്ണക്കും റെക്കോര്‍ഡ്; റബ്ബര്‍ വില ഇടിയുന്നു

Posted on: April 14, 2014 8:09 am | Last updated: April 14, 2014 at 8:09 am

കൊച്ചി: ആഭ്യന്തര ഡിമാന്‍ഡില്‍ കുരുമുളക് പുതിയ ഉയരം താണ്ടി. റെക്കോര്‍ഡിന്റെ തിളക്കവുമായി വെളിച്ചെണ്ണയും കൊപ്രയും മുന്നേറുന്നു. സര്‍ക്കാര്‍ ഏജന്‍സിയുടെ വിപണി ഇടപെടലിനിടയിലും റബ്ബര്‍ വില ഇടിയുന്നു. സ്വര്‍ണവില ഉയര്‍ന്നു.
ആഭ്യന്തര വ്യാപാരികളില്‍ നിന്നുള്ള അതിശക്തമായ ഡിമാന്‍ഡില്‍ കുരുമുളക് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില ദര്‍ശിച്ചു. പോയവാരം 4500 രൂപ ഉയര്‍ന്നു. ഗാര്‍ബിള്‍ഡ് കുരുമുളക് വില 61,500 രൂപയിലാണ്. കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് മുളക് 55,000 ല്‍ നിന്ന് 59,500 രൂപയായി.
ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലേയ്ക്ക് ഉത്പ്പന്നം നേരായ മാര്‍ഗ്ഗത്തിലും നികുതി വെട്ടിച്ചു കയറ്റിപോവുന്നു്. ഹോളി ആഘോഷങ്ങള്‍ക്ക് ശേഷം കുരുമുളക് സംഭരണം കുറക്കാറുള്ള ഉത്തരേന്ത്യന്‍ ഇടപാടുകാര്‍ ഇക്കുറി പതിവ് തെറ്റിച്ച് ചരക്ക് എടുക്കുകയാണ്. രാജ്യത്ത് കുരുമുളക് ഉത്പാദനം കുറഞ്ഞതാണ് വാങ്ങല്‍ താത്പര്യം വര്‍ധിക്കാന്‍ ഇടയാക്കിയത്. അതേ സമയം വിദേശ രാജ്യങ്ങളില്‍ നിന്ന് പുതിയ ഓര്‍ഡറില്ല. സാര്‍വദേശീയ വിപണിയില്‍ ഇന്ത്യന്‍ കുരുമുളക് വില ടണ്ണിന് 900 ഡോളര്‍ ഉയര്‍ന്ന് 10,900 ഡോളറായി. ഈ നിരക്കില്‍ പുതിയ കരാറുകളില്‍ ഏര്‍പ്പെടാന്‍ യു എസ്, യുറോപ്യന്‍ വാങ്ങലുകാര്‍ തയ്യാറായില്ല.
നാളികേര വിളവെടുപ്പ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഊര്‍ജിതമായി. എന്നാല്‍ കൊപ്രയാട്ട് വ്യവസായികളുടെ പ്രതീക്ഷയ്ക്ക് ഒത്തു പുതിയ കൊപ്ര വില്‍പ്പനക്ക് ഇറങ്ങിയില്ല. തേങ്ങയുടെയും കൊപ്രയുടെയും ലഭ്യത ചുരുങ്ങിയത് വിലക്കയറ്റത്തിനു വേഗത പകര്‍ന്നു. കൊപ്ര ക്ഷാമം മുന്‍ നിര്‍ത്തി ഓയില്‍ മില്ലുകാര്‍ വെളിച്ചെണ്ണ വില 13,300 ല്‍ നിന്ന് റെക്കോര്‍ഡായ 14,400 വരെ ഉയര്‍ത്തി. കൊപ്രവില 9300 ല്‍ നിന്ന് 10,300 രൂപയാക്കി. പ്രാദേശിക മാര്‍ക്കറ്റില്‍ വെളിച്ചെണ്ണ വില കിലോഗ്രാമിനു 150 രൂപക്ക് മുകളിലാണ്.
ചുക്ക് സ്‌റ്റോക്ക് കാര്‍ഷിക മേഖലയിലും ടെര്‍മിനല്‍ വിപണിയിലും കുറഞ്ഞു. ചരക്ക് ക്ഷാമം നേരിട്ടതോടെ ഇടപാടുകാര്‍ ഉല്‍പ്പന്നത്തില്‍ പിടിമുറുക്കിയത് റെക്കോര്‍ഡ് വിലക്കയറ്റത്തിനു അവസരം ഒരുക്കി. ഉത്തരേന്ത്യയില്‍ വിദേശ ചുക്ക് ലഭ്യമാണ്. കൊച്ചിയില്‍ മീഡിയം ചുക്ക് 28,500 രൂപയായി. ബെസ്റ്റ് ചുക്ക് 29,500 രൂപയിലും മാര്‍ക്കറ്റ് ക്ലോസിംഗ് നടന്നു.
സര്‍ക്കാര്‍ ഏജന്‍സികള്‍ റബര്‍ സംഭരിച്ചിട്ടും വില തകര്‍ച്ച പിടിച്ചു നിര്‍ത്താനായില്ല. രണ്ട് ഏജന്‍സികള്‍ രംഗത്തുങ്കെിലും വിപണിയില്‍ ചെറു ചലനം പോലും അവര്‍ക്ക് ഉളവാക്കാനായില്ല. 14,800 രൂപയില്‍ വില്‍പ്പനയ്ക്ക് തുടക്കം കുറിച്ച ആര്‍ എസ് എസ് നാലാം ഗ്രേഡ് റബര്‍ വാരാവസാനം 14,500 ലാണ്. അഞ്ചാം ഗ്രേഡ് റബ്ബര്‍ 14,250 ല്‍ നിന്ന് 13,900 ലേയ്ക്ക് ഇടിഞ്ഞു. റബര്‍ സംഭരണത്തില്‍ ഏജന്‍സികള്‍ അനുവര്‍ത്തിക്കുന്ന തണുപ്പന്‍ മനോഭാവം ടയര്‍ വ്യവസായികള്‍ നേട്ടമാക്കി. കൊച്ചി, കോട്ടയം വിപണികളിലേയ്ക്കുള്ള ഷീറ്റു വരവ് നാമമാത്രമാണ്.
സ്വര്‍ണ വില പവനു 360 രൂപ വര്‍ധിച്ചു. ആഭരണ വിപണികളില്‍ പവന്‍ 21,880 രൂപയില്‍ നിന്ന് 22,240 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 2735 രൂപയില്‍ നിന്ന് 2780 രൂപയിലെത്തി. ലണ്ടനില്‍ സ്വര്‍ണ വില ഔണ്‍സിന് 1302 ഡോളറില്‍ നിന്ന് 1324 ഡോളര്‍ വരെ ഉയര്‍ന്ന ശേഷം 1318 ല്‍ ക്ലോസ് ചെയ്തു.