ശ്രീകാന്ത് സെമിയില്‍; സിന്ധു പുറത്ത്‌

Posted on: April 12, 2014 7:18 am | Last updated: April 12, 2014 at 7:48 am

സിംഗപ്പൂര്‍: സിംഗപ്പൂര്‍ ഓപണ്‍ സൂപ്പര്‍ സീരീസിന്റെ പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ കെ ശ്രീകാന്ത് സെമിയില്‍. അതേ സമയം, വനിതാ സിംഗിള്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന പി വി സിന്ധു പുറത്തായി.
ഒരു മണിക്കൂറിലേറെ നീണ്ട മാരത്തണ്‍ ക്വാര്‍ട്ടര്‍ ഫൈനലാണ് ശ്രീകാന്ത് ജയിച്ചത്. 17-21, 21-14, 21-19ന് ഹോങ്കോംഗിന്റെ ലോക പതിനാലാം നമ്പര്‍ ഹുന്‍ യുവിനെ തോല്‍പ്പിച്ചു. ആദ്യ ഗെയിം നഷ്ടമായതിന് ശേഷം ഇരുപത്തൊന്നുകാരന്‍ ഗംഭീര തിരിച്ചുവരവ് നടത്തി. ലോകറാങ്കിംഗില്‍ ഇരുപത്തഞ്ചാം സ്ഥാനത്തുള്ള ശ്രീകാന്ത് കരിയറില്‍ രണ്ടാം തവണയാണ് ഹുന്‍ യുവിനെ തോല്‍പ്പിക്കുന്നത്.
ജനുവരിയില്‍ മലേഷ്യന്‍ ഓപണ്‍ സീരിസിലായിരുന്നു ഇവര്‍ തമ്മില്‍ ആദ്യം നേര്‍ക്കുനേര്‍ വന്നത്. ശ്രീകാന്ത് മികച്ച വിജയം നേടി.സെമിയില്‍ ഇന്ത്യന്‍ താരത്തിന് നേരിടേണ്ടത് മലേഷ്യയുടെ വിശ്വോത്തര താരം ലീ ചോംഗ് വിയെ. ലോക ഒന്നാം നമ്പറായ ലീ ചോംഗ് കഴിഞ്ഞാഴ്ച ന്യൂഡല്‍ഹിയില്‍ ഇന്ത്യന്‍ ഓപണ്‍ സീരീസ് ചാമ്പ്യനായിരുന്നു. പുരുഷ സിംഗിള്‍സില്‍ ബി സായ് പ്രണീതിന്റെ പോരാട്ടം ചൈനയുടെ ഡു പെന്‍ഗ്യുവിന് മുന്നില്‍ അവസാനിച്ചു. 39 മിനുട്ടിനുള്ളില്‍ ചൈനീസ് താരം സെമി ബെര്‍ത് ഉറപ്പിച്ചു.പി വി സിന്ധുവിന്റെ പ്രതീക്ഷ അവസാനിപ്പിച്ചത് ചൈനയുടെ രണ്ടാം സീഡ് യിഹാന്‍ വാംഗ് (21-19, 21-15)