ദുബൈ എക്‌സ്‌പോ 13 ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും

Posted on: April 7, 2014 7:27 pm | Last updated: April 7, 2014 at 7:27 pm

expoooദുബൈ: വേള്‍ഡ് എക്‌സ്‌പോ 2020ന്റെ ഭാഗമായി 13 ലക്ഷത്തില്‍പരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് പഠനം. മൂന്നു ലക്ഷം പേര്‍ക്ക് നേരിട്ടും 10 ലക്ഷത്തോളം പേര്‍ക്ക് അല്ലാതെയും തൊഴില്‍ ലഭിക്കുമെന്നാണ് പ്രമുഖ ധനകാര്യ സ്ഥാപനമായ സ്റ്റാന്റേര്‍ഡ് ചാര്‍ട്ടേസ് നടത്തിയ പഠനം വ്യക്തമാക്കുന്നത്.
ഹോട്ടല്‍ വ്യവസായം, ഗതാഗതം ചില്ലറ വില്‍പ്പന, ബേങ്കിംഗ്, ഫിനാന്‍സ് എന്നീ മേഖലകളിലാവും വികസനത്തില്‍ കുതിച്ചുചാട്ടം സൃഷ്ടിച്ച് ലക്ഷോപ ലക്ഷം തൊഴില്‍ അവസരവും സൃഷ്ടിക്കപ്പെടുക.
സ്വദേശികള്‍ക്കാവും തൊഴില്‍ രംഗത്ത് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുകയെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ കണ്‍സള്‍ട്ടിംഗ് ഡയറക്ടര്‍ രാധിക പുന്‍ഷി വെളിപ്പെടുത്തി. മാധ്യമ രംഗം, പരസ്യവിഭാഗം, ചില്ലറ വില്‍പന, ഹോട്ടല്‍ വ്യവസായം എന്നിവയില്‍ യുവാക്കളായ സ്വദേശികള്‍ക്ക് മുമ്പൊന്നും ലഭിക്കാത്ത തൊഴില്‍ സാധ്യതയാണ് എക്‌സ്‌പോ 2020 തുറന്നിടുക. മൂന്നു കോടിയോളം ആളുകള്‍ സന്ദര്‍ശനം നടത്തുന്ന എക്‌സ്‌പോ 2020 യു എ ഇക്ക് മാത്രമല്ല ലോകത്തിന് മുഴുവന്‍ മറക്കാനാവാത്ത അനുഭവമാക്കി മാറ്റാന്‍ ദുബൈ നഗരസഭയുടെ നേതൃത്വത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ ഒരുങ്ങുന്നത്. ഗതാഗത വിനോദ സഞ്ചാര മേഖലയിലാവും 90 ശതമാനം തൊഴില്‍ അവസരങ്ങളും രൂപപ്പെടുക. 2018നും 2021നും ഇടയിലാവും ഇത് സംഭവിക്കുക.
ഉപഭോക്താക്കളെ കൈകാര്യം ചെയ്യുന്ന മേഖലകള്‍, എഞ്ചിനിയറിംഗ്, വസ്തുശില്‍പ്പകല, നഗരാസൂത്രണം, പശ്ചാത്തല സൗകര്യ വികസനം തുടങ്ങിയ രംഗങ്ങളില്‍ വൈദഗ്ധ്യമുള്ളവര്‍ക്കാവും ഏറ്റവും മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാവുക.
ഫെഡറല്‍ അതോറിറ്റി ഓഫ് ഹ്യൂമണ്‍ റിസോഴ്‌സസി(എഫ് എ എച്ച് ആര്‍)നു കീഴില്‍ പഠനം നടത്തിയ കണ്‍സള്‍ട്ടിംഗ് കമ്പനിയായ ടാലന്റ് എന്റര്‍ പ്രൈസസ് നടത്തിയ പഠനവും ലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ ലഭ്യമാവുമെന്ന് പ്രവചിക്കുന്നുണ്ട്.
ഹോട്ടല്‍ വ്യവസായം, വിനോദ സഞ്ചാരം തുടങ്ങിയ മേഖലകളിലാവും മികച്ച ഉദ്യോഗാര്‍ഥികള്‍ക്ക് ആകര്‍ഷകമായ തസ്തികകള്‍ ലഭിക്കുകയെന്ന് ടാലന്റ് എന്റര്‍പ്രെസസ് കണ്‍സള്‍ട്ടിംഗ് ഡയറക്ടര്‍ രാധിക പറഞ്ഞു. കൂടുതല്‍ സ്ത്രീകള്‍ക്ക് എക്‌സ്‌പോയുമായി ബന്ധപ്പെട്ട് തൊഴില്‍ ലഭ്യമാവുമെന്നാണ് കരുതുന്നത്. ഉന്നത വിദ്യാഭ്യാസവും ഒപ്പം മികച്ച വ്യക്തിത്വവും ഉള്ളവര്‍ക്കാവും ഉയര്‍ന്ന തസ്തികകളില്‍ നിയമം ലഭിക്കുകയെന്നും അവര്‍ പറഞ്ഞു.