വാരാണസിയില്‍ മോദിക്കെതിരെ അജയ് റായ്

Posted on: April 8, 2014 11:45 pm | Last updated: April 8, 2014 at 11:45 pm

ajay rayന്യൂഡല്‍ഹി: അനിശ്ചിതത്വത്തിനൊടുവില്‍ വാരാണസിയില്‍ നരേന്ദ്ര മോദിക്കെതിരെ മുന്‍ ബി ജെ പി നേതാവ് അജയ് റായിയെ കോണ്‍ഗ്രസ് മത്സരരംഗത്തിറക്കി. 2009ല്‍ ബി ജെ പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന അജയ് റായ് വാരാണസിയിലെ പിന്ദ്രയില്‍ നിന്നുള്ള എം എല്‍ എയാണ്. അഞ്ച് തവണ എം എല്‍ എയായി. ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ മത്സരിക്കുന്ന മണ്ഡലത്തില്‍ ശക്തമായ ബഹുകോണ പോരാട്ടമാണ് നടക്കുന്നത്. സമാജ്‌വാദി പാര്‍ട്ടിയും ബി എസ് പിയും ഇവിടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. അജയ് റായ് മോദിക്കെതിരെയുള്ള ശക്തനായ സ്ഥാനാര്‍ഥിയാണെന്ന് അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു കൊണ്ട് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജെവാല പറഞ്ഞു.
ഉത്തര്‍പ്രദേശിലെ ബ്രാഹ്മണ സമുദായമായ ഭൂമിഹര്‍ വിഭാഗത്തില്‍ നിന്നുള്ള നേതാവായ അജയ് റായിക്ക് സമുദായത്തിനിടയില്‍ ശക്തമായ സ്വാധീനമാണുള്ളത്. റായിയെ മത്സരിപ്പിക്കുന്നതിലൂടെ മോദിയുടെ ഹിന്ദു വോട്ടുകളില്‍ വിള്ളലുണ്ടാക്കാമെന്ന പ്രതീക്ഷയാണ് കോണ്‍ഗ്രസിനുള്ളത്. മോദിക്കെതിരെ ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗിനെയോ മന്ത്രി ആനന്ദ് ശര്‍മയെയോ മത്സരിപ്പിക്കാന്‍ പാര്‍ട്ടി ആലോചിച്ചിരുന്നെങ്കിലും അവസാനം അജയ്‌റായിയെ രംഗത്തിറക്കാന്‍ തീരുമാനിക്കുകയായിരുന്നു. 2009ല്‍ ബി ജെ പി വിട്ട് വന്ന അജയ് റായ് ലോക്‌സഭയിലേക്ക് എസ് പി ടിക്കറ്റില്‍ മുരളി മനോഹര്‍ ജോഷിക്കെതിരെ മത്സരിച്ച് തോറ്റിരുന്നു. അതേവര്‍ഷം തന്നെ കോണ്‍ഗ്രസില്‍ എത്തിയ അദ്ദേഹം നിയമസഭയിലേക്ക് മത്സരിച്ച് വിജയിച്ചു. വാരാണസിയില്‍ മെയ് 12 നാണ് തിരഞ്ഞെടുപ്പ് . മോദി മത്സരിക്കുന്ന രണ്ടാമത്തെ സീറ്റായ വഡോദരയില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി മധുസൂദന്‍ മിസ്ത്രിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.