Connect with us

Wayanad

കൊട്ടിക്കലാശം കഴിഞ്ഞു; ഇനി നിശ്ശബ്ദ പ്രചരണം

Published

|

Last Updated

കല്‍പ്പറ്റ: തിരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറില്‍ നഗങ്ങളെയും ഗ്രാമങ്ങളെയയും ഉത്സവച്ഛായയിലാക്കി പരസ്യ പ്രചാരണത്തിന് സമാപനമായി. കല്‍പ്പറ്റയില്‍ യു ഡി എഫ്, എല്‍ ഡി എഫ് സ്ഥാനാര്‍ഥികളേയും രംഗത്തിറക്കിയായിരുന്നു കലാശക്കൊട്ട്.
ഇരുവിഭാഗങ്ങളും വാശിയോടെ ഇരുചക്രവാഹനങ്ങളിലും മറ്റു വാഹനങ്ങിലുമായും പ്രകടനമായുമാണ് അവസാന നിമിങ്ങള്‍ പ്രചാരണത്തിനായി ചെലവഴിച്ചത്. ഇരു സ്ഥാനാര്‍ഥികളുടെ തുറന്ന വാഹനത്തിലാണ് നഗരം ചുറ്റി വോട്ടഭ്യര്‍ഥിച്ചത്. വന്‍ സുരക്ഷാ സന്നാഹത്തോടെയായിരുന്നു പ്രചാരണം. ബി ജെ പി, എസ് ഡി പി ഐ, സ്വതന്ത്ര സ്ഥാനാര്‍ഥി പി വി അന്‍വര്‍ തുടങ്ങിയവരും കല്‍പ്പറ്റയില്‍ പ്രചാരണത്തിന് മുന്നിട്ടിറങ്ങിയിരുന്നു. ഇത്തവണ ജില്ലയിലെ ഗ്രാമങ്ങളില്‍മാത്രം ഒതുങ്ങിയ രീതിയിലാണ് അവസാനഘട്ട പ്രചാരണം. മുന്‍കാലങ്ങളില്‍ ഗ്രാമ, നഗര വ്യത്യാസമില്ലാതെ തിരഞ്ഞെടുപ്പിന്റെ പ്രചാരണം സജീവമായിരുന്നു.
കൊച്ചുഗ്രാമങ്ങളിലും നാട്ടു കവലകളിലും ഏത് പൊരിവെയിലത്തും സ്ഥാനാര്‍ഥികളും പരിവാരങ്ങളും എത്തും. അവരെക്കാത്ത് നാട്ടുമ്പുറങ്ങളിലെ ചായക്കടകളിലും മറ്റുമായി ഏതാനും പേര്‍ തമ്പടിക്കും. ആ കാലം വിദൂരത്തല്ല. ഇന്നും ആ പഴമയുടെ നാട്ടുകാഴ്ച ജില്ലയിലെ ചിലയിടങ്ങളില്‍ കാണാം. അതുമാത്രമാണ് ഇക്കുറി തിരഞ്ഞെടുപ്പിന്റെ ആവേശം കാണിക്കുന്നത്. നഗരങ്ങളില്‍ റോഡ് ഷോ ചില സ്ഥാനാര്‍ഥികള്‍ നടത്തിയിരുന്നു. കഴിഞ്ഞകാലങ്ങളെ അപേക്ഷിച്ച് ഇത്തവണ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടായിരുന്നു ഗ്രാമങ്ങളിലെ ചര്‍ച്ചാവിഷയം. കാര്‍ഷികകടം എഴുതിത്തള്ളിയതും വിളകള്‍ക്ക് ഉയര്‍ന്നവില ലഭിച്ചതും തൊഴിലുറപ്പ് പദ്ധതിയും ഒക്കെയായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വിഷയം. റബര്‍ വിലയിടിവും പെട്രോള്‍വില വര്‍ധനയും ഗ്രാമങ്ങളില്‍ ചൂടേറിയ ചര്‍ച്ച തന്നെ. ഇതിനിടയില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ഉയര്‍ത്തിപ്പിടിച്ച് സ്വതന്ത്രരും രംഗത്തുണ്ടായിരുന്നു.
കര്‍ഷക സംഘടനകള്‍ക്കും സ്ഥാനാര്‍ഥികളുണ്ട്. ചര്‍ച്ചകളില്‍ നിറയുന്നത് ഗ്രാമത്തിന്റെ നൈസര്‍ഗികമായ നിഷ്‌കളങ്കതയാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഫഌക്‌സ് ബോര്‍ഡുകളും പരസ്യങ്ങളും ഗ്രാമവീഥികളാണ് കൈയടക്കിയിരിക്കുന്നത്. കവുങ്ങിനും തെങ്ങിനും മുകളിലും ഗ്രാമത്തിലെ നാല്‍ക്കവലകളിലും ബോര്‍ഡുകള്‍ ഇടംപിടിച്ചു. ചെറു ചായക്കടകളിലും മറ്റും ചര്‍ച്ച മുറുകുന്നതിനിടയില്‍ എന്തിന് വോട്ടുചെയ്യണം എന്ന് ചിന്തിക്കുന്നവരും ചുരുക്കമല്ല. വന്‍ സുരക്ഷാ സന്നാഹത്തോടെയായിരുന്നു പ്രചാരണം.അതിനാല്‍ തന്നെ എവിടെയും പ്രശ്‌നങ്ങളുണ്ടാക്കാന്‍ കഴിഞ്ഞില്ല. നാളെ രാവിലെ ഏഴ് മുതല്‍ വോട്ടെടുപ്പ് ആരംഭിക്കും. വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. 11 മണിക്കൂര്‍ സമയം വോട്ട് ചെയ്യാന്‍ ലഭിക്കും.
ആറ് മണിക്ക് വരിയില്‍ നില്‍ക്കുന്നവരെ സ്ലിപ്പ് നല്‍കി വോട്ട് ചെയ്യാന്‍ അനുവദിക്കും. വോട്ട് ചെയ്യാനെത്തുന്നവര്‍ വരിയായി വേണം ബൂത്തില്‍ പ്രവേശിക്കാന്‍. പരമാവധി ഒരേ സമയം ബൂത്തിലേക്ക് മൂന്ന്/നാല് പേരെ മാത്രമെ പ്രവേശിപ്പിക്കുകയുള്ളൂ. അംഗവൈകല്യമുള്ളവര്‍ക്കും കൈക്കുഞ്ഞുങ്ങളുമായി വരുന്ന അമ്മമാര്‍ക്കും മുന്‍ഗണന ലഭിക്കും.
ബൂത്തിനകത്ത് പ്രവേശിച്ചാല്‍ ഒന്നാം പോളിങ് ഓഫീസറെ സമിപിച്ച് തിരിച്ചറിയല്‍ രേഖ കാണിക്കണം. വോട്ടര്‍പട്ടികയുടെ മാര്‍ക്ക് ചെയ്ത കോപ്പി ഇയാളുടെ കൈവശമുണ്ടാകും. യഥാര്‍ത്ഥ വോട്ടറാണെന്നും വോട്ട് ചെയ്തിട്ടില്ലെന്നും ഉറപ്പായാല്‍ നിങ്ങളുടെ പേരും ക്രമനമ്പറും വിളിച്ചുപറയും. പോളിങ് ഏജന്റുമാര്‍ നിങ്ങളുടെ ഐഡന്റിറ്റി അംഗീകരിച്ചാല്‍ രണ്ടാമത്തെ പോളിങ് ഓഫീസറുടെ മുമ്പിലെത്തണം. ആ ഓഫിസര്‍ ഇടതു കൈയ്യിലെ ചൂണ്ടുവിരലില്‍ മഷിപുരട്ടും.
നഖത്തിന്റെ അറ്റം മുതല്‍ വിരലിലെ ആദ്യമടക്ക് വരെയാണ് മഷി പുരട്ടുക. മഷി മായ്ച്ച് കളയാന്‍ പാടില്ല. പിന്നീട് വോട്ടേഴ്‌സ് രജിസ്റ്ററില്‍ ഒപ്പ് രേഖപ്പെടുത്തണം. വിരലടയാളവും പതിക്കണം. ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ വോട്ടേഴ്‌സ് രജിസ്റ്ററിലെ ക്രമ നമ്പറും വോട്ടര്‍ പട്ടികയിലെ ക്രമ നമ്പറും രേഖപ്പെടുത്തിയ പോളിങ് ഓഫിസര്‍ ഒപ്പിട്ട സ്ലിപ്പ് നല്‍കും. മൂന്നാമത്തെ പോളിങ് ഓഫീസര്‍ക്ക് ഈ സ്ലിപ് നല്‍കണം. തുടര്‍ന്ന് ഈ ഓഫിസര്‍ കണ്‍ട്രോള്‍ യൂണിറ്റിലെ ബാലറ്റ് എന്ന ബട്ടണ്‍ അമര്‍ത്തി ബാലറ്റ് യൂണിറ്റ് വോട്ട് ചെയ്യാന്‍ സജ്ജമാക്കും. വോട്ടേഴ്‌സ് രജിസ്റ്ററിലെ ക്രമമനുസരിച്ച് വോട്ടിങ് കംപാര്‍ട്ട്‌മെന്റിലെത്തി ബാലറ്റ് യൂണിറ്റില്‍ വോട്ട് ചെയ്യാനുദ്ദേശിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ പേരിനും ചിഹ്നത്തിനും നേരെയുള്ള നീല ബട്ടണ്‍ അമര്‍ത്തണം. ഒറ്റത്തവണ മാത്രം അമര്‍ത്തിയാല്‍ മതി. അമര്‍ത്തുമ്പോള്‍ സ്ഥാനാര്‍ത്ഥിയുടെ പേരിനും ചിഹ്നത്തിനും നേരെ ചുവന്ന ലൈറ്റ് തെളിയും. വോട്ട് രേഖപ്പെടുത്തിയതായി അറിയിക്കാന്‍ ഒരു ബീപ് ശബ്ദവും കേള്‍ക്കും. ഇതോടെ വോട്ടിങ് പ്രക്രിയ പൂര്‍ത്തിയായി. ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് യാതൊരു കാരണവശാലും വെളിപ്പെടുത്താന്‍ പാടില്ല. രഹസ്യ സ്വഭാവം പാലിക്കാത്തവര്‍ക്കെതിരെ 1951 ലെ ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 128 പ്രകാരം ശിക്ഷാര്‍ഹമാണ്.

Latest