പ്രചാരണ വേദികളില്‍ താരമായി മോദി അപരന്‍

  Posted on: April 12, 2014 11:24 pm | Last updated: April 13, 2014 at 12:29 am

  മുംബൈ: ബി ജെ പി നേതാവ് നരേന്ദ്ര മോദിയെ പ്രചാരണത്തിന് കിട്ടിയില്ലെങ്കിലും സ്ഥാനാര്‍ഥികള്‍ക്കും അനുയായികള്‍ക്കും മോദിയുടെ അപരന്‍ പ്രചാരണത്തിനെത്തായാല്‍ മതി. കുങ്കുമാഭിഷേകം നടത്തി മോദിയുടെ അതേ സ്റ്റൈലിലാണ് ഇദ്ദേഹത്തിന്റെ നില്‍പ്പും നടപ്പുമെല്ലാം.
  മുംബൈ മലാഡിലെ ബിസിനസുകാരന്‍ വികാസ് മഹന്തയാണ് (52) മോദിയുടെ അപരനായി രംഗത്തെത്തിയിരിക്കുന്നത്. ഒറ്റ നോട്ടത്തില്‍ നരേന്ദ്ര മോദിയെന്നേ പറയൂ. ഒരു മാസം മുമ്പ് ചില ഫോട്ടോഗ്രാഫര്‍മാരാണ് ബി ജെ പി റോഡ് ഷോയില്‍നിന്ന് മഹന്തയെ ‘പൊക്കി’ പ്രചാരണം നല്‍കിയത്.
  പിന്നെയങ്ങോട്ട് തിരക്കോടു തിരക്കായി. ആദ്യം ഒപ്പം നിന്ന് ഫോട്ടോയെടുക്കാന്‍ അനുയായികളുടെ നിര്‍ബന്ധം. പിന്നീട് നേതാക്കള്‍ തന്നെ മഹന്തയെ പിടികൂടി സ്വന്തം പ്രചാരണ വാഹനങ്ങളില്‍ കയറ്റാന്‍ തുടങ്ങി. സുരക്ഷാ പ്രശ്‌നങ്ങളില്ല, മുഴുവന്‍ സമയവും പ്രചാരണത്തോട് സഹകരിക്കും. ഇതൊക്കെയാണ് അപരന്‍ മോദിക്ക് മാര്‍ക്കറ്റുണ്ടാക്കി നല്‍കുന്നത്.
  മലാഡിന്റെ മോദിയെ യഥാര്‍ഥ മോദിയും കണ്ടിരുന്നു. ഒരു വര്‍ഷം മുമ്പ് ഇരുവരും രണ്ട് മിനുട്ട് സംസാരിച്ചിരുന്നു. ആ ഒരു ബന്ധവും സൗഹൃദവും മോദി പ്രചാരണ പരിപാടികളില്‍ തട്ടിവിടാന്‍ മറക്കുന്നില്ല.
  തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതാക്കള്‍ മറ്റൊന്നും മലാഡ് മോദിയോട് ആവശ്യപ്പെടാറില്ല. സ്ഥാനാര്‍ഥിക്ക് ആശംസയര്‍പ്പിക്കുക, ജീപ്പില്‍ കയറി കൈവീശുക. ഇതെല്ലാം ഭംഗിയായി അദ്ദേഹം നിര്‍വഹിക്കും. ഇതിനകം അപരന്‍ മോദിക്ക് ഫാന്‍സും രംഗത്തു വന്നു കഴിഞ്ഞു.