മമത വഴങ്ങി; തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ മാറ്റും

Posted on: April 9, 2014 9:04 am | Last updated: April 10, 2014 at 12:24 am

mamathaകൊല്‍ക്കത്ത/ ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് കമ്മീഷനും മമതാ ബാനര്‍ജിയും തമ്മിലുള്ള ഏറ്റുമുട്ടല്‍ അവസാനിക്കുന്നു. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് എട്ട് ഉദ്യോഗസ്ഥരെ മാറ്റണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യം അംഗീകരിക്കാമെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മാറ്റാതിരുന്നാല്‍ പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് റദ്ദാക്കാന്‍ മടിക്കില്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയിപ്പ് വന്നതിന് പിന്നാലെയാണ് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഉറച്ച നിലപാടില്‍ നിന്ന് മാറിയത്. എന്നാല്‍, ഡ്യൂട്ടിയില്‍ നിന്ന് മാറ്റുന്ന ഉദ്യോഗസ്ഥര്‍ക്ക് പകരം ആരെ നിയമിക്കണമെന്നത് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജിയുടെ വക്താവ് തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ മാറ്റണമെന്ന ഉറച്ച തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതിയതിന് പിന്നാലെയാണ് സര്‍ക്കാറിന്റെ തീരുമാനം. സംസ്ഥാന സര്‍ക്കാറുമായി കൂടിയാലോചിക്കാതെയാണ് ഉദ്യോഗസ്ഥരെ മാറ്റാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചതെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതിപക്ഷ പാര്‍ട്ടികളുടെ പരാതിയെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്നും അഞ്ച് എസ് പിമാര്‍, ജില്ലാ മജിസ്‌ട്രേറ്റ്, രണ്ട് അസിസ്റ്റന്റ് മജിസ്‌ട്രേറ്റുമാര്‍ എന്നിവരെ മാറ്റാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടത്. ഇവര്‍ക്ക് പകരം ആര്‍ക്കൊക്കെയാണെ് ഔദ്യോഗിക സ്ഥാനം നല്‍കേണ്ടതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനുമായി തുറന്ന പോര് നടത്തിയ സാഹചര്യത്തില്‍ പുതിയ ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാറിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിട്ടുകൊടുക്കുമോയെന്നത് സംശയാസ്പദമാണ്.
അങ്ങനെ വന്നാല്‍ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാകാനാണ് സാധ്യതയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മമതാ ബാനര്‍ജിയുടെ കര്‍ശന നിലപാട് തിരഞ്ഞെടുപ്പില്‍ ദോശം ചെയ്യുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു.
തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വന്‍ഭൂരിപക്ഷം ലഭിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷനുമായി മമത തുറന്ന പോരിന് ഇറങ്ങിയിരുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് മമത ഉന്നയിക്കുന്നത്. ഇന്നലെ മമത പങ്കെടുത്ത തിരഞ്ഞെടുപ്പ് യോഗങ്ങളിലും തിരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിക്കുന്ന പ്രസംഗങ്ങളാണ് മമത നടത്തിയത്. തന്റെ പേരില്‍ കുറ്റം ചുമത്തിയിട്ടല്ലാതെ ഉദ്യോഗസ്ഥരെ മാറ്റാന്‍ സാധിക്കില്ലെന്ന് മമത വ്യക്തമാക്കിയിരുന്നു.