ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍: രണ്ടാം പാദ മത്സരങ്ങള്‍ ഇന്നും നാളെയും

Posted on: April 8, 2014 7:42 am | Last updated: April 8, 2014 at 9:16 am

madrid

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ചെല്‍സിക്ക് ഇന്ന് മരണക്കളി. ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യ പാദം ഫ്രഞ്ച് ക്ലബ്ബ് പി എസ് ജിയുടെ തട്ടകത്തില്‍ 3-1ന് പരാജയപ്പെട്ട ചെല്‍സിക്ക് മികച്ച പ്രകടനം പുറത്തെടുത്താലെ രക്ഷയുള്ളൂ. ഹോംഗ്രൗണ്ടിന്റെ ആനുകൂല്യം മുതലെടുത്ത് 2-0ന് മറുപടി കൊടുത്താല്‍ ചെല്‍സിക്ക് എവേ ഗോളിന്റെ ആനൂകൂല്യത്തോടെ സെമി ഉറപ്പിക്കാം. ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തില്‍ ജര്‍മനിയില്‍ ബൊറൂസിയ ഡോട്മുണ്ട് സ്പാനിഷ് കരുത്തര്‍ റയല്‍മാഡ്രിഡിനെ നേരിടും. ആദ്യ പാദം റയല്‍ 3-0ന് ജയിച്ചിരുന്നു.
നാളെ അത്‌ലറ്റികോ മാഡ്രിഡ്-ബാഴ്‌സലോണ, ബയേണ്‍ മ്യൂണിക്-മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. രണ്ട് മത്സരങ്ങളുടെയും ആദ്യ പാദ സ്‌കോര്‍ 1-1 ആയതിനാല്‍ രണ്ടാം പാദം ആവേശകരമാകും.

‘ചെല്‍സിക്ക് സാധ്യതയില്ല’
ചെല്‍സി കോച്ച് ജോസ് മൗറിഞ്ഞോയുടെ വിലയിരുത്തല്‍ പി എസ് ജിക്ക് അനുകൂലം. ഫ്രഞ്ച് ചാമ്പ്യന്‍ ടീമിനെ മറികടക്കാനുള്ള കരുത്ത് തന്റെ മുന്‍നിരക്കില്ലെന്നാണ് മൗറിഞ്ഞോ പൊട്ടിച്ച വെടി. പക്ഷേ, അവസാന ശ്വാസം വരെ പൊരുതും. മത്സരത്തിന് മുന്നോടിയായി മൈന്‍ഡ് ഗെയിം നടത്താറുള്ള മൗറിഞ്ഞോയുടെ ചെപ്പടിവിദ്യയായി മാത്രമേ പി എസ് ജി കോച്ച് ലോറന്‍ ബ്ലാങ്ക് ഇതിനെ കാണുന്നുള്ളൂ.
ആദ്യ പാദത്തില്‍ സ്‌പെഷ്യലിസ്റ്റ് സ്‌ട്രൈക്കറെ ആദ്യ ലൈനപ്പില്‍ ഉള്‍പ്പെടുത്താതിരുന്ന മൗറിഞ്ഞോയുടെ തന്ത്രം പിഴച്ചിരുന്നു. ഹോംഗ്രൗണ്ടില്‍, സ്‌ട്രൈക്കറുമായിട്ടാകും ചെല്‍സി ഇറങ്ങുക. കാമറൂണ്‍ സ്‌ട്രൈക്കര്‍ സാമുവല്‍ എറ്റുവിന്റെ ഫിറ്റ്‌നെസ് നിരീക്ഷിച്ചുവരികയാണ് മൗറിഞ്ഞോ. ഗോള്‍ നേടാതെ രക്ഷയില്ല. കുറഞ്ഞത് രണ്ട് ഗോളെങ്കിലും വേണം സെമിഫൈനല്‍ കാണാന്‍. ആക്രമിച്ചു കളിക്കുക തന്നെയാണ് ലക്ഷ്യം. എറ്റുവിനെ മുന്നില്‍ നിര്‍ത്തി കളിക്കുന്നത് സാഹസമാകും. പൂര്‍ണമായും അയാള്‍ ഫിറ്റാണോയെന്ന് വ്യക്തമല്ല. എങ്കിലും എറ്റുവിനെ പരിഗണിക്കാതെ വയ്യ-മൗറിഞ്ഞോ പറഞ്ഞു.
സ്പാനിഷ് സ്‌ട്രൈക്കര്‍ ഫെര്‍നാണ്ടോ ടോറസിന്റെ മങ്ങിയ ഫോം ചെല്‍സിക്ക് തലവേദനയാണ്. പി എസ് ജിക്കെതിരെ രണ്ടാം പകുതിയില്‍ ഇറങ്ങിയ ടോറസിന് ഗോളിലേക്ക് ഒരു ഷോട്ടു പോലും ഉന്നം വെക്കാന്‍ സാധിച്ചില്ല. പ്രതിരോധത്തിലും തീര്‍ത്തും പാളി.
പി എസ് ജി സൂപ്പര്‍ സ്‌ട്രൈക്കര്‍ സ്ലാറ്റന്‍ ഇബ്രാഹിമോവിചില്ലാതെയാകും ഇറങ്ങുക. ക്വാര്‍ട്ടറിന്റെ ആദ്യ പാദത്തില്‍ പേശീ വലിവിനെ തുടര്‍ന്ന് ഇബ്രാഹിമോവിച് കളം വിട്ടിരുന്നു. ഉറുഗ്വെ സ്‌ട്രൈക്കര്‍ എഡിന്‍സന്‍ കവാനിയെ മുഖ്യ സ്‌ട്രൈക്കറാക്കിയാകും പി എസ് ജി തന്ത്രം മെനയുക. പിറകിലായി ലുകാസ് മൗറ ആദ്യ ഇലവനില്‍ ഇടം പിടിക്കും. ആദ്യ പാദത്തില്‍ മൗറ പകരക്കാരനായി തിളങ്ങിയിരുന്നു.
2012 ല്‍ ചെല്‍സി ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായത് സമാനസാഹചര്യം തരണം ചെയ്തായിരുന്നു. ഇന്ന് പി എസ് ജിയുടെ താരങ്ങളായ കവാനിയും ലാവെസിയും അണിനിരന്ന ഇറ്റാലിയന്‍ ടീം നാപോളിക്കെതിരെ ആദ്യ പാദം പരാജയപ്പെട്ട ചെല്‍സി ഗോളുകള്‍ മടക്കിയടിച്ച് മുന്നേറുകയായിരുന്നു.
താത്കാലിക കോച്ച് റോബര്‍ട്ടോ ഡി മാറ്റിയോയുടെ പ്രതിരോധ-കൗണ്ടര്‍ അറ്റാക്കിംഗ് തന്ത്രത്തില്‍ ചെല്‍സി ചരിത്രം സൃഷ്ടിച്ചു.
ഇന്ന് ചെല്‍സിക്കൊപ്പമുള്ളത് രണ്ട് വ്യത്യസ്ത ക്ലബ്ബുകള്‍ക്കൊപ്പം ചാമ്പ്യന്‍സ് ലീഗ് ഉയര്‍ത്തിയ ജോസ് മൗറിഞ്ഞോ എന്ന പരിശീലകനാണ്.
അതുകൊണ്ട് ഇംഗ്ലീഷ് ക്ലബ്ബിനെ എഴുതിത്തള്ളാന്‍ വരട്ടെയെന്നാണ് ഫുട്‌ബോള്‍ വിദഗ്ധരുടെ നിരീക്ഷണം.

ക്രിസ്റ്റ്യാനോ ശ്രദ്ധാകേന്ദ്രം
പതിനാല് ചാമ്പ്യന്‍സ് ലീഗ് ഗോളുകളോടെ ലയണല്‍ മെസിയുടെ റെക്കോര്‍ഡിനൊപ്പമെത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ബൊറൂസിയ-റയല്‍ മത്സരത്തിലെ ശ്രദ്ധാകേന്ദ്രം. കഴിഞ്ഞ ദിവസം ലാ ലിഗയില്‍ റയല്‍ സോസിഡാഡിനെതിരെ വിശ്രമിച്ച ക്രിസ്റ്റ്യാനോ ഇന്ന് കൂടുതല്‍ കരുത്തോടെ തിരിച്ചെത്തും.
ആദ്യ പാദം 3-0ന് ജയിച്ചതിനാല്‍ റയലിന് ടെന്‍ഷനില്ല. ലാ ലിഗ മത്സരത്തിനിടെ പരിക്കേറ്റ വെയില്‍സ് വിംഗര്‍ ഗാരെത് ബെയില്‍ റയല്‍ നിരയിലുണ്ടാകില്ലെന്ന് സൂചനയുണ്ട്.
ജര്‍മന്‍ പ്രതിയോഗികള്‍ക്ക് കഴിഞ്ഞ സീസണിലെ ശക്തിയില്ല. ആഞ്ഞടിക്കാനുള്ള ആത്മവിശ്വാസക്കുറവ് ബൊറൂസിയ കോച്ച് യുര്‍ഗന്‍ ക്ലോപിന്റെ മുഖത്ത് നിഴലിക്കുന്നു. എന്നാല്‍, ബുണ്ടസ് ലീഗയില്‍ കഴിഞ്ഞ ദിവസം വോള്‍സ്ബര്‍ഗിനെതിരെ ഒരു ഗോളിന് പിറകില്‍ നിന്ന ശേഷം ബൊറൂസിയ 2-1ന് ജയം പിടിച്ചെടുത്തത് കോച്ചിന് നേരിയ പ്രതീക്ഷ നല്‍കുന്നു. സസ്‌പെന്‍ഷന്‍ കഴിഞ്ഞ് പോളണ്ട് സ്‌ട്രൈക്കര്‍ റോബര്‍ട് ലെവന്‍ഡോസ്‌കി തിരിച്ചെത്തുന്നത് ബൊറൂസിയക്ക് കരുത്തേകും.
കഴിഞ്ഞ സീസണില്‍ റയലിനെതിരെ ബൊറൂസിയ ജയം നേടിയത് ലെവന്‍ഡോസ്‌കിയുടെ നാലു ഗോളുകളുടെ പിന്‍ബലത്തിലായിരുന്നു.