പ്രചാരണത്തിന് പൊലിമ കൂട്ടാന്‍ പാട്ടുവണ്ടി മുതല്‍ വര്‍ണവണ്ടികള്‍ വരെ

Posted on: April 7, 2014 8:17 am | Last updated: April 7, 2014 at 8:17 am

തിരുന്നാവായ: വോട്ടെടുപ്പിന് ഇനി രണ്ടു നാള്‍ മാത്രം അവശേഷിച്ചിരിക്കെ നാടും നഗരവും ആവേശത്തിമിര്‍പ്പില്‍. പരസ്യ പ്രചരണത്തിന് നാളെ വൈകുന്നേരത്തോടെ പരിസമാപ്തി കുറിക്കുമെന്നതിനാല്‍ പരമാവധി വോട്ടുകള്‍ ഉറപ്പിക്കുവാനുള്ള കഠിന പരിശ്രമത്തിലാണ് സ്ഥാനാര്‍ഥികളും പാര്‍ട്ടി പ്രവര്‍ത്തകരും.
ജില്ലയിലെ ഇരു മണ്ഡലങ്ങളിലും പത്തിലേറെ സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുണ്ടെങ്കിലും പ്രചാരണത്തില്‍ ഏറെ മികച്ചുനില്‍ക്കുന്നത് എല്‍ ഡി എഫ്, യു ഡി എഫ് കക്ഷികള്‍ തന്നെയാണ്.
പ്രചരണത്തിന് ഹരം പകരാന്‍ പാട്ടുവണ്ടിമുതല്‍ വര്‍ണ്ണവണ്ടികള്‍ വരെ രംഗത്തുണ്ട്. പ്രത്യേകം അലങ്കരിച്ചിട്ടുള്ള മിനി ലോറികളിലാണ് പാട്ടുവണ്ടികള്‍ അലങ്കരിച്ചിട്ടുള്ളത്. സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി വോട്ട് അഭ്യര്‍ഥിക്കുന്ന വിവിധ ഗാനങ്ങള്‍ ആലപിക്കുവാന്‍ വേണ്ടി ഇരു മുന്നണികളും മികച്ച ഗായകരെ തന്നെയാണ് ഇതിന്‌വേണ്ടി രംഗത്തിറക്കിയിട്ടുള്ളത്. കുട്ടികള്‍ മുതല്‍ വലിയവര്‍ വരെ ഗായക നിരയിലുണ്ട്.
തിരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ക്ക് പുറമെ സ്ഥനാര്‍ത്ഥികളുടെയും പാര്‍ട്ടി ലീഡര്‍ മാരുടേയും വിവിധ വര്‍ണ്ണങ്ങളിലുള്ള ഫോട്ടോകള്‍ ആലേഖനം ചെയ്ത വര്‍ണ വണ്ടികളും പ്രചാരണത്തിന് പൊലിമ കൂട്ടുന്നു. കാറുകള്‍, ബൈക്കുകള്‍, ഓട്ടോറികള്‍ എന്നീ വാഹനങ്ങളാണ് ഇതിനുവേണ്ടി ഉപയോഗിക്കുന്നത്. ഇതേ രൂപത്തിലുള്ള വിവിധങ്ങളായ ടി ഷര്‍ട്ടുകളും ഇത്തവണ പ്രചാരണ രംഗത്തെ വേറിട്ട കാഴ്ചയാണ്.
സ്ഥാനാര്‍ഥികളുടെ നേതൃത്വത്തില്‍ നടക്കുന്ന റോഡു ഷോകള്‍ക്കു പുറമെ പഞ്ചായത്ത്, മുനിസിപ്പല്‍ കമ്മറ്റികളുടെ നേതൃത്വത്തിലുള്ള റോഡു ഷോകളും മറ്റും തെരുവുകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഇതിന് പുറമെ വീടുകള്‍ കയറിയിറങ്ങിയുള്ള പ്രചാരണവും ശക്തമാണ്.