അക്രമം: കണ്ണൂരില്‍ നിന്ന് കേന്ദ്ര സേനയെ പിന്‍വലിക്കില്ല

Posted on: April 12, 2014 12:22 am | Last updated: April 12, 2014 at 12:22 am

കണ്ണൂര്‍: തിരഞ്ഞെടുപ്പ് സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി കണ്ണൂരിലെത്തിയ കേന്ദ്ര സേനാംഗങ്ങളില്‍ ഒരു വിഭാഗം ജില്ലയില്‍ തന്നെ തുടരും. തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു പലയിടങ്ങളിലും അക്രമം ഉണ്ടായ സാഹചര്യത്തില്‍ സേനയെ ഉടന്‍ തിരിച്ചയക്കേണ്ടതില്ലെന്നാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം.
വനിതാ വിഭാഗം ഉള്‍പ്പെടെ പത്ത് കമ്പനി കേന്ദ്ര സേനയായിരുന്നു കണ്ണൂരിലെത്തിയത്. ഏതാനും കമ്പനി തിരിച്ചുപോകുമെങ്കിലും ബാക്കിയുള്ളവരെ വോട്ടെണ്ണല്‍ നടക്കുന്നതു വരെ ഇവിടെ തന്നെ വിന്യസിക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ സംഘര്‍ഷമുണ്ടാകാന്‍ സാധ്യത ഉണ്ടെന്ന രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടുണ്ട്.
കൂടാതെ വോട്ടെണ്ണലിനോടനുബന്ധിച്ചും ജില്ലയില്‍ സംഘര്‍ഷമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് പോലീസ് റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് സേനയെ മുഴുവന്‍ തിരിച്ചയക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. ചുരുങ്ങിയത് അഞ്ച് കമ്പനി കേന്ദ്ര സേനയെങ്കിലും ജില്ലയില്‍ ഉണ്ടാകുമെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.