കരുണാകരന്റെ രാജി; കാര്യങ്ങള്‍ പുറത്തുപറഞ്ഞാല്‍ പലര്‍ക്കും വിഷമമാകും: പത്മജ

Posted on: April 9, 2014 10:16 am | Last updated: April 9, 2014 at 10:16 am

തൃശൂര്‍: പഴയ കാര്യങ്ങള്‍ പോസ്റ്റംമോര്‍ട്ടം ചെയ്യാന്‍ താത്പര്യമില്ലെന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി പത്മജ വേണുഗോപാല്‍. പല കാര്യങ്ങളും പുറത്തു പറഞ്ഞാല്‍ പലര്‍ക്കും വിഷമമാകും. തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ അത്തരം കാര്യങ്ങളിലേക്ക് ആരും കടക്കാതിരിക്കുകയാകും നല്ലത്. കരുണാകരന്റെ രാജിയുടെ തുടക്കം ചാരക്കേസായിരുന്നുവെങ്കിലും രാജി അതുകൊണ്ടായിരുന്നില്ല. ചാരക്കേസിനെ തുടര്‍ന്നല്ല കെ കരുണാകരന്റെ രാജിയെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ തൃശൂര്‍ പ്രസ്‌ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു പത്മജ. കരുണാകരനോടൊപ്പമുണ്ടായിരുന്നവരെ ഒഴിവാക്കുന്നുവെന്ന ആക്ഷേപമില്ല. പക്ഷേ വ്യക്തിപരമായ വിഷമങ്ങള്‍ കൊണ്ടുനടക്കുന്നവരാണ് തങ്ങള്‍, അത് പുറത്തു പറയാതിരിക്കുന്നത് എല്ലാവരും ഒരുമിച്ച് പോകുന്നതിന് വേണ്ടിയാണ്. ചാരക്കേസിനെ തുടര്‍ന്നല്ല കരുണാകരന്റെ രാജിയെന്നത് ശരിയാണ്. എന്നാല്‍ തുടക്കം അത് തന്നെയാണ്. അതല്ലെന്ന് പറഞ്ഞാല്‍ താന്‍ കള്ളിയാകും. ചാരക്കേസിനൊപ്പം പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങളും മറ്റുചില കാരണങ്ങളും മാധ്യമങ്ങളും കരുണാകരനെ വേട്ടയാടിയിട്ടുണ്ട് പത്മജ പറഞ്ഞു.
അടുത്തറിയാവുന്ന പലകാര്യങ്ങളും പുറത്തുപറയാന്‍ തുടങ്ങിയാല്‍ പാര്‍ട്ടിയുടെ സ്ഥിതി എന്താകുമെന്നായിരുന്നു പത്മജയുടെ മറുചോദ്യം. അതിശക്തമായിരുന്ന ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് പ്രവര്‍ത്തകര്‍ മാറിയിട്ടുണ്ട്. തൃശൂരില്‍ വിജയസാധ്യത കുറവായിരുന്നുവെന്ന് പറഞ്ഞ പത്മജ ഇപ്പോള്‍ ആത്മവിശ്വാസത്തിലാണെന്നും വ്യക്തമാക്കി. പരാജയത്തിന് ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക് മാത്രമല്ല. എല്ലാ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമുണ്ട്. തൃശൂരില്‍ ധനപാലന്‍ പരാജയപ്പെട്ടാല്‍ ഉത്തരവാദിയാക്കാനുള്ള നീക്കം നടക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് തനിക്ക് അതില്‍ എതിര്‍പ്പില്ലെന്നും തന്റെ തൊലിക്ക് നല്ല കട്ടിയാണെന്നും ആക്ഷേപങ്ങള്‍ നിരവധി കേട്ടതാണെന്നുമായിരുന്നു മറുപടി. ആര്‍ എസ് പിയുടെ വരവിനെ കുറിച്ചുള്ള പീതാംബര കുറുപ്പിന്റെ പ്രസ്താവനയോട് യോജിപ്പില്ല. രാഷ്ട്രീയത്തില്‍ നിത്യശത്രുതയില്ലെന്നാണ് പിതാവ് തന്നെ പഠിപ്പിച്ചിരിക്കുന്നത്. താന്‍ അതില്‍ വിശ്വസിക്കുന്നു. തൃശൂര്‍, ചാലക്കുടി മണ്ഡലമാറ്റം ജയ സാധ്യതയെ ബാധിക്കില്ല. രണ്ട് മണ്ഡലങ്ങളും വിജയിക്കും. കരുണാകരന്റെ രാജിയെ പരാമര്‍ശിച്ച് തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി തെറ്റു തിരുത്തുമെന്ന് പ്രതീക്ഷിക്കാമോയെന്ന ചോദ്യത്തിന് അത് മുഖ്യമന്ത്രി തന്നെ തീരുമാനിക്കേണ്ടതാണെന്നും, ഇപ്പോള്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് തനിക്ക് അഭിപ്രായമില്ല.
മന്ത്രിസഭാ പുനസംഘടന മുഖ്യമന്ത്രിയാണ് തീരുമാനിക്കേണ്ടതെന്നും പത്മജ വ്യക്തമാക്കി. ഡി സി സി വൈസ് പ്രസിഡന്റ് സി എന്‍ ഗോവിന്ദന്‍കുട്ടിയും പത്മജയോടൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.