Connect with us

Kannur

കണ്ണൂരില്‍ അടിയൊഴുക്കുകള്‍ നിര്‍ണായകമാകും

Published

|

Last Updated

ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് കണ്ണൂര്‍. 2009ല്‍ കൈവിട്ടുപോയ കണ്ണൂര്‍ മണ്ഡലം ഇക്കുറി മികച്ച ഭൂരിപക്ഷത്തോടെ തിരിച്ചുപിടിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് എല്‍ ഡി എഫ്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്നെ അര ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ എല്‍ ഡി എഫിന് ലഭിച്ചിരുന്നു. ഇപ്പോള്‍ സാഹചര്യങ്ങള്‍ കൂടുതല്‍ അനുകൂലമാണെന്ന് കണ്ണൂര്‍ ജില്ലാ കമ്മിറ്റി എല്‍ ഡി എഫ് കണ്‍വീനര്‍ കെ പി സഹദേവന്‍ അവകാശപ്പെടുന്നു.
കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെയുള്ള ജനങ്ങളുടെ അതൃപ്തി ശക്തമാണ്. വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിലും പാര്‍ലിമെന്ററി പ്രവര്‍ത്തനത്തിലും തികഞ്ഞ പരാജയമായിരുന്നു എം പി എന്ന നിലയില്‍ കെ സുധാകരന്‍. ലോക്‌സഭയിലെ ഹാജര്‍ നിലയിലും എം പി ഫണ്ട് ചെലവാക്കുന്നതിലും ദേശീയ ശരാശരിയേക്കാള്‍ താഴെയാണ് കണ്ണൂരിലെ എം പി. ഇത്തവണ പ്രചാരണ രംഗത്തും എല്‍ ഡി എഫിന് വന്‍ അനുകൂല തരംഗമാണുള്ളത്. ഇതെല്ലാം വോട്ടായി മാറുകയാണെങ്കില്‍ മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്ന് ഇടതു മുന്നണി പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുധാകരന് ഭൂരിപക്ഷം നേടിക്കൊടുത്ത നാല് നിയമസഭാ മണ്ഡലങ്ങളില്‍ ഇത്തവണയുണ്ടാകുന്ന അടിയൊഴുക്കുകള്‍ ഇത്തവണ ഏറെ നിര്‍ണായകമാണ്.
ഇരിക്കൂര്‍, അഴിക്കോട്, കണ്ണൂര്‍, പേരാവൂര്‍ മണ്ഡലങ്ങളില്‍ നിന്നായി മുക്കാല്‍ ലക്ഷത്തിന്റെ ഭൂരിപക്ഷമാണ് യു ഡി എഫിന് ലഭിച്ചത്.
കണ്ണൂര്‍ സീറ്റ് ഇത്തവണയും നിലനിര്‍ത്തുമെന്ന ഉറച്ച പ്രതീക്ഷയിലാണ് യു ഡി എഫ്. പൊതുജനവികാരം യു ഡി എഫിന് അനുകൂലമാണ്. 43,151 വോട്ടിനാണ് കഴിഞ്ഞ തവണ ജയിച്ചതെങ്കില്‍ ഇക്കുറി ഭൂരിപക്ഷം കവിയുമെന്ന് യു ഡി എഫ് ജില്ലാ കമ്മിറ്റി ചെയര്‍മാന്‍ എ ഡി മുസ്തഫ അവകാശപ്പെടുന്നു.
കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമാക്കുന്നതിലടക്കം മണ്ഡലത്തിന്റെ വികസനത്തില്‍ സുധാകരന്റെ ശക്തമായ ഇടപെടലുകളുണ്ടായിട്ടുണ്ടെന്നും അതെല്ലാം ഇത്തവണ തുണയാകുമെന്നും യു ഡി എഫ് നേതൃത്വം വിലയിരുത്തുന്നു.