65 പശുക്കളും ഡബിള്‍ ബാരല്‍ ഗണ്ണും റാബ്‌റിയുടെ സമ്പാദ്യം

    Posted on: April 14, 2014 7:50 am | Last updated: April 14, 2014 at 7:50 am

    rabriപാറ്റ്‌ന: ആര്‍ ജെ ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ ഭാര്യയും ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ റാബ്‌റി ദേവി ലാലുവിനേക്കാള്‍ ധനിക. പശുക്കളെ ഏറെ സ്‌നേഹിക്കുന്ന റാബ്‌റിക്ക് അറുപത്തിയഞ്ച് പശുക്കളാണുള്ളതെന്ന് നാമനിര്‍ദേശപത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ബീഹാറിലെ സരണ്‍ മണ്ഡലത്തില്‍ നിന്നാണ് റാബ്‌റി ദേവി ഇത്തവണ മത്സരിക്കുന്നത്. പശുക്കളെ ഏറെ സ്‌നേഹിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ നാല് വര്‍ഷത്തിനിടെ റാബ്‌റിയുടെ ഉടമസ്ഥതയിലുള്ള പശുക്കളുടെ എണ്ണം കുറയുകയാണ് ചെയ്തത്. 2010ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ സമര്‍പ്പിച്ച പത്രികക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ 65 പശുക്കളും 42 കിടാവുകളുമുണ്ടെന്നാണ് വ്യക്തമാക്കിയിരുന്നത്.
    പശുക്കളുടെ എണ്ണത്തില്‍ കുറവുണ്ടായെങ്കിലും ലാലുവിനേക്കാള്‍ ധനികയാണ് റാബ്‌റി. ഒരു കോടി രൂപയുടെ സ്വത്തുക്കള്‍ മാത്രം ലാലുവിനുള്ളപ്പോള്‍ റാബ്‌റിയുടെ പേരില്‍ ആറരക്കോടിയുടെ സ്വത്തുക്കളുണ്ട്. സ്വന്തമായി കാറില്ലെങ്കിലും ഒരു ഡബിള്‍ ബാരല്‍ ഗണ്ണും 467 ഗ്രാം സ്വര്‍ണാഭരണങ്ങളും റാബ്‌റിക്ക് സ്വന്തമായുണ്ട്. പാറ്റ്‌നയില്‍ അര ഡസന്‍ വീടും റാബ്‌റിക്ക് സ്വന്തമായുണ്ട്.
    2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലാലുപ്രസാദ് യാദവ് വിജയിച്ച മണ്ഡലമാണ് സരണ്‍. കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷിക്കപ്പെട്ടതിനാല്‍ ലാലുവിന് ഇത്തവണ മത്സരിക്കാനാകില്ല. ഇതേത്തുടര്‍ന്നാണ് റാബ്‌റിയെ ആര്‍ ജെ ഡി ടിക്കറ്റില്‍ സരണില്‍ നിന്ന് മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്.