Ongoing News
ഇവിടെ ചര്‍ച്ച ആറന്മുള മാത്രം
പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ ഇത്തവണ സ്ഥാനാര്‍ഥികളുടെ പ്രധാന പ്രചാരണായുധം ആറന്മുള വിമാനത്താവളം തന്നെയാണ്. കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കീറാമുട്ടിയായിരുന്ന വിമാനത്താവള വിഷയത്തില്‍ വ്യക്തമായ നിലപാടുകളുമായിട്ടാണ് ഇരു മുന്നണികളും ഒപ്പം ബി ജെ പിയും രംഗത്തുള്ളത്. പത്തനംതിട്ട മുന്‍ ഡി സി സി പ്രസിഡന്റായിരുന്ന അഡ്വ. പീലിപ്പോസ് തോമസ് ഇത്തവണ ഇടതു സ്വതന്ത്ര സ്ഥാനാര്‍ഥിയാണെന്നതാണ് പുതുമ. സമര നേതാവായിരുന്ന പീലിപ്പോസിനെ മുന്‍നിര്‍ത്തി ആറന്മുളപ്രശ്‌നം തരംഗമാക്കാനാണ് എല്‍ ഡി എഫ് ശ്രമം. ആറന്മുള വിമാനത്താവളം എന്തുവിലകൊടുത്തും യാഥാര്‍ഥ്യമാക്കുമെന്ന് പറഞ്ഞ സിറ്റിംഗ് എം പി ആന്റോ ആന്റണിയാണ് ഇത്തവണയും യു ഡി എഫ് സ്ഥാനാര്‍ഥി. ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് എം ടി രമേശ് കൂടി രംഗത്തെത്തിയതോടെ മണ്ഡലത്തില്‍ മത്സരം കനക്കുമെന്നുറപ്പാണ്.
പൊതുവെ ഇടതിനോടും വലതിനോടും ചായ്‌വുണ്ടായിരുന്ന പത്തനംതിട്ടയില്‍ ഇത്തവണ മുന്നണികള്‍ക്ക് അത്ര സുഖകരമാകില്ല. കഴിഞ്ഞ തവണ യു ഡി ഫിനുള്ളില്‍ നിന്ന് ആന്റോ ആന്റണിക്ക് എതിര്‍പ്പുകള്‍ ഉണ്ടായിരുന്നിട്ടും ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. തിഞ്ഞെടുപ്പില്‍ ആന്റോ ആന്റണിയുടെ മുഖ്യ എതിരാളി സി പി എമ്മിലെ കെ അനന്തഗോപനായിരുന്നു. സഭാ നേതൃത്വം ഇടപെട്ടതാണ് അന്നത്തെ വിജയത്തിനു പിന്നിലെന്നാണ് വിലയിരുത്തല്‍. ജില്ലയില്‍ 25 ശതമാനത്തിലേറെയും ക്രിസ്ത്യന്‍ വിഭാഗക്കാരാണുള്ളത്. കോട്ടയം ജില്ലക്കാരനായ ആന്റോയെ പൂഞ്ഞാറും കാഞ്ഞരപ്പള്ളിയും തിരുവല്ലയും ഇത്തവണ കൈ വിടത്തില്ലെന്നാണ് പ്രതീക്ഷ. എന്നാല്‍, ഇത്തവണ വിശ്വസികള്‍ രക്ഷക്ക് ഉണ്ടാകില്ലെന്നാണ് പ്രവചനം. വിമാനത്താവളത്തിന് എതിരായി എം പിക്ക് ആന്റണി കത്ത് അയച്ചത് പുറത്തായതും കാലവാസ്ഥ മോശമാകാന്‍ കാരണമായിട്ടുണ്ട്. കഴിഞ്ഞ തവണ ആന്റോ ആന്റണിക്ക് ആറന്മുളയില്‍ നിന്ന് ലഭിച്ച വോട്ട് 18,328 ആണ്.
ഇതിനിടയില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും റബ്ബറിന്റെ വിലയിടിഞ്ഞതും മലയോര ജനങ്ങളെ ദുരിതത്തിലാക്കി. മണ്ഡലത്തിലെ ഒമ്പത് വില്ലേജുകളിലെ ജനങ്ങളാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ആശങ്കപ്പെടുന്നത്. റബ്ബറിന്റെ വിലയിടിവിന്റെ ദുരിതം പേറാത്ത കുടുംബങ്ങള്‍ വിരളമാണ്. സ്ഥാനാര്‍ഥിനിര്‍ണയത്തെച്ചൊല്ലി യു ഡി എഫിലുണ്ടായ തര്‍ക്കം തിരിച്ചടിയായേക്കും. ഡി സി സി പ്രസിഡന്റായിരുന്ന പി മോഹന്‍രാജാണ് തനിക്ക് മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നത്. വിമാനത്താവള വിഷയത്തില്‍ സിറ്റിംഗ് എം പിയോടുള്ള ജനത്തിന്റെ എതിര്‍പ്പ് മറികടക്കുന്നതിന് വേണ്ടി എന്ന ന്യായമായിരുന്നു ഡി സി സി പ്രസിഡന്റ് ഉയര്‍ത്തിയിരുന്നത്. ആന്റോ ആന്റണിയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതോടെ പ്രചാരണത്തില്‍ നിന്ന് ഡി സി സി പ്രസിഡന്റ് അടക്കമുള്ള ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാറിനിന്നിരുന്നു. മുഖ്യമന്ത്രി ഇടപെട്ടാണ് പ്രശ്‌നം ഒരുവിധം പരിഹരിച്ചത്.
എന്‍ എസ് എസും എസ് എന്‍ ഡി പിയും സഭയും തനിക്കൊപ്പമുണ്ടെന്നാണ് ആന്റോയുടെ അവകാശവാദം. ഇതിനു പുറമെ താന്‍ ജില്ലയില്‍ നടത്തിയ വികസന മുന്നേറ്റങ്ങളും യു പി എ സര്‍ക്കാറിന്റെ ഭരണ നേട്ടങ്ങളും പ്രചാരണത്തിനായി ഉപയോഗിക്കുന്നുണ്ട്.
ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരിക്കെ, തന്നെ വളര്‍ത്തിയ യു ഡി എഫില്‍ നിന്ന് ആരോടും പറയാതെ ഒറ്റരാത്രികൊണ്ട് ഇടത് പാളയത്തിലെത്തിയയാളാണ് അഡ്വ. പീലിപ്പോസ് തോമസ്. നേരത്തെയും ഇത്തരത്തില്‍ കൂറുമാറിയവരെ ജയിപ്പിച്ച ചരിത്രമാണ് എല്‍ ഡി എഫിന് ജില്ലയിലുള്ളത്. ആ ചരിത്രം പീലിപ്പോസിലൂടെ നേടിയെടുക്കാനുള്ള ശ്രമത്തിലാണ് എല്‍ ഡി എഫ്. അതിനായി പെരുന്നയിലും അരമനകളിലും മറ്റും കാണേണ്ടവരെ കാണുകയും ചെയ്തിട്ടുണ്ട്. പാര്‍ട്ടി കഴിഞ്ഞാല്‍ മതം തന്നെയാണ് വോട്ട് എന്ന വിശ്വസത്തിലാണ് പീലിപ്പോസും. വിമാനത്താവള പ്രശ്‌നങ്ങള്‍ക്ക് പുറമെ, ജില്ലയുടെ വികസന മുരടിപ്പാണ് എല്‍ ഡി എഫിന്റെ പ്രചാരണ തന്ത്രം. പ്രവാസികളെ വലച്ച് പാസ്‌പോര്‍ട്ട് സേവാകേന്ദ്രം കൊല്ലം ജില്ലയിലേക്ക് മാറ്റിയതും ശബരി റെയില്‍വേ പാത അട്ടിമറിക്കപ്പെട്ടതും ജില്ലയിലെ അമ്പത് ശതമാനം കര്‍ഷകരെ പ്രതിസന്ധിയിലാഴ്ത്തിയ റബ്ബറിന്റെ വിലയിടിവും ഉയര്‍ത്തുന്നുണ്ട്. ഇതിനെല്ലാം പുറമെ, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ യു ഡി എഫുമായി ഇടഞ്ഞ സഭ ആന്റോയോട് പഴയ വാത്സല്യം കാട്ടുമോയെന്നതും എല്‍ ഡി എഫിന്റെ വിജയത്തിന് നിര്‍ണായക ഘടകമായിട്ടാണ് പാര്‍ട്ടി കാണുന്നത്.
ബി ജെ പി സ്ഥാനാര്‍ഥിയായ എം ടി രമേശ് വിമാനത്താവള പദ്ധതിക്ക് പുറമെ കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങളും അഴിമതിയും ഉയര്‍ത്തിക്കാട്ടിയാണ് വോട്ട് തേടുന്നത്. ആറന്മുളയില്‍ വിമാനത്താവളത്തിന് എതിരായി ആദ്യം സമരത്തിന് ഇറങ്ങിയത് ബി ജെ പി, സംഘ്പരിവാര്‍ സംഘടനകളായിരുന്നു. ജില്ലയിലെ പ്രധാന മണ്ഡലങ്ങളില്‍ ഒന്നായ ആറന്മുളയിലെ വോട്ടുകള്‍ അനൂകൂലമാകുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി.




