ഗ്രീക്ക് ബേങ്കിന് മുമ്പില്‍ കാര്‍ ബോംബ് സ്‌ഫോടനം

Posted on: April 10, 2014 11:02 pm | Last updated: April 10, 2014 at 11:02 pm

ഏതന്‍സ്: ഗ്രീക്ക് തലസ്ഥാനമായ ഏതന്‍സിലെ ബേങ്ക് ഓഫ് ഗ്രീക്ക് ആസ്ഥാനത്തിന് പുറത്ത് കാര്‍ ബോംബ് സ്‌ഫോടനം. സ്‌ഫോടനത്തില്‍ കെട്ടിടത്തിനും ഏതാനും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. എന്നാല്‍ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. രാവിലെ 6.30 നാണ് സ്‌ഫോടനം.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന രാജ്യത്ത് പൊതു കടമെടുപ്പ് വര്‍ധിപ്പിക്കാന്‍ ബേങ്ക് ഓഫ് ഗ്രീസ് പുതിയ ബോണ്ട് പുറത്തിറക്കിയതിന് പിറകേയാണ് സ്‌ഫോടനം. സ്‌ഫോടനം രാവിലെയായതിനാല്‍ ബേങ്ക് പരിസരത്ത് ആളുകള്‍ കുറവായിരുന്നു. സംഭവത്തിന് പിന്നില്‍ ആഭ്യന്തര തീവ്രവാദികളാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ബേങ്ക് സമുച്ചയത്തില്‍ നിന്ന് കുറഞ്ഞ ദൂരമേ പാര്‍ലിമെന്റ് മന്ദിരത്തിലേക്കുള്ളൂ എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. രാജ്യത്തിന് ഏറ്റവും കൂടുതല്‍ സാമ്പത്തിക സഹായം ചെയ്യുന്ന ജര്‍മനിയുടെ ചാന്‍ലസിലര്‍ ആഞ്ചലാ മെര്‍ക്കല്‍ ഗ്രീസിലെത്തുന്നതിന് ഒരു ദിവസം മുമ്പാണ് സ്‌ഫോടനമെന്നതും അധികാരികളെ കുഴക്കുന്നുണ്ട്. യൂറോപ്യന്‍ യൂനിയന്റെ ഗ്രീക്ക് രക്ഷാ പാക്കേജിലേക്ക് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത് ജര്‍മനിയാണ്.
സ്‌ഫോടനത്തിന്റെ തൊട്ടുമുമ്പ് പ്രമുഖ പത്രത്തിലേക്ക് രണ്ട് അജ്ഞാത ഫോണ്‍ സന്ദേശങ്ങള്‍ വന്നിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഈ സന്ദേശങ്ങളെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്.