മുംബൈ സ്വദേശിനിയെ കോഴിക്കോട്ടെത്തിച്ച് പീഡനം: അന്വേഷണം ഊര്‍ജിതമാക്കി

Posted on: April 6, 2014 2:44 am | Last updated: April 6, 2014 at 2:44 am

കോഴിക്കോട്: മുംബൈ സ്വദേശിനിയായ പതിനഞ്ചുകാരിയെ കോഴിക്കോട്ടെത്തിച്ച് പീഡിപ്പിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കസബ സി ഐ ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മുംബൈ പോലീസിന്റെ സഹായം തേടിയിട്ടുണ്ട്.
ജോലി വാഗ്ദാനം ചെയ്ത് കോഴിക്കോട്ടെത്തിച്ച് കല്ലായി റോഡിലെ ലോഡ്ജില്‍ താമസിപ്പിച്ചാണ് പീഡിപ്പിച്ചത്. വ്യാഴാഴ്ചയാണ് സ്ത്രീ ഉള്‍പ്പെടെ മൂന്നംഗ സംഘം മുറിയെടുത്തത്. ഇവിടെ രണ്ട് മുറികളിലായി താമസിക്കുകയും മലപ്പുറം സ്വദേശി ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. പുലര്‍ച്ചെ ലോഡ്ജില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി റെയില്‍വേ സ്റ്റേഷനിലെത്തുകയും ഓട്ടോ ഡ്രൈവറുടെ സഹായത്തോടെ വനിതാ പോലീസ് സ്റ്റേഷനില്‍ എത്തുകയുമായിരുന്നു.
ജോലി തേടി ബംഗളൂരുവിലെത്തിയപ്പോള്‍ പരിചയപ്പെട്ട ചോട്ടി എന്ന സ്ത്രീ തന്റെ ഭര്‍ത്താവും ഭര്‍തൃസഹോദരനുമെന്ന് പരിചയപ്പെടുത്തിയ രണ്ട്‌പേര്‍ക്കൊപ്പം കോഴിക്കോട്ടേക്ക് അയച്ചുവെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. സംഭവത്തിന് പിന്നില്‍ സെക്‌സ് റാക്കറ്റിന് പങ്കുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ജുവൈനല്‍ ഹോമില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമം വിജയിച്ചിട്ടില്ല.