Connect with us

Palakkad

പൊടിശല്യം: വടക്കഞ്ചേരി ടൗണിലെ യാത്ര ദുരിതമാകുന്നു

Published

|

Last Updated

വടക്കഞ്ചേരി: ബസാര്‍ റോഡ് നന്നാകാന്‍ പൊടിശല്യം സഹിക്കുകയേ നിവൃത്തിയുള്ളൂവെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍. പൊടിപാറുന്നത് നിയന്ത്രിക്കാന്‍ രണ്ട് നേരം നനയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മഴക്കാലത്തിന് മുമ്പേ ടാറിംഗ് നടത്തുന്നതിനുള്ള നടപടികളാണ് ചെയ്യുന്നതെന്നും എ ഇ പറഞ്ഞു. പാറപ്പൊടിയുള്ള മെറ്റലിട്ടുവേണം റോഡിന് വീതികൂട്ടാന്‍. പൊടിയില്ലാതെ മെറ്റല്‍ മാത്രം നിരത്തിയാല്‍ നിലവാരമുള്ള പണിയാകില്ല. സാമ്പത്തിക പ്രതിസന്ധിയും പണികഴിഞ്ഞ വര്‍ക്കുകളുടെ ബില്ലുകള്‍ കിട്ടാത്തതുമാണ് ് പണി വൈകാന്‍ കാരണമാകുമെന്നതെന്ന് മേല്‍നോട്ടം വഹിക്കുന്ന അസിസ്റ്റന്റ് എന്‍ജിനീയര്‍ ഷെരീഫ് പറഞ്ഞു. അതേസമയം, പൊടിനിറഞ്ഞ വടക്കഞ്ചേരി ടൗണിലൂടെ യാത്ര ചെയ്യാനാകാത്ത അവസ്ഥയാണിപ്പോള്‍.
തൃശൂര്‍ – പാലക്കാട് റൂട്ടിലെ ബസുകളുള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങള്‍ ടൗണ്‍ റോഡ് വഴി കടന്നുപോകുന്നതിനാല്‍ പൊടിശല്യം രൂക്ഷമാണ്. പകല്‍ചൂടിന്റെ കാഠിന്യത്തിനൊപ്പം ആളെ കാണാത്തവിധം ടൗണ്‍ പൊടിയില്‍ മുങ്ങുന്നത് ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ട്. ടൗണിലെ കടകളെല്ലാം പൊടിയില്‍ മുങ്ങിയിരിക്കുകയാണ്. ആമകുളം മുതല്‍ മന്ദംകവല വരെയുള്ള മുക്കാല്‍ കിലോമീറ്ററാണ് ഏറെ ദുരിതം. രണ്ട് നേരം റോഡ് നനയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കിലും അത് നടപ്പാക്കുന്നില്ലെന്നാണ് കടക്കാരും യാത്രക്കാരും പറയുന്നത്. കടക്കാര്‍ തന്നെ കൂലിക്ക് ആളെ വച്ച് രണ്ടും മൂന്നും നേരം റോഡ് നനക്കുകയാണ്. ടാറിംഗ് നടത്തുമ്പോള്‍ മാത്രം പൊടിയുള്ള മെറ്റലിട്ടാല്‍ മതിയായിരുന്നില്ലേ എന്നാണ് കച്ചവടക്കാര്‍ ചോദിക്കുന്നത്. ഒരുമാസം കഴിഞ്ഞ് നടക്കുന്ന ടാറിംഗിന് എന്തിനാണ് ഇപ്പോള്‍ തന്നെ പൊടിനിറച്ച് ജനങ്ങളെ ദുരിതത്തിലാക്കുന്നതെന്ന ചോദ്യവും ഉയരുന്നുണ്ട്.

 

Latest