Connect with us

Malappuram

പലയിടത്തും പോലീസ് ലാത്തിവീശി; കൊട്ടിക്കയറി കൊട്ടിക്കലാശം

Published

|

Last Updated

മലപ്പുറം: ആടിയും പാടിയും പരസ്യപ്രചാരണം രാഷ്ട്രീയ പാര്‍ട്ടികള്‍ ആഘോഷമാക്കി മാറ്റി. ഇതോടെ കഴിഞ്ഞ ഒരുമാസമായി തുടരുന്ന പരസ്യപ്രചാരണത്തിന് ആവേശകരമായ സമാപനമായി.

ജില്ലയില്‍ മലപ്പുറം, പെരിന്തല്‍മണ്ണ, തിരൂര്‍, കോട്ടക്കല്‍, എടക്കര, കരുളായി, വേങ്ങര, കൊണ്ടോട്ടി, വളാഞ്ചേരി, എടപ്പാള്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും കൊട്ടിക്കലാശം നടന്നത്. ചിലയിടങ്ങളില്‍ നേരിയ രീതിയില്‍ സംഘര്‍ഷവുമുണ്ടായി. പെരിന്തല്‍മണ്ണ, ചങ്കുവെട്ടി, തിരൂര്‍, കൊണ്ടോട്ടി, എന്നിവിടങ്ങളില്‍ പോലീസ് ലാത്തിവീശി. ഉച്ചയോടെയാണ് തന്നെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊട്ടിക്കലാശം നടക്കുന്ന സ്ഥലങ്ങളില്‍ കേന്ദ്രീകരിച്ച് തുടങ്ങിയിരുന്നു. പാര്‍ട്ടികളുടെ പതാകകള്‍ ഉയര്‍ത്തി വീശിയും ചായം പൂശിയും സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് ചിഹ്നങ്ങളുയര്‍ത്തിയും മുദ്രാവാക്യം വിളിച്ചും പ്രചാരണത്തന്റെ അവസാന മണിക്കൂറുകള്‍ നഗരങ്ങളെ ശബ്ദമുഖരിതമാക്കി. എല്ലായിടത്തും വാഹനഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു.
മലപ്പുറം കെ എസ് ആര്‍ ടി സി ബസ്റ്റാന്റിന് മുന്നിലായിരുന്നു എല്‍ ഡി എഫ്, യു ഡി എഫ്, എസ് ഡി പി ഐ, വെല്‍ഫെയര്‍പാര്‍ട്ടി പ്രവര്‍ത്തകര്‍ കേന്ദ്രീകരിച്ചത്. മൂന്ന് മണിമുതല്‍ ഇവിടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കൈയടിക്കിയിരുന്നു. കോട്ടപ്പടിയിലായിരുന്നു ബി ജെ പിയുടെ കൊട്ടിക്കലാശം എത്തിയത്.ബാന്റ് മേളങ്ങളും കോല്‍ക്കളി പാട്ടുകളും ശിങ്കാരിമേളവുമെല്ലാമായി കൊട്ടിക്കലാശം ശരിക്കും കൊട്ടിക്കയറുന്ന കാഴ്ചയായിരുന്നു എല്ലായിടത്തും പ്രകടമായത്.
മലപ്പുറത്ത് എല്‍ ഡി എഫ്- മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ നേര്‍ക്കുനേരെ വന്നതോടെ പോലീസ് ഇടപെട്ടു. ഇതേ തുടര്‍ന്ന് കര്‍ണാടക പോലീസ് ഉള്‍പ്പെടെയുള്ളവര്‍ ഇവിടെ കേന്ദ്രീകരിച്ചു പ്രശ്‌നസാധ്യത ഒഴിവാക്കി. ആറ് മണിയോടെ തന്നെ പ്രചാരണം അവസാനിപ്പിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ ഇന്ന് നിശബ്ദ പ്രചാരണവുമായി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങും.