അടിയൊഴുക്കുകളില്‍ കണ്ണുംനട്ട് പൊന്നാനി

    Posted on: April 9, 2014 12:13 am | Last updated: April 9, 2014 at 12:13 am

    പരസ്യ പ്രചാരണം അവസാനിച്ചതോടെ പൊന്നാനിയില്‍ വിജയം കൊയ്യാമെന്ന പ്രതീക്ഷയിലാണ് മുന്നണികള്‍. യു ഡി എഫ് സ്ഥാനാര്‍ഥിയും സിറ്റിംഗ് എം പിയുമായ ഇ ടി മുഹമ്മദ് ബഷീര്‍ വീണ്ടും വിജയം പ്രതീക്ഷിക്കുമ്പോള്‍ അടിയൊഴുക്കുകളിലൂടെ ലീഗിനെ അട്ടിമറിക്കാമെന്നാണ് ഇടതുപക്ഷ സ്ഥാനാര്‍ഥി വി അബ്ദുര്‍റഹ്മാന്റെ കണക്കു കൂട്ടല്‍. എല്‍ ഡി എഫിന്റെ തിരഞ്ഞെടുപ്പ് യോഗങ്ങളിലെ ജനക്കൂട്ടവും കോണ്‍ഗ്രസിനുള്ളിലെ പ്രശ്‌നങ്ങളും വോട്ടാക്കി മാറ്റാനാകുമെന്നാണ് ഇടതുപക്ഷം കരുതുന്നത്. മുന്‍ കെ പി സി സി അംഗമായിരുന്ന അബ്ദുര്‍റഹ്മാന് അനൂകൂലമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തു വരുന്ന സാഹചര്യവും മണ്ഡലത്തിലുണ്ടായി. കോണ്‍ഗ്രസ് ഓഫീസിന് മുകളില്‍ അബ്ദുര്‍റഹ്മാന് വോട്ട് അഭ്യര്‍ഥിച്ച് ഫ്‌ളക്‌സ് ഉയര്‍ത്തിയതിന് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവര്‍ വിളിച്ച് ചേര്‍ത്ത യോഗത്തിലെ ജനബാഹുല്യം മുസ്‌ലിം ലീഗിനെ ആശങ്കയിലാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെത്തിയതും ഇടതു കേന്ദ്രങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്ന ഘടകങ്ങളാണ്. പ്രചാരണത്തിന്റെ തുടക്കത്തില്‍ പൊന്നാനിയില്‍ ഇ ടി മുഹമ്മദ് ബഷീര്‍ വിജയിക്കുമെന്ന് പറഞ്ഞിരുന്നവര്‍ തന്നെ തിരഞ്ഞെടുപ്പ് അടുത്തതോടെ മനംമാറുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന അബ്ദുര്‍റഹ്മാന്റെ റോഡ് ഷോയിലെ ജനപങ്കാളിത്തവും ലീഗ് കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്.
    എന്നാല്‍ ഇടതുപക്ഷത്തിന്റെത് വ്യാമോഹം മാത്രമാണെന്നാണ് മുസ്‌ലിം ലീഗ് നേതൃത്വം പറയുന്നത്. മണ്ഡലത്തില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും 2009ല്‍ ലഭിച്ച 82,684 വോട്ടിന്റെ ഭൂരിപക്ഷം ഇ ടിക്ക് ഇത്തവണയും തുണയാകുമെന്ന് തന്നെയാണ് യു ഡി എഫ് പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസിനുള്ളിലെ പ്രശ്‌നങ്ങള്‍ പ്രതികൂലായി ബാധിക്കില്ലെന്നും അവര്‍ കരുതുന്നു. അബ്ദുര്‍റഹ്മാന്റെ അപരന്‍മാരുടെ മൂന്ന് പേരുകളും വോട്ടിംഗ് മെഷീനില്‍ ഉള്ളതിനാല്‍ വോട്ടുകള്‍ ഭിന്നിക്കുമെന്നും ഇവര്‍ പ്രതീക്ഷിക്കുന്നുണ്ട്.
    മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള ശക്തമായ പ്രചാരണമാണ് ഇരുപക്ഷവും മണ്ഡലത്തില്‍ നടത്തിയിട്ടുള്ളത്. ഇത് മത്സരം ഫലം പ്രവചനാതീതമായിരിക്കുകയാണ്. ബി ജെ പിക്ക് 2009ലെ തിരഞ്ഞെടുപ്പില്‍ നിന്ന് വ്യത്യസ്തമായി വലിയ മുന്നേറ്റമുണ്ടാക്കാനാകില്ല. എസ് ഡി പി ഐയും വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണക്കുന്ന സ്ഥാനാര്‍ഥിയും രംഗത്തുള്ളതിനാല്‍ മുസ്‌ലിം ലീഗിന് തിരിച്ചടിയാകുമെന്ന് കരുതുന്നവരുമുണ്ട്.