ഇന്ധനത്തെ സമ്മര്‍ദ ഉപകരണമായി ഉപയോഗിക്കരുതെന്ന് റഷ്യയോട് അമേരിക്ക

Posted on: April 12, 2014 7:38 am | Last updated: April 12, 2014 at 7:38 am

മോസ്‌കോ: ഇന്ധനത്തെ സമ്മര്‍ദ ഉപകരണമായി റഷ്യ ഉപയോഗിക്കുകയാണെന്ന് അമേരിക്ക. വാതക ഇന്ധനം വിതരണം നടത്തിയ വകയില്‍ ഉക്രൈന്‍ ബില്ലുകള്‍ തന്നു തീര്‍ത്തില്ലെങ്കില്‍ ഇവിടേക്കുള്ള വിതരണം നിര്‍ത്തിവെക്കുമെന്നും അത് യൂറോപ്പിലേക്കുള്ള ഇന്ധന വിതരണത്തെ തടസ്സപ്പെടുത്തുമെന്നും റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇന്ധന വിതരണം ചെയ്തയിനത്തില്‍ ഉക്രൈനില്‍നിന്നും ലഭിക്കാനുള്ള 220 കോടി ഡോളര്‍ ലഭ്യമാക്കി പ്രശനം പരിഹരിക്കാന്‍ മധ്യസ്ഥത വഹിക്കണമെന്ന് 18 യൂറോപ്യന്‍ രാജ്യങ്ങളോട് കത്തില്‍ പുടിന്‍ ആവശ്യപ്പെട്ടിരുന്നു. റഷ്യന്‍ അനുകൂല പ്രസിഡന്റ് വിക്‌ടോര്‍ യാനുകോവിച്ച് പുറത്താക്കപ്പെട്ടതിനെത്തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട ഉക്രൈനിനുള്ള ഗ്യാസ് വില റഷ്യ ഇരട്ടിയാക്കിയിരുന്നു. റഷ്യയില്‍നിന്നും ഭൂരിപക്ഷം യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിതരണം ചെയ്യുന്ന ഗ്യാസ് പൈപ്പ് ലൈന്‍ ഉക്രൈനിലൂടെയാണ് കടന്നു പോകുന്നത്. ഉക്രൈനിലേക്കുള്ള വിതരണം നിര്‍ത്തിവെച്ചാല്‍ അത് മറ്റ് യൂറോപ്യന്‍ രാജ്യങ്ങളേയും ബാധിക്കും. റഷ്യ തങ്ങളുടെ ഊര്‍ജ ശേഖരം സമ്മര്‍ദങ്ങള്‍ക്കായി ഉപയോഗിക്കുകയാണെന്ന് അമേരിക്ക കുറ്റപ്പെടുത്തി. ഉക്രൈന്‍ വിഷയത്തില്‍ ഇന്ധനം ഒരു സമ്മര്‍ദ ഉപകരണമായി ഉപയോഗിക്കുന്ന റഷ്യന്‍ നിലപാട് അധിക്ഷേപകരമാണെന്ന് അമേരിക്കന്‍ വിദേശകാര്യ വക്താവ് ജെന്‍ പാസ്‌കി പറഞ്ഞു.
റഷ്യക്കെതിരായ ഉപരോധം വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് ജര്‍മന്‍ ചാന്‍സലര്‍ അഞ്ജല മെര്‍ക്കലുമായി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഫോണില്‍ നടത്തിയ സംഭാഷണത്തില്‍ ആവശ്യപ്പെട്ടതായി വൈറ്റ് ഹൗസ് വ്യത്തങ്ങളും പറഞ്ഞു. എന്നാല്‍ ഇന്ധന വിതരണം തികച്ചും കച്ചവട ഉദ്ദേശത്തോടെയുള്ളതാണെന്ന് റഷ്യ വ്യക്തമാക്കുന്നു.