കണക്കുകളില്‍ കണ്ണുംനട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍

Posted on: April 12, 2014 12:44 pm | Last updated: April 12, 2014 at 10:45 am

മലപ്പുറം: വോട്ടെടുപ്പ് കഴിഞ്ഞതോടെ കണക്കുകളില്‍ കണ്ണുംനട്ടിരിപ്പാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം മലപ്പുറം മണ്ഡലത്തില്‍ 71.27 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോള്‍ പൊന്നാനിയില്‍ 73.83 ശതമാനമാണ് പോളിംഗ് നടന്നത്.
വയനാട് മണ്ഡലത്തില്‍ 73.28 ശതമാനവും പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. 2009ല്‍ മലപ്പുറം മണ്ഡലത്തില്‍ 76.67 ശതമാനമായിരുന്നു പോളിംഗ്. ഇതേ വര്‍ഷം പൊന്നാനിയില്‍ 77.12 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. മലപ്പുറം മണ്ഡലത്തില്‍ കൊണ്ടോട്ടിയിലാണ് കൂടുതല്‍ പേര്‍ വോട്ട് ചെയ്തത്. 74.37 ശതമാനം. പൊന്നാനിയില്‍ തൃത്താലമണ്ഡലത്തിലാണ് കൂടുതല്‍ പേര്‍ വോട്ട് ചെയ്തത്. 75.83 ശതമാനം. പോളിംഗ് ശതമാനത്തിലുണ്ടായിട്ടുള്ള കുറവ് ഇരു മുന്നണികള്‍ക്കും പ്രതീക്ഷ നല്‍കുന്നതോടൊപ്പം ആശങ്കക്കും ഇടയാക്കിയിട്ടുണ്ട്. സ്ത്രീ വോട്ടര്‍മാരുടെ കുറവ് മിക്ക ബൂത്തുകളിലും പ്രകടമാണ്. മത്സരഫലം അറിയാനുള്ള ആകാംക്ഷയോടൊപ്പം ഇത്തവണ ആദ്യമായി ഉള്‍പ്പെടുത്തിയ നിഷേധ വോട്ട് എത്രമാത്രമുണ്ടാകുമെന്നറിയാനും ജനങ്ങള്‍ക്ക് ആഗ്രഹിക്കുന്നുണ്ട്.