Connect with us

Ongoing News

കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച: ഒരു കോടിയിലേറെ നഷ്ടം

Published

|

Last Updated

തൃശൂര്‍: പ്രസിദ്ധമായ കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച. ക്ഷേത്രത്തിനകത്തെ സ്‌ട്രോംഗ് റൂം കവര്‍ച്ച ചെയ്തു. ലക്ഷങ്ങള്‍ സൂക്ഷിച്ചിരുന്ന പണപ്പെട്ടികള്‍ മോഷ്ടിക്കപ്പെട്ടു. 50 ലക്ഷത്തിലേറെ രൂപ പണപ്പെട്ടികളില്‍ നിന്ന് നഷ്ടപ്പെട്ടതായി ക്രൈം ബ്രാഞ്ച് സ്ഥിരീകരിച്ചു. മൊത്തം ഒരു കോടിയിലേറെ രൂപ നഷ്ടം വന്നിട്ടുണ്ടെന്ന് ക്ഷേത്ര ഭരണ സമിതി അംഗങ്ങള്‍ പറഞ്ഞു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
തിങ്കളാഴ്ച രാവിലെ എത്തിയ ക്ഷേത്ര ജീവനക്കാരാണ് മോഷണ വിവരം അറിഞ്ഞത്. ഉടന്‍ അധികൃതരെ അറിയിക്കുകയായിരുന്നു. ക്ഷേത്രത്തിന്റെ നടയിലെ ഊട്ടുപുരയോടു ചേര്‍ന്നുള്ള സ്‌ട്രോംഗ് റൂമിന്റെ ജനവാതിലുകള്‍ തകര്‍ത്ത നിലയിലാണ്. ഇതുവഴിയാകും മോഷ്ടാക്കള്‍ അകത്തു പ്രവേശിച്ചതെന്ന് കരുതുന്നു.
ക്ഷേത്രത്തിലെ ഭരണി മഹോത്സവം കഴിഞ്ഞിട്ട് അധിക ദിവസങ്ങളായിട്ടില്ല. ഭണ്ഡാര പിരിവ് എണ്ണാനായി തുറന്നിട്ടുമില്ല. ഇതുകൊണ്ടുതന്നെ പണപ്പെട്ടികള്‍ നിറഞ്ഞിരുന്നു. പത്ത് ലക്ഷത്തോളം സൂക്ഷിക്കാവുന്ന അഞ്ച് പണപ്പെട്ടികള്‍ അപ്രത്യക്ഷമായിട്ടുണ്ട്. എന്നാല്‍, ഇത്രയേറെ പണം സൂക്ഷിക്കുന്ന സ്‌ട്രോംഗ് റൂമിന് യാതൊരു സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നില്ല എന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. പോരാത്തതിന് കെട്ടിടം ശോച്യാവസ്ഥയിലുമാണ്. മോഷണത്തിന് പിന്നില്‍ വന്‍ സംഘം പ്രവര്‍ത്തിച്ചതായി പോലീസ് കരുതുന്നു. സ്‌ട്രോംഗ് റൂമിനും അനുബന്ധ കെട്ടിടത്തിനും സെക്യൂരിറ്റി ഉണ്ടായിരുന്നില്ലെന്ന് ക്ഷേത്രജീവനക്കാര്‍ പറഞ്ഞു. സ്‌ട്രോംഗ് റൂമിന്റെ ഗെയ്റ്റും മറ്റ് വാതിലുകളും സുരക്ഷിതമായി പൂട്ടുകയോ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്തിരുന്നില്ല. വിരലടയാള വിദഗ്ധരും മറ്റും ശാസ്ത്രീയ തെളിവെടുപ്പുകള്‍ക്കായി സ്ഥലം സന്ദര്‍ശിച്ചു.