യു എസില്‍ നൂറോളം സിഖ് തടവുകാര്‍ നിരാഹാരത്തില്‍

Posted on: April 13, 2014 1:39 am | Last updated: April 13, 2014 at 1:39 am

വാഷിംഗ്ടണ്‍: കുടിയേറ്റ രേഖകളില്ലാതെ എത്തിയതിന്റെ പേരില്‍ ടെക്‌സാസിലെ എല്‍ പാസോയിലെ തടങ്കലില്‍ കഴിയുന്ന നൂറോളം സിഖുകാര്‍ അനിശ്ചിത കാല നിരാഹാരം ആരംഭിച്ചു. ഇവരില്‍ 42 ഓളം പേര്‍ നാല് ദിവസമായി നിരാഹാരം നടത്തിവരികയാണ്. അധിക്യതര്‍ ഇവരെ പുറത്തുള്ള ബന്ധുക്കളുമായോ സുഹ്യത്തുക്കളുമായോ ബന്ധപ്പെടുന്നതിന് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് നിരാഹാര സമരം. ശരിയായ വിസയില്ലാതെ രാജ്യത്ത് പ്രവേശിച്ചതിനെത്തുടര്‍ന്ന് അമേരിക്കന്‍ ജയിലില്‍ കഴിയുന്ന ഈ യുവാക്കള്‍ ഏറെ ദുരിതത്തിലാണെന്ന് വടക്കന്‍ അമേരിക്കന്‍ പഞ്ചാബി അസോസിയേഷനിലെ സത്‌നാം സിംഗ് ചഹാല്‍ പറഞ്ഞു.
എന്നാല്‍ തടവുകാര്‍ നിരാഹാര സമരം നടത്തുന്നത് പരിശോധനയില്‍ കണ്ടെത്തിയിട്ടില്ലെന്ന് എല്‍ പാസോയിലെ എമിഗ്രേഷന്‍ അധിക്യതര്‍ ഹിന്ദു പത്രത്തോട് പറഞ്ഞു. 2013 ജുലൈയിയില്‍ ഇന്ത്യയില്‍നിന്നും യാത്ര പുറപ്പെട്ട ഇവര്‍ മോസ്‌കോ, ഹവാന, ഇക്വഡോര്‍, എല്‍ സാല്‍വദോര്‍, ഗ്വോട്ടിമാല എന്നീ അന്താരാഷ്ട്രാ വഴികളിലൂടെ മെക്‌സികോയിലെത്തുകയും അനധിക്യതമായി അതിര്‍ത്തി കടന്നു എന്നതിന്റെ പേരില്‍ അമേരിക്കന്‍ ജയിലിലാകുകയുമായിരുന്നുവെന്ന് സത്‌നാം സിംഗ് പറഞ്ഞു. പിടിയിലായ പഞ്ചാബി യുവാക്കളെ അധിക്യതര്‍ ടെലഫോണ്‍ ഉപയോഗിക്കുന്നതിനോ മറ്റ് തരത്തില്‍ പുറംലോകവുമായി ബന്ധപ്പെടുന്നതിനോ സമ്മതിച്ചിട്ടില്ലെന്നും സിംഗ് പറഞ്ഞു. ഇവര്‍ക്ക് നിയമപരവും ധാര്‍മികവുമായ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.