Connect with us

Ongoing News

സ്ഥാനാര്‍ഥികളായി രണ്ട് ഡസനിലധികം മുന്‍ മുഖ്യമന്ത്രിമാര്‍

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ഇത്തവണ ലോക്‌സഭയിലേക്ക് മത്സരിക്കുന്നത് രണ്ട് ഡസനിലധികം മുന്‍ മുഖ്യമന്ത്രിമാര്‍. ഇതില്‍ ബി ജെ പി ദേശീയ അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ്, ലോക്‌സഭാ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ്, കോണ്‍ഗ്രസിന്റെ ഗുലാംനബി ആസാദ്, സുശീല്‍കുമാര്‍ ഷിന്‍ഡെ, അശോക് ചവാന്‍, ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്, സമാജ്‌വാദി പാര്‍ട്ടി മേധാവി മുലായം സിംഗ് യാദവ്, ആര്‍ ജെ ഡി നേതാവ് റാബ്‌റി ദേവി, എ എ പി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ എന്നിവര്‍ ഉള്‍പ്പെടും.
നിലവില്‍ മുഖ്യമന്ത്രിമാരായ രണ്ട് പേരും ഇത്തവണ മത്സരരംഗത്തുണ്ട്. ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോദിയാണ് ഒന്ന്. നാഗാലാന്‍ഡ് മുഖ്യമന്ത്രിയായ നെയ്ഫു റിയോ ആണ് മുഖ്യമന്ത്രിക്കസേരയില്‍ ഇരുന്നുകൊണ്ട് പാര്‍ലിമെന്റിലേക്ക് മത്സരിക്കുന്ന രണ്ടാമത്തെയാള്‍.
ലക്‌നോവില്‍ നിന്ന് മത്സരിക്കുന്ന രാജ്‌നാഥ് സിംഗ് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയാണ്. സുഷമാ സ്വരാജാകട്ടെ ഡല്‍ഹിയില്‍ മുഖ്യമന്ത്രി സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. മധ്യപ്രദേശിലെ വിദിഷയില്‍ നിന്നാണ് സുഷമ ഇത്തവണ മത്സരിക്കുന്നത്. ജമ്മു കാശ്മീര്‍ മുഖ്യമന്ത്രിയായിരുന്ന നിലവിലെ കേന്ദ്ര മന്ത്രി ഗുലാം നബി ആസാദ് ജമ്മു കാശ്മീരിലെ ഉദംപൂര്‍ മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രിമാരായിരുന്ന അശേക് ചവാന്‍, സുശീല്‍കുമാര്‍ ഷിന്‍ഡെ എന്നിവരും മത്സരിക്കുന്നുണ്ട്. ഷിന്‍ഡെ സോളാപൂരില്‍ നിന്നും ചവാന്‍ നന്ദേദ് മണ്ഡലത്തില്‍ നിന്നുമാണ് മത്സരിക്കുന്നത്.
കര്‍ണാടകയില്‍ നിന്ന് ആറ് മുന്‍ മുഖ്യമന്ത്രിമാരാണ് ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്. ബി ജെ പി സ്ഥാനാര്‍ഥികളായി ബി എസ് യഡിയൂരപ്പ, ഡി വി സദാനന്ദ ഗൗഡ, കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായ ധരം സിംഗ്, വീരപ്പ മൊയ്‌ലി, ജനതാദള്‍ എസ് സ്ഥാനാര്‍ഥികളായ എച്ച് ഡി ദേവെഗൗഡ, മകന്‍ എച്ച് ഡി കുമാരസ്വാമി എന്നിവരാണ് വിവിധ കാലങ്ങളിലായി കര്‍ണാടകയില്‍ മുഖ്യമന്ത്രിമാരായിരുന്നിട്ടുള്ളത്. ഉത്തരാഖണ്ഡില്‍ നിന്ന് ബി ജെ പിക്ക് വേണ്ടി മൂന്ന് മുന്‍ മുഖ്യമന്ത്രിമാരാണ് ഇത്തവണ രംഗത്തുള്ളത്. ഝാര്‍ഖണ്ഡ്, ബീഹാര്‍, ഒഡീഷ എന്നിവിടങ്ങളില്‍ നിന്നായി രണ്ട് മുന്‍ മുഖ്യമന്ത്രിമാരാണ് മത്സരിക്കുന്നത്. മേഘാലയ മുന്‍ മുഖ്യമന്ത്രി പി എ സാംഗ്മയും മത്സരരംഗത്തുണ്ട്.

 

---- facebook comment plugin here -----

Latest