ഊട്ടി കുതിരപ്പന്തയം 14ന് തുടങ്ങും

Posted on: April 12, 2014 12:42 pm | Last updated: April 12, 2014 at 12:42 pm

കോയമ്പത്തൂര്‍: ഊട്ടിയിലെ കുതിരപ്പന്തയം 14ന് തുടങ്ങും. മദ്രാസ് റേസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കുതിരപ്പന്തയത്തില്‍ പങ്കാളികളാകാനും കണ്ടാസ്വദിക്കാനും അന്യസംസ്ഥാനക്കാരും വിദേശീയരുമായ ധാരാളം കുതിര പ്രേമികള്‍ എത്താറുണ്ട്. ജൂണ്‍ 26വരെ നടക്കുന്ന പന്തയത്തില്‍ 32 മത്സരങ്ങളാണുള്ളത്. 550 കുതിരകള്‍ വരെ പങ്കെടുക്കുന്ന മത്സരത്തില്‍ 40ഓളം ജോക്കികളും 20ഓളം പരിശീലകരുമെത്തും. 400ഓളം കുതിരകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഊട്ടിയില്‍ എത്തി.
ആഴ്ചയില്‍ മൂന്ന് ദിവസം രാവിലെയായിരിക്കും പന്തയം നടക്കുക. പ്രസിദ്ധമായ നീലഗിരി ഗോള്‍ഡ്കപ്പ് 25നാണ്. എം ആര്‍ സി ചാലഞ്ചേഴ്‌സ് ട്രോഫിയും ഡി എസ് എസ് സി കപ്പും പ്രധാന മത്സരയിനങ്ങളാണ്. രാമസ്വാമി, വിജയ്മല്യ തുടങ്ങിയവരുടെ കുതിരകളാണ് കൂടുതലായും മത്സര രംഗത്തുണ്ടാകാറ്. മുംബൈ, പുനെ, ഹൈദരാബാദ്, ബംഗളൂരു, മൈസൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് കുതിരകളെത്തുക. മത്സരരംഗത്തുള്ള കുതിരകളുടെ ചരിത്രം ഉള്‍ക്കൊള്ളുന്ന ഗൈഡുകളും ഇവിടെ ലഭ്യമാകും.