റിയാസ് കുന്ദമംഗലത്തിന്റെ ശില്‍പ്പങ്ങള്‍ ശ്രദ്ധേയമാകുന്നു

Posted on: April 7, 2014 9:01 am | Last updated: April 7, 2014 at 9:01 am

കല്‍പ്പറ്റ: വയനാട് ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റയില്‍ നടത്തുന്ന അഖിലേന്ത്യ ട്രേഡ് ഫെയറില്‍ റിയാസ് കുന്ദമംഗലത്തിന്റെ എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കായി നടത്തുന്ന ശില്‍പ പ്രദര്‍ശനം ശ്രദ്ധയാകര്‍ഷിക്കുന്നു.
‘ചതിക്കപ്പെട്ട ഒരുടല്‍, വര്‍ഗീയത, വലയിലേക്ക് ഒരു ക്ലിക്ക് ദൂരം, കൈവെള്ളയില്‍ ഒരു ഒറ്റുകാരന്‍, കാലമിരുളുമ്പോള്‍, അവിവാഹിതരായ അമ്മ, ആന കണ്ണീര്‍, അനശ്വരമായ മാതൃത്വം, വിലപിക്കുന്ന മാതൃത്വം, ചരിത്ര ഗതിയും, മനംനൊന്ത മദര്‍ തെരേസ’ തുടങ്ങിയ ശില്‍പങ്ങളിലൂടെ യുവതലമുറയുടെ കണ്ണു തുറപ്പിക്കാനും വരും കാലങ്ങളില്‍ ദൈവത്തിന്റെ സ്വന്തം നാടിനെ തിരിച്ചുപിടിക്കാനുള്ള സന്ദേശവുമാണ് പ്രദര്‍ശനത്തില്‍ ഒരുക്കിയിരിക്കുന്നത്.
ശില്‍പകലയില്‍ ഔപചാരിക വിദ്യാഭ്യാസം നേടാതെ ജ•നാ ദൈവികമായി കിട്ടിയ കഴിവുപയോഗിച്ച് വര്‍ഷങ്ങള്‍ പഴക്കമുള്ള വേരുകള്‍ അവയുടെ സ്വാഭാവിക പ്രകൃതത്തിന് ഭംഗം വരാതെ സമകാലീന ഇന്ത്യന്‍ ദുരവസ്ഥകള്‍ പ്രമേയമാക്കിയാണ് റിയാസ് ശില്‍പങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. ഏപ്രില്‍ 15 വരെ കല്‍പറ്റയില്‍ നടക്കുന്ന എക്‌സിബിഷനില്‍ റിയാസ് കുന്ദമംഗലത്തിന്റെ ശില്‍പ പ്രദര്‍ശനമുണ്ടാകും.