Connect with us

Ongoing News

കെ പി സി സി യോഗം 21ന്; മദ്യ നയം മുതല്‍ പുനഃസംഘടന വരെ

Published

|

Last Updated

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കോലാഹലങ്ങള്‍ കഴിഞ്ഞതോടെ തീര്‍പ്പ് കല്‍പ്പിക്കാനുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി സര്‍ക്കാര്‍. മദ്യനയം മുതല്‍ മുഖ്യമന്ത്രിയുടെ മന്ത്രിസഭ പുനഃസംഘടനാ നിര്‍ദേശം വരെ നിരവധി വിഷയങ്ങളാണ് സര്‍ക്കാറിനും പാര്‍ട്ടിക്കും മുന്നിലുള്ളത്. വിഷു, ഈസ്റ്റര്‍ അവധി കഴിഞ്ഞാലുടന്‍ ഈ ചര്‍ച്ചകളിലേക്ക് കടക്കും. അവധി ദിവസങ്ങള്‍ കഴിയുന്ന ഈ മാസം 21ന് തന്നെ സര്‍ക്കാര്‍-കെ പി സി സി ഏകോപന സമിതിയും കെ പി സി സി നിര്‍വാഹക സമിതിയും വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
മദ്യ നയം പുതുക്കുകയാണ് സര്‍ക്കാറിന് മുന്നിലുള്ള പ്രധാന അജന്‍ഡ. നിലവാരമില്ലാത്ത ബാറുകളുടെ കാര്യത്തില്‍ എന്ത് തീരുമാനമെടുക്കണമെന്ന് ഇനിയും ഒരു ധാരണയിലുമെത്തിയിട്ടില്ല. വി എം സുധീരന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് നിലവാരമില്ലെന്ന് കണ്ടെത്തിയ 418 ബാറുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ല. ഇതിനെതിരെ ഇവര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. മദ്യദുരന്തമുണ്ടാകാന്‍ ഇടയുണ്ടെന്ന മുന്നറിയിപ്പ് വകുപ്പ് മന്ത്രി കെ ബാബു തന്നെ നല്‍കിയിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ ഇവയുടെ കാര്യത്തില്‍ എന്ത് വേണമെന്ന തീരുമാനം യോഗത്തിലുണ്ടാകും.
സാമ്പത്തിക പ്രതിസന്ധിക്കുള്ള പ്രതിവിധി തേടുകയാണ് മറ്റൊരു പ്രശ്‌നം. കരാറുകാരുടെ കഴിഞ്ഞ വര്‍ഷത്തെ കുടിശ്ശിക ഇനിയും നല്‍കിയിട്ടില്ല. ജീവനക്കാരുടെ ലീവ് സറണ്ടര്‍ ആനുകൂല്യം ഉള്‍പ്പെടെ തടഞ്ഞുവെച്ചിരിക്കയാണ്. ട്രഷറി നിയന്ത്രണം പത്ത് വരെയായിരുന്നെങ്കിലും ഇനിയുള്ള ദിവസങ്ങള്‍ അവധിയായതിനാല്‍ 21 മുതലേ ഇടപാടുകള്‍ സുഗമമായി നടക്കൂ. വരുമാന വര്‍ധനവിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകിരക്കണമെന്ന് ധനകാര്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
ടി പി ചന്ദ്രശേഖരന്‍ വധശ്രമ ഗൂഢാലോചനക്കേസ് ഏറ്റെടുക്കാന്‍ സി ബി ഐ മടിക്കുന്ന സാഹചര്യത്തില്‍ എന്ത് തുടര്‍നടപടി സ്വീകരിക്കണമെന്നും ഉടന്‍ തീരുമാനിക്കേണ്ടതുണ്ട്. സലീംരാജിന്റെ ഭൂമിയിടപാടിലെ സി ബി ഐ അന്വേഷണം പ്രഖ്യാപിക്കുന്നതില്‍ വന്ന പാളിച്ചകളും ചര്‍ച്ചയില്‍ വരും. തിരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭയില്‍ മാറ്റമുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുറന്നുപറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യം ചര്‍ച്ച ചെയ്തില്ലെന്നും മന്ത്രിസഭയില്‍ മാറ്റം വരുത്തേണ്ട സാഹചര്യം ഇല്ലെന്നും കെ പി സി സി പ്രസിഡന്റ് വി എം സുധീരനും മുന്‍ പ്രസിഡന്റ് രമേശ് ചെന്നിത്തലയും പറഞ്ഞു. കേരള കോണ്‍ഗ്രസ് ബിക്ക് മന്ത്രിസ്ഥാനം കിട്ടണമെന്നത് ന്യായമായ അവകാശമാണെന്ന് ചൂണ്ടിക്കാട്ടി ആര്‍ ബാലകൃഷ്ണപിള്ള വീണ്ടും രംഗത്ത് വന്ന സാഹചര്യത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യേണ്ടത് അനിവാര്യതയായി മാറും. തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയ ശേഷവും മുഖ്യമന്ത്രി പിള്ളയുടെ വീട്ടിലെത്തി ഗണേഷിനെ മന്ത്രിയാക്കുമെന്ന സൂചനകള്‍ നല്‍കിയതാണ്. തിരഞ്ഞെടുപ്പ് ഫലം വരും മുമ്പ് പുനഃസംഘടനക്ക് സാധ്യതയില്ലെങ്കിലും ചര്‍ച്ചകള്‍ തുടങ്ങിവെക്കാനെങ്കിലും മുഖ്യമന്ത്രി ശ്രമിക്കുമെന്നാണ് വിവരം.
പുനഃസംഘടനയെങ്കില്‍ നിലവിലുള്ളതില്‍ ആരെ മാറ്റുമെന്നതാണ് ആദ്യവെല്ലുവിളി. മറ്റു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തിരക്കുകളിലായതിനാല്‍ ഹൈക്കമാന്‍ഡ് ഇടപെടല്‍ ഉടന്‍ ഉണ്ടാകില്ല. ഗൗരിയമ്മക്കൊപ്പം പോകാത്ത ജെ എസ് എസിനെയും സി എം പിയിലെ സി പി ജോണ്‍ വിഭാഗത്തെയും യു ഡി എഫില്‍ നിലനിര്‍ത്തുന്നതും മുഖ്യചര്‍ച്ചാ വിഷയമാണ്. യു ഡി എഫില്‍ കക്ഷികളുടെ ബാഹുല്യമുണ്ടെന്ന പരാതി നിലനില്‍ക്കെയാണ് ആര്‍ എസ് പി കൂടി മുന്നണിയിലെത്തിയത്. ഷിബു ബേബി ജോണ്‍ വിഭാഗം ആര്‍ എസ് പിയില്‍ ലയിക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുതിയൊരു കക്ഷിയുടെ പ്രശ്‌നം ഉദിക്കുന്നില്ലെന്ന വാദവും ഉയരുന്നുണ്ട്.
ഗൗരിയമ്മയില്ലാത്ത ജെ എസ് എസ് മുന്നണിയില്‍ വേണ്ടെന്ന നിലപാടാണ് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ നേരത്തെ സ്വീകരിച്ചിരുന്നത്. രാജന്‍ബാബുവും കെ കെ ഷാജുവും നയിക്കുന്ന ജെ എസ് എസ് വിമത വിഭാഗം തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് യു ഡി എഫിനൊപ്പം സജീവമായിരുന്നു. അരവിന്ദാക്ഷന്റെ നേതൃത്വത്തില്‍ വലിയൊരു വിഭാഗം എല്‍ ഡി എഫുമായി സഹകരിച്ചെങ്കിലും സി പി ജോണ്‍ ഇപ്പോഴും യു ഡി എഫില്‍ ഉറച്ചു നില്‍ക്കുകയാണ്.

Latest