പടക്കം: ഫയര്‍ ഫോഴ്‌സ് മുന്നറിയിപ്പ് നല്‍കി

Posted on: April 14, 2014 7:19 am | Last updated: April 14, 2014 at 7:19 am

പാലക്കാട്: വേനലില്‍ ദിനംപ്രതി ഉയരുന്ന കൊടും ചൂടില്‍ പടക്കങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് അഗ്നിശമനസേനയുടെ മുന്നറിയിപ്പ്. പടക്കം പൊട്ടിക്കുമ്പോള്‍ ഒരു ബക്കറ്റ് വെള്ളമോ, മണലോ സമീപത്ത് ഉറപ്പുവരുത്തണമെന്നാണ് പ്രധാന നിര്‍ദേശം.
എന്തെങ്കിലും കാരണത്താല്‍ തീ പടര്‍ന്നാല്‍ പെട്ടെന്ന് കെടുത്താനാണിത്. പൂക്കൂറ്റി, മത്താപ്പ് ഉള്‍പ്പെടെ വിവിധ തരത്തിലുള്ള പടക്കങ്ങള്‍ കത്തിക്കുമ്പോള്‍ സമീപത്തെ ഉണങ്ങിയ പ്രദേശങ്ങളിലേക്ക് തീപ്പൊരി എത്തുന്നില്ലെന്ന് ഉറപ്പാക്കണം.
കുട്ടികള്‍ പടക്കംപൊട്ടിക്കുമ്പോള്‍ കഴിയുന്നതും രക്ഷാകര്‍ത്താക്കള്‍ സമീപത്തുണ്ടാകണമെന്നും അധികൃതര്‍ അറിയിച്ചു. ചൂട് ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ പടക്കങ്ങള്‍ കൂട്ടിഇടുന്നതും സുരക്ഷിതമല്ല. എന്തെങ്കിലും തരത്തില്‍ ചെറിയൊരു ഉരസല്‍ ഉണ്ടായാല്‍ സ്വയം തീപ്പിടിക്കാനുള്ള സാധ്യത ഏറെയാണ്. ക്യാപ് പോലുള്ള ചെറിയ പടക്കങ്ങള്‍ കൂട്ടിഇടുന്നത് അത്യന്തം അപകടകരമാണ്. വിഷുക്കാലമായതോടെ ജില്ലയില്‍ അവിടവിടെയായി പടക്കവില്‍പ്പനശാലകള്‍ ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്.
കൊടുംചൂടില്‍ പകല്‍ റോഡരികിലുള്ള പടക്കവില്‍പ്പനയും അപകടസാധ്യത ക്ഷണിച്ചുവരുത്തുന്നതാണ്. വെയിലത്ത് പടക്കങ്ങള്‍ കൂട്ടി ഇടുന്നത് പൊട്ടാന്‍ ഇടയാക്കും. പടക്കവില്‍പ്പനശാലകളില്‍ പലതും വേണ്ടത്ര സുരക്ഷാനടപടികളില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും പരാതി ഉണ്ട്. ഇത് വന്‍ ദുരന്തങ്ങള്‍ വരുത്തിവെച്ചേക്കും. അപകടഭീഷണി ഒഴിവാക്കാന്‍ കട ഉടമകള്‍ സുരക്ഷാനടപടികള്‍ കൈക്കൊള്ളണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
ചില്ലറ വില്‍പ്പനകളിലും സുരക്ഷാനിബന്ധനകള്‍ ബാധകമാണ്. വിഷുക്കാലമായതോടെ വിപണിയില്‍ പടക്കങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. വീടുകളില്‍ പടക്കങ്ങള്‍ വാങ്ങിയാല്‍ വേണ്ടത്ര സുരക്ഷയോടെ സൂക്ഷിക്കണമെന്നും ഫയര്‍ഫോഴ്‌സ് നിര്‍ദേശിച്ചു.