വകുപ്പിന്റെ അനാസ്ഥ: കര്‍ഷകര്‍ക്ക് കാലിത്തീറ്റ സബ്‌സിഡി ലഭിച്ചില്ല

Posted on: April 7, 2014 9:48 am | Last updated: April 7, 2014 at 9:48 am

പാലക്കാട്: കാലിത്തീറ്റ സബ്‌സിഡി കര്‍ഷകരുടെ ബേങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കുന്ന പദ്ധതി ജില്ലയില്‍ നടപ്പായില്ല. ക്ഷീര വികസന വകുപ്പിന്റെ അനാസ്ഥ കാരണം അനുവദിച്ച തുകയും കര്‍ഷകര്‍ക്ക് ലഭിച്ചില്ല.
2013 ഏപ്രില്‍, മെയ് മാസങ്ങളിലെ കാലിത്തീറ്റ സബ്‌സിഡിയായി ജില്ലയിലേക്ക് അനുവദിച്ച 80 ലക്ഷം മാര്‍ച്ച് അവസാനമായിട്ടും ചെലവഴിക്കാത്തതിനെത്തുടര്‍ന്ന് ധനകാര്യവകുപ്പ് വിജിലന്‍സ് വിഭാഗം തുകപിടിച്ചെടുത്ത് ട്രഷറിയില്‍ അടച്ചു.
ഇതുമൂലം ജില്ലയിലെ കര്‍ഷകര്‍ക്ക് ലഭിക്കേണ്ടിയിരുന്ന കാലിത്തീറ്റ സബ്‌സിഡി നഷ്ടപ്പെട്ട സ്ഥിതിയാണ്. 2013 ഏപ്രില്‍ മുതല്‍ പ്രാഥമിക ക്ഷീര സംഘങ്ങളില്‍ പാലളക്കുന്ന കര്‍ഷകര്‍ക്ക് ഒരുലിറ്റര്‍ പാലിന് ഒരുരൂപവീതം കാലിത്തീറ്റ സബ്‌സിഡിയിനത്തില്‍ കര്‍ഷകരുടെ ബേങ്ക് അക്കൗണ്ടിലേക്ക് ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (ഡി ബി ടി) പദ്ധതിപ്രകാരം നല്‍കാനായിരുന്നു പദ്ധതി.
ഇതിനായി കര്‍ഷകരുടെ വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പെടുന്ന അപേക്ഷയും അനുബന്ധ രേഖകളും ക്ഷീര വികസനവകുപ്പ് കര്‍ഷകരില്‍നിന്ന് വാങ്ങിയിരുന്നു. ഈ വിവരങ്ങള്‍ എന്‍ട്രി ചെയ്യുന്നതിന് ഒരു അപേക്ഷയ്ക്ക് അഞ്ചുരൂപ നിരക്കില്‍ കരാര്‍ നല്‍കിയാണ് വിവരങ്ങള്‍ ഏകീകരിച്ചത്. സാമ്പത്തിക വര്‍ഷം തീരാറായിട്ടും എന്‍ട്രി പൂര്‍ത്തിയായില്ലെന്ന വാദമാണ് വകുപ്പധികൃതര്‍ പറയുന്നത്. പൂര്‍ത്തിയായ കര്‍ഷകര്‍ക്ക് സബ്‌സിഡിത്തുക നല്‍കാനും തയ്യാറായിട്ടില്ല.
കാലിത്തീറ്റ സബ്‌സിഡി അനുവദിക്കുമെന്നും അതിനാല്‍ ക്ഷീര സംഘങ്ങള്‍ തനതുഫണ്ടില്‍നിന്ന് കര്‍ഷകര്‍ക്ക് മൂന്ന് മാസത്തെ കാലിത്തീറ്റ സബ്‌സിഡി നല്‍കണമെന്നും ക്ഷീര വികസന വകുപ്പ് സംഘങ്ങളോട് നിര്‍ദേശിച്ചിരുന്നു.
ഇതുപ്രകാരം സംഘങ്ങള്‍ കര്‍ഷകര്‍ക്ക് സബ്‌സിഡിത്തുക നല്‍കിയത് വകുപ്പ് തിരിച്ചു നല്‍കാതിരുന്നാല്‍ ചെറുകിട ക്ഷീര സംഘങ്ങള്‍ക്ക് വന്‍ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന് സംഘം സെക്രട്ടറിമാരും പറയുന്നു.