കൈവെട്ടുകാരുടെ പാരമ്പര്യവിരോധം

Posted on: April 10, 2014 6:00 am | Last updated: April 9, 2014 at 10:02 pm

popular frontകേരളത്തിലെ പോപ്പുലര്‍ ഫ്രണ്ടിന്റെ കാര്‍മികത്വത്തില്‍ പുറത്തിറങ്ങുന്ന തേജസ് ദൈ്വവാരികയുടെ മാര്‍ച്ച് 16 ലക്കം മലയാളി വായനക്കാര്‍ക്ക് ആത്മീയതയിലെ നെല്ലും പതിരും വേര്‍തിരിച്ച് മനസ്സിലാക്കാന്‍ പര്യാപ്തമാണെന്നത് നല്ല കാര്യം! അവരുടെ തന്നെ കാര്‍മികത്വത്തില്‍ രംഗപ്രവേശം ചെയ്ത എസ് ഡി പി ഐ എന്ന രാഷ്ട്രീയ സംഘടന ഈ മീനച്ചൂടില്‍ മാന്യ വോട്ടര്‍മാര്‍ക്ക് ചൂടാറ്റാന്‍ ഫാനുമായി വോട്ട് തേടിയിറങ്ങുന്ന തിരക്കുപിടിച്ച സന്ദര്‍ഭത്തില്‍ പോലും ഇസ്‌ലാമിന്റെ ആത്മസത്തയെക്കുറിച്ചുള്ള വേവലാതി തങ്ങളുടെ മുഖപത്രത്തിലൂടെ സമൂഹത്തെ ബോധ്യപ്പെടുത്താന്‍ തീരുമാനിച്ചത് അല്‍പ്പം ‘നെഞ്ചൂക്കുള്ള’ കാര്യം തന്നെയാണ്.
കൊടിക്കൂറകള്‍ വലിച്ചു കെട്ടിയും ശരീരത്തില്‍ ചായം തേച്ചും തെരുവോരങ്ങളില്‍ ആര്‍പ്പും ആരവവുമായി രാഷ്ട്രീയ സാന്നിധ്യം വിളംബരപ്പെടുത്താന്‍ ഇറങ്ങിപ്പുറപ്പെടുമ്പോഴും സാമുദായിക ആത്മീയത നഷ്ടപ്പെടാതിരിക്കാനുള്ള അതീവ ജാഗ്രതയായിട്ടു വേണം തേജസിന്റെ ഇടപെടലിനെ നിരീക്ഷിക്കാന്‍. ഒരു കാര്യം ആര്‍ക്കും സമ്മതിച്ചു കൊടുക്കേണ്ടിവരും. രാഷ്ട്രീയത്തിലിറങ്ങിയാല്‍ പിന്നെ മതവും ആത്മീയതയുമൊന്നും അത്ര പ്രശ്‌നമാകാറില്ല. അരമനകളിലും മഠങ്ങളിലും കയറിയിറങ്ങുന്നതിലോ സോമയാഗ വേദിയില്‍ നിരയൊപ്പിക്കുന്നതിലോ രാഷ്ട്രീയത്തിലാകുമ്പോള്‍ മാനസിക പിരിമുറുക്കം അനുഭവപ്പെടാറില്ല. എന്നാല്‍ നമ്മുടെ പഴയ എന്‍ ഡി എഫുകാരുടെ ജീനുകളില്‍ ഒരു ഘടനാ മാറ്റവും വരുത്താന്‍ ആധുനിക രാഷ്ട്രീയ സമസ്യകള്‍ക്കാകില്ലെന്നത് അത്ര ചെറിയ കാര്യമൊന്നുമല്ല. പുത്തന്‍ രാഷ്ട്രീയ കൂട്ടുകാര്‍ക്ക് ഇപ്പോഴും വര്‍ഗശത്രുക്കള്‍ വര്‍ഗശത്രുക്കള്‍ തന്നെയാണ്. കാരണം ഈ ജീനുകളില്‍ കുത്തിയിറക്കപ്പെട്ട പാരമ്പര്യവിരോധവും സുന്നിവിരോധവും പഴയ വര്‍ഗവീര്യത്തില്‍ തന്നെ തുടരും. ഇതാണ് ആദര്‍ശ രാഷ്ട്രീയ പ്രവര്‍ത്തനം. മര്‍കസായാലും തിരുകേശമായാലും മഖ്ബറകളായാലും ഉള്ളില്‍ ഒളിപ്പിച്ചുവെച്ച സുന്നി വിരോധം പഴയ എന്‍ ഡി എഫുകാര്‍ക്ക് നാല് വോട്ടിന് വേണ്ടി വലിച്ചെറിയാനാകില്ല.
ജമാഅത്തെ ഇസ്‌ലാമിയുടെ ബിനാമിയായ വെല്‍ഫെയര്‍ പാര്‍ട്ടിയും പോപ്പുലര്‍ ഫ്രണ്ടിന്റെ എസ് ഡി പി ഐയും ഒരേ തൂവല്‍ പക്ഷികളാണെന്നത് ആഴത്തില്‍ അറിയാന്‍ വൈകിപ്പോയവര്‍ ആരെങ്കിലും ഉണ്ടായിരുന്നുവെങ്കില്‍ അത്തരക്കാര്‍ക്ക് വലിയൊരു അവസരമാണ് വീണുകിട്ടയത്. രാഷ്ട്രീയ ഇസ്‌ലാമിന് വേണ്ടി ചേച്ചിമാരെയും ചേട്ടന്മാരെയും അയ്യങ്കാളിയെയും എഴുന്നള്ളിച്ച് ദേശീയ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറ്റിയെഴുതാന്‍ രണ്ടും കല്‍പ്പിച്ച് ഇറങ്ങിത്തിരിച്ച ജമാഅത്തെ ഇസ്‌ലാമി ഈ സന്നിഗ്ധ ഘട്ടത്തിലും ആദര്‍ശവൈരം കൈവിട്ടിട്ടില്ല. മാധ്യമവും പ്രബോധനവും ധീരമായി ‘ആദര്‍ശം’ വിളമ്പുക തന്നെയാണ്. രാഷ്ട്രീയം പാലം കടന്നാലും ഇല്ലെങ്കിലും മൗദൂദി ഫിലോസഫി വിട്ട് ഒരു കളിയുമില്ലെന്ന് അവരും ഉറപ്പിച്ചുകഴിഞ്ഞു.
പഴയ മൗദൂദി സിദ്ധാന്തത്തില്‍ വെള്ളം ചേര്‍ക്കാതെ കൊണ്ടുനടക്കുന്നവരുടെ കൂടാരം തന്നെയാണ് തേജസിന്റെ പിന്നിലെന്ന വിചാരം നേരത്തെത്തന്നെ ശക്തമാണ്. ഇടക്കാലത്ത് മൗദൂദി പത്രത്തില്‍ നിന്നും ആട്ടിപ്പുറത്താക്കിയ ‘0’സഹോദരന് കൂടുതല്‍ ആലോചനകളില്ലാതെ തന്നെ ഇവിടെ കയറിപ്പറ്റാന്‍ കഴിഞ്ഞതും ഈ കൂടപ്പിറപ്പ് സ്‌നേഹബലത്തില്‍ തന്നെയായിരുന്നു. കുറച്ച് കാലമായി മൗദൂദി പത്രങ്ങള്‍ കാന്തപുരത്തിന്റെയും മര്‍കസിന്റെയും പിന്നിലുണ്ടായിരുന്നു. കാന്തപുരം ഗുജ്‌റാത്തിലെത്തിയപ്പോള്‍ മൗദൂദി പത്രങ്ങള്‍ ബൈനോക്കുലറുമായി അനുഗമിച്ചു. ആഴത്തിലുള്ള ഗവേഷണങ്ങളാലും ഇന്‍വെസ്റ്റിഗേഷന്‍ ജേര്‍നലിസത്താലും വായനക്കാര്‍ക്ക് ഹരമുള്ള വിരുന്നൊരുക്കി. ‘നിങ്ങള്‍ രാഷ്ട്രീയത്തിലിറങ്ങിയപ്പോള്‍ മതവും ആത്മീയതയുമൊക്കെ മറന്നുവല്ലേ?’ എന്ന് ഇടനിലക്കാരാരെങ്കിലും പരിഹസിച്ചോ ആവോ. ഈ കുറ്റബോധത്താലായിരിക്കണം തേജസ് കാളകൂടവിഷം വായനക്കാരനിലേക്ക് ചൊരിയാന്‍ തീര്‍ച്ചപ്പെടുത്തിയത്. കാന്തപുരത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന കേരളത്തിലെ സുന്നി ജാഗരണത്തെ പുച്ഛിച്ചില്ലെങ്കില്‍ ഉള്ളിലൊളിപ്പിച്ചുവെച്ച മൗദൂദി ദര്‍ശനം കൈമോശം വന്നുപോകുമെന്ന് ഭയപ്പെട്ടിരിക്കണം. അതായിരിക്കണം മുജാഹിദ് പ്രസ്ഥാനത്തിലെ യുവ എഴുത്തുകാരനടക്കമുള്ളവരെ എഴുന്നള്ളിച്ച് തേജസിന്റെ പുതിയ ലക്കം കെങ്കേമമാക്കിയത്. വല്ലാത്തൊരു കുറ്റബോധം തന്നെയാണിത്. അല്ലെങ്കില്‍ ഇതൊന്നുമറിയാതെ ബാബരി മസ്ജിദും ഗുജറാത്തും മുസാഫറാബാദും മോദി ഭീഷണിയും മറ്റു ദേശീയ മുസ്‌ലിം വിഷയങ്ങളും പറഞ്ഞ് മുസ്‌ലിം ഞരമ്പുകളില്‍ തീ പിടിപ്പിച്ച് നാട്ടിന്‍പുറത്ത് നിന്ന് നാല് വോട്ട് ഒപ്പിച്ചെടുക്കാന്‍ കൈവീശിയും മോണ കാട്ടിച്ചിരിച്ചും ഇറങ്ങിത്തിരിച്ച മഹാ സാധുക്കളെ നിരാശപ്പെടുത്തി മുഖപത്രം കാന്തപുരംവിരോധം കുത്തിനിറക്കുമോ?
രാഷ്ട്രീയത്തിലിറങ്ങിയാല്‍ പിന്നെ ബുദ്ധിജീവികളിലും ജീര്‍ണതകളൊക്ക ബാധിച്ച് ചിന്താപരമായ മരവിപ്പുണ്ടാകുമെന്ന് മുന്‍പ് ആരോ പറഞ്ഞത് ഓര്‍മവരികയാണിപ്പോള്‍. ഇതൊക്കെ കാണുമ്പോള്‍ അങ്ങനെയാണ് ചിന്തിച്ചുപോയത്. നാല് വോട്ടിന് വേണ്ടി എന്ത് മലക്കംമറിച്ചിലും നടത്താന്‍ മത്സരിക്കുമ്പോഴും ഒളിപ്പിച്ചുവെക്കാനൊന്നുമില്ലാതെ മൗദൂദി ദര്‍ശനത്തില്‍ ചാലിച്ചെടുത്ത ‘ആത്മീയ ചൂഷണത്തിനെതിരെ’ ഈ ഇരുപത്തിനാലാം മണിക്കൂറിലാരെങ്കിലും ജിഹാദിനിറങ്ങുമോ? ഗുജറാത്തും മുസാഫറാബാദും ബാബരി മസ്ജിദും പറഞ്ഞാല്‍ പിന്നെ മറ്റൊന്നും ചിന്തിക്കാതെ കനിയുന്നവരാണ് ഈ പാവം സുന്നികളെന്ന് ഇക്കൂട്ടര്‍ വിചാരിച്ചുവോ ആവോ? എങ്കില്‍ അതൊരു വലിയ തമാശ മാത്രമാണ്. കേരളത്തിലെ സുന്നി പ്രവര്‍ത്തകന്മാര്‍ കണ്ണും കാതുമുള്ളവരാണ്. ഇസ്‌ലാമിക മുന്നേറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് വെളിച്ചം നല്‍കിയ ജീവിച്ചിരിക്കുന്നവരും മണ്‍മറഞ്ഞവരുമായ മഹത്‌വ്യക്തികളെയും അവരുടെ ധീരമായ പ്രവര്‍ത്തനങ്ങളെയും പരിഹസിക്കുന്നവരോട് ഒരു തുള്ളിയും തിരിച്ച് പ്രതീക്ഷിക്കേണ്ടതില്ല.