കടലില്‍ കുളിക്കാനിറങ്ങിയ നാല് വിദ്യാര്‍ത്ഥികളെ കാണാതായി;ഒരാളെ രക്ഷപ്പെടുത്തി

Posted on: April 8, 2014 11:52 pm | Last updated: April 8, 2014 at 11:52 pm

accidentആലപ്പുഴ: കടലില്‍ കുളിക്കാനിറങ്ങിയ നാല് വിദ്യാര്‍ഥികളെ തിരയില്‍പ്പെട്ട് കാണാതായി. ഇടുക്കി മുരിങ്ങാശ്ശേരി പടമുഖം സെന്റ് മേരീസ് സ്‌കൂള്‍ വിദ്യാര്‍ഥികളായ സെല്‍വിന്‍ സൈമണ്‍ (14), ബോണി ജോസി (14), സിറിയക്ക് ഫിലിപ്പ് (14), അഖില്‍ റോയ്(15)എന്നിവരെയാണ് കാണാതായത്. ഇവരില്‍ അഖില്‍ റോയിയെ പോലീസും അഗ്നിശമനസേനയും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ കണ്ടെത്തി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മറ്റ് മൂന്ന് പേര്‍ക്കായി രാത്രിവൈകിയും തിരച്ചില്‍ തുടരുന്നു. പടമുഖം പളളിയിലെ സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ഥികളായ ഇരുപത്തിനാല് പേരാണ് വിനോദയാത്രയുടെ ഭാഗമായി ആലപ്പുഴ കടപ്പുറത്തെത്തിയത്. വൈകീട്ട് നാലോടെ എത്തിയ അധ്യാപകരടങ്ങുന്ന സംഘം ഏറെ നേരം കടപ്പുറത്തു കഴിച്ചുക്കൂട്ടിയ ശേഷം കടലില്‍ കുളിക്കാനിറങ്ങുകയായിരുന്നു. ചുഴി രൂപപ്പെടുന്ന ഭാഗത്ത് ഇറങ്ങി കുളിക്കാന്‍ ശ്രമിച്ചതാണ് അപകട കാരണമായി പറയപ്പെടുന്നത്. ഈ ഭാഗത്ത് നേരത്തെയും അപകടങ്ങള്‍ നടന്നിട്ടുണ്ട്. ഇവിടെ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. സംഭവ സ്ഥലത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.