Connect with us

International

കിഴക്കന്‍ മേഖലക്ക് കൂടുതല്‍ അധികാരം: ഉക്രൈന്‍

Published

|

Last Updated

കീവ്: റഷ്യന്‍ അനുകൂല പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ട കിഴക്കന്‍ മേഖലക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കാമെന്ന വാഗ്ദാനങ്ങളുമായി ഉക്രൈന്‍ ഇടക്കാല പ്രധാനമന്ത്രി. പ്രക്ഷോഭം അവസാനിപ്പിക്കുകയാണെങ്കില്‍ റഷ്യന്‍ അനുകൂലികളെ വിചാരണ നടപടികളില്ലാതെ വെറുതെവിടാമെന്ന ഇടക്കാല പ്രസിഡന്റ് അലക്‌സാന്‍ഡര്‍ തര്‍ച്ചിനോവിന്റെ വാഗ്ദാനത്തിന് പിന്നാലെയാണ് അനുനയശ്രമവുമായി പ്രധാനമന്ത്രി അപ്ഡലെനി യാറ്റ്‌സെന്‍യുക് രംഗത്തെത്തിയത്. പ്രക്ഷോഭം രൂക്ഷമായ ഡൊനെറ്റ്‌സ്‌ക് മേഖലയിലെ പ്രവിശ്യാ നേതാക്കളുമായി സംസാരിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രവിശ്യയിലെ പ്രധാന നഗരങ്ങള്‍ പിടിച്ചെടുത്ത പ്രക്ഷോഭകര്‍ ഇവിടുത്തെ സര്‍ക്കാര്‍ ആസ്ഥാനങ്ങളുടെയും സുരക്ഷാ കേന്ദ്രങ്ങളുടെയും നിയന്ത്രണം കൈക്കലാക്കിയിട്ടുണ്ട്. 48 മണിക്കൂറിനുള്ളില്‍ പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം പ്രക്ഷോഭകര്‍ക്ക് സര്‍ക്കാര്‍ അന്ത്യശാസനം നല്‍കിയിരുന്നു. എന്നാല്‍, ഇത് മുഖവിലക്കെടുക്കാന്‍ പ്രക്ഷോഭക നേതൃത്വം തയ്യാറായിട്ടില്ല.
ഉക്രൈന്‍ മുന്‍ പ്രസിഡന്റ് വിക്ടര്‍ യാനുക്കോവിച്ചിനെ അട്ടിമറിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ അധികാരം പിടിച്ചെടുത്തതിലുള്ള പ്രതിഷേധമായിട്ടാണ് റഷ്യന്‍ അനുകൂലികള്‍ പ്രക്ഷോഭം നടത്തിയത്. കിഴക്കന്‍ ഉപദ്വീപായ ക്രിമിയ ഉക്രൈനുമായുള്ള ബന്ധം വിച്ഛേദിച്ച് റഷ്യക്കൊപ്പം ചേര്‍ന്നതോടെ ഡൊനെറ്റ്‌സ്‌ക് മേഖലയിലെ പ്രക്ഷോഭം കൂടുതല്‍ ശക്തമാകുകയായിരുന്നു. റഷ്യന്‍ അനുകൂലികള്‍ക്ക് ഭൂരിപക്ഷമുള്ള ഖാര്‍കിവിലെയും ലുഹാന്‍സ്‌കിലെയും ഭരണ, സുരക്ഷാ ആസ്ഥാനങ്ങളാണ് പ്രക്ഷോഭകര്‍ പിടിച്ചെടുത്തത്.
ക്രിമിയയില്‍ പ്രക്ഷോഭം പൊട്ടിപുറപ്പെട്ടപ്പോള്‍ സ്വീകരിച്ച കടുത്ത നിലപാട് ഒഴിവാക്കാനാണ് ഉക്രൈനിന്റെ തീരുമാനം. ക്രിമിയയില്‍ റഷ്യന്‍ സൈന്യം നേരിട്ട് ഇടപെട്ടത് പോലെ ഡൊനെറ്റ്‌സ്‌ക്കിലും നടന്നാല്‍ ഉക്രൈന് പ്രധാന വാണിജ്യ നഗരമായ ഡൊഹെന്‍സ്‌ക് നഷ്ടപ്പെടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെയും ഉക്രൈന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെയും കണക്കുകൂട്ടല്‍. ഇതോടെയാണ് അനുനയ ശ്രമവുമായി പ്രധാനമന്ത്രിയും പ്രസിഡന്റും രംഗത്തെത്തിയത്. കല്‍ക്കരി ഖനനത്തിനും വന്‍കിട വ്യവസായത്തിനും പേരുകേട്ട കിഴക്കന്‍ മേഖല നഷ്ടമായാല്‍ ഉക്രൈനിന്റെ സാമ്പത്തിക രംഗം കൂടുതല്‍ വഷളാകുമെന്നാണ് കണക്കുകൂട്ടല്‍.
കിഴക്കന്‍ മേഖലയിലെ സര്‍ക്കാര്‍ നേതാക്കളുമായി സംസാരിച്ച പ്രധാനമന്ത്രി വിമത നേതൃത്വവുമായുള്ള ചര്‍ച്ചക്ക് ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ക്രിമിയന്‍ മേഖലയെ പോലെ റഷ്യക്കൊപ്പം ചേരുന്നതിന് ഹിതപരിശോധന നടത്തുമെന്ന് പ്രഖ്യാപിച്ച പ്രക്ഷോഭകര്‍ സ്വയം ഭരണാധികാര പ്രദേശമായി കിഴക്കന്‍ മേഖലയെ പ്രഖ്യാപിക്കുമെന്ന നിലപാടിലെത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്. ഈ സാഹചര്യത്തില്‍ പ്രശ്‌നം ചര്‍ച്ചയിലുടെ പരിഹരിക്കാനാകുമെന്നാണ് ഉക്രൈനും ഉക്രൈനിനെ പിന്തുണക്കുന്ന യൂറോപ്യന്‍ യൂനിയനും കരുതുന്നത്.