സത്‌നാം സിംഗിന്റെ കൊല: പബ്ലിക് പ്രോസിക്യൂട്ടറെ നീക്കി

Posted on: April 9, 2014 12:31 am | Last updated: April 9, 2014 at 12:31 am

കൊച്ചി: സത്‌നാംസിംഗിന്റെ കൊലപാതക കേസില്‍ നടന്ന ക്രൈം ബ്രാഞ്ച് അന്വേഷണം സത്യസന്ധമല്ലെന്ന് ഹൈക്കോടതിയില്‍ വെളിപ്പടുത്തിയ പബ്ലിക് പ്രോസിക്യൂട്ടറെ കേസിന്റെ ചുമതലയില്‍ നിന്ന് നീക്കി.
അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണി നേരിട്ട് ഇടപെട്ടാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍ സുരേഷിനെ കേസ് നടത്തിപ്പിന്റെ ചുമതലയില്‍ നിന്ന് നീക്കിയത്. കേസ് നടത്തിപ്പ് അഡ്വക്കറ്റ് ജനറല്‍ ഏറ്റെടുക്കുകയാണെന്നും ഹരജി മധ്യവേനല്‍ അവധിക്ക് ശേഷം മാറ്റണമെന്നും മറ്റൊരു ഗവ പ്ലീഡര്‍ കോടതിയിലെത്തി ആവശ്യപ്പെടുകയായിരുന്നു.
കേസിലെ ഹരജി ഭാഗത്തെ അറിയിക്കാതെയാണ് അഡ്വക്കേറ്റ് ജനറലിന് വേണ്ടി ഹാജരായ ഗവ പ്ലീഡര്‍ കേസ് മാറ്റിച്ചതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
കൊലപാതക കേസ് സി ബി ഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് സത്‌നാം സിംഗിന്റെ പിതാവ് ഹരീന്ദ്രവാല്‍ സിംഗ് സമര്‍പ്പിച്ച ഹരജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. കേസ് കഴിഞ്ഞ ദിവസം പരിഗണിച്ചപ്പോള്‍ അമൃതാനന്ദമയി മഠത്തില്‍ സത്‌നാം സിംഗിനെ ആക്രമിച്ച സംഭവത്തില്‍ ക്രൈം ബ്രാഞ്ച് സത്യസന്ധമായ അന്വേഷണം നടത്തിയിട്ടില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍ സുരേഷ് കോടതയില്‍ വെളിപ്പെടുത്തുകയായിരുന്നു.
കേസ് അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ അടങ്ങുന്ന കേസ് ഡയറി പരിശോധിച്ചതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചിരുന്നു. സത്‌നാമിനെ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ക്രിമിനല്‍ പശ്ചാത്തല മുള്ളവരോടൊപ്പമാണ് പാര്‍പ്പിച്ചതെന്നും അവിടെ നടന്ന കൊലപാതകത്തിന് മറ്റാരുടെയെങ്കിലും ഇടപെടലുണ്ടോയെന്ന് ക്രൈം ബ്രാഞ്ച് അന്വേഷിച്ചിട്ടില്ലെന്നും പ്രോസിക്യൂട്ടര്‍ വിശദീകരിച്ചിരുന്നു.
തുടര്‍ന്ന് ക്രൈം ബ്രാഞ്ചിന്റെ കേസ് ഡയറി പരിശോധിക്കാനായി ജസ്റ്റിസ് കെ രാമകൃഷ്ണന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ചൊവ്വാഴ്ച രാവിലെ അഡ്വക്കറ്റ് ജനറലിന്റെ നിര്‍ദേശപ്രകാരം മറ്റൊരു ഗവ പ്ലീഡര്‍ കോടതയില്‍ ഹാജരായി കേസ് മധ്യ വേനല്‍ അവധിക്ക് ശേഷം മാറ്റിവെക്കാന്‍ ആവശ്യപ്പെട്ടത്.