ലോക്‌സഭ: നാലാംഘട്ട വോട്ടെടുപ്പുകള്‍ തുടങ്ങി

Posted on: April 12, 2014 12:01 am | Last updated: April 13, 2014 at 7:11 am

voteeeeeeeeeeeന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പുകള്‍ തുടങ്ങി. നാല് സംസ്ഥാനങ്ങളിലായി ഏഴ് സീറ്റുകളിലേക്കാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഗോവ, അസം, ത്രിപുര, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ ഏഴ് മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. ഏഴ് മണ്ഡലങ്ങളിലായി 74 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. അമ്പത് ലക്ഷത്തിലധികം വരുന്ന വോട്ടര്‍മാരാണ് ഇവിടെ വിധിയെഴുതുക.
രണ്ട് മണ്ഡലങ്ങളുള്ള ഗോവയിലെ രണ്ടിടത്തും ഇന്നാണ് വോട്ടെടുപ്പ്. ഗോവ നോര്‍ത്ത്, ഗോവ സൗത്ത് മണ്ഡലങ്ങളിലായി പത്തൊമ്പത് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. കോണ്‍ഗ്രസിലെ രവി നായ്ക് , ബി ജെ പിയുടെ സിറ്റിംഗ് എം പി ശ്രീപാദ് നായ്ക്, എ എ പിയുടെ ദത്താറാം ദേശായ് എന്നിവരാണ് നോര്‍ത്ത് ഗോവയില്‍ നിന്നുള്ള പ്രമുഖ സ്ഥാനാര്‍ഥികള്‍. കോണ്‍ഗ്രസിന്റെ അലെക്‌സിയോ റെജിനാള്‍ഡോ ലോറന്‍സോ, ബി ജെ പിയുടെ നരേന്ദ്ര സവൈകര്‍, എ എ പിയുടെ സ്വാത് കേര്‍കര്‍ എന്നിവരാണ് സൗത്ത് ഗോവ മണ്ഡലത്തില്‍ നിന്നുള്ള പ്രമുഖ സ്ഥാനാര്‍ഥികള്‍. സൗത്ത് ഗോവയിലെ സിറ്റിംഗ് എം പിയായ ഫ്രാന്‍സിസ്‌കോ സര്‍ദിന്‍ഹക്ക് ഇത്തവണ കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കിയിട്ടില്ല.
രണ്ട് മണ്ഡലങ്ങളുള്ള ത്രിപുരയിലെ ത്രിപുര ഈസ്റ്റ് മണ്ഡലത്തിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ടമായ ഏപ്രില്‍ ഏഴിന് ത്രിപുരയിലെ ഒരു മണ്ഡലത്തില്‍ വോട്ടെടുപ്പ് നടന്നിരുന്നു. സി പി എം, തൃണമൂല്‍ കോണ്‍ഗ്രസ്, ബി ജെ പി, കോണ്‍ഗ്രസ് എന്നീ കക്ഷികളാണ് മത്സരരംഗത്തുള്ളത്. സി പി എം ശക്തികേന്ദ്രമായ ഇവിടെ സംസ്ഥാന വ്യവസായ മന്ത്രി ജിതേന്ദ്ര ചൗധരിയെയാണ് സി പി എം മത്സരിപ്പിക്കുന്നത്.
പതിനാല് മണ്ഡലങ്ങളുള്ള അസമിലെ മൂന്ന് മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്. അസമിലെ അഞ്ച് മണ്ഡലങ്ങളില്‍ ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നിരുന്നു. ആറ് മണ്ഡലങ്ങളില്‍ ആറാം ഘട്ടമായ 24നാണ് വോട്ടെടുപ്പ്. ഒരു മണ്ഡലം മാത്രമാണ് സിക്കിമിലുള്ളത്.