മാഞ്ഞാമ്പ്ര പറയര്‍ കോളനി വാസികള്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കും

Posted on: April 9, 2014 10:04 pm | Last updated: April 9, 2014 at 10:04 pm

പട്ടാമ്പി: അവഗണന അവസാനിപ്പിച്ച് വികസനം കൊണ്ടുവരുന്നവര്‍ക്ക് മാത്രമെ വോട്ട് ചെയ്യുകയുള്ളൂവെന്ന് മാഞ്ഞാമ്പ്ര പറയര്‍ കോളനി വാസികള്‍. വിവിധ ആവശ്യങ്ങളുന്നയിച്ച് കോളനിയിലെ അഞ്ഞൂറോളം കുടുംബങ്ങള്‍ ഇന്ന് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കും.
മാഞ്ഞാമ്പ്ര പറയര്‍ കോളനി വാസികള്‍ അവഗണനയുടെ തുരുത്തിലാണ്. തിരുവേഗപ്പുറ പഞ്ചായത്തിലെ വിളത്തൂര്‍ സ്‌കൂള്‍ – മാഞ്ഞാമ്പ്ര പറയര്‍ കോളനിയിലേക്കുള്ളകയാണ്. കഴിഞ്ഞ 35 വര്‍ഷമായി കോളനി വാസികള്‍ അധികൃതരുടെ അവഗണനയില്‍ കഴിയുകയാണ്. റോഡിന്റെ ശോച്യാവസ്ഥ മൂലം വാഹനങ്ങള്‍ വരാതായി. ഇരുചക്ര വാഹനങ്ങള്‍ക്ക് പോലും സഞ്ചാര യോഗ്യമല്ലാത്ത വിധം റോഡ് പൊട്ടിപ്പൊളിഞ്ഞിരിക്കയാണ്.
400 മീറ്റര്‍ ചെങ്കുത്തായ റോഡില്‍ നിറയെ കുണ്ടും കുഴിയുമാണ്. വര്‍ഷക്കാലത്താണ് ഏറെ ദുരിതം. മഴക്കാലമാകുന്നതോടെ നാട്ടുകാര്‍ക്ക് നടക്കാന്‍പോലും പറ്റാത്ത വിധം മലിനജലം കെട്ടി നിന്ന് റോഡ് ചെളിക്കുളമാകും. പ്രാഥമിക ആരോഗ്യ കേന്ദ്രം, പോസ്റ്റ് ഓഫീസ്, അറേക്കാവ് ക്ഷേത്രം എന്നിവിടങ്ങളിലേക്ക് പ്രദേശവാസികള്‍ക്ക് എത്താന്‍ പ്രധാന യാത്രാമാര്‍ഗമായ റോഡ് വര്‍ഷങ്ങളായി തകര്‍ന്നിട്ടും അധികൃതര്‍ക്ക് അനക്കമില്ല. നിരവധി തവണ പരാതി നല്‍കിയെങ്കിലും പരിഹാരമുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കോളനിയില്‍ കുടിവെള്ള ക്ഷാമവും രൂക്ഷമാണ്. തിരുവേഗപ്പുറ പഞ്ചായത്തിന്റെ വക കോളനിയില്‍ വാട്ടര്‍ ടാങ്കും പൈപ്പുമുണ്ടെങ്കിലും പ്രവര്‍ത്തനക്ഷമമല്ല. തൂതപ്പുഴയില്‍ നിന്നാണ് ഇവിടേക്ക് കുടിവെള്ളം എത്തിക്കുന്നത്. അത് തന്നെ തോന്നിയപോലെയാണ് ജലവിതരണം.
മാഞ്ഞാമ്പ്രയിലെ കുടിവെള്ള പദ്ധതി നന്നാക്കാന്‍ പഞ്ചായത്ത് ഫണ്ട് നീക്കിവെച്ചിട്ടുണ്ടെങ്കിലും നടപടിയായിട്ടില്ല. പ്രദേശത്ത് വോള്‍ട്ടേജ് ക്ഷാമവും രൂക്ഷമാണ്. ഇതിനെല്ലാം പരിഹാരം കാണാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയുമെങ്കില്‍ മാത്രമെ വോട്ട് ചെയ്യൂവെന്ന ഉറച്ച നിലപാടിലാണ് നാട്ടുകാര്‍.