വിസാമാറ്റം: ഖത്തറില്‍ നിയമ ഭേദഗതി ഉടനുണ്ടാകും

Posted on: April 6, 2014 2:36 am | Last updated: April 6, 2014 at 2:36 am

Gulf-Workers

ദോഹ: ഖത്തറില്‍ വിദേശ തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ് മാറ്റം സംബന്ധിച്ച നിയമ ഭേദഗതി വൈകാതെ നടപ്പിലാവാന്‍ സാധ്യത. ചില പ്രത്യേക കാറ്റഗറിയില്‍ പെട്ട നിര്‍മാണ പദ്ധതികള്‍ക്കായി രാജ്യത്തെത്തുന്ന തൊഴിലാളികള്‍ക്കാണ് പ്രാഥമിക ഘട്ടത്തില്‍ ഈ ആനുകൂല്യം പ്രയോജനപ്പെടുക.രണ്ടായിരത്തി ഇരുപത്തിരണ്ടിലെ ഫുട്ബാള്‍ ലോകക്കപ്പിനായുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ദിനംപ്രതി ആയിരക്കണക്കിന് വിദേശ തൊഴിലാളികളാണ് രാജ്യത്തെത്തുന്നത്.

വിവിധ മേഖലകളിലുള്ള പദ്ധതികള്‍ക്കായി കരാര്‍ അടിസ്ഥാനത്തില്‍ രാജ്യത്തെത്തുന്ന തൊഴിലാളികള്‍ പദ്ധതി പൂര്‍ത്തിയാവുന്നതോടെ സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോകണമെന്നാണ് നിലവിലുള്ള നിയമം. അതിനു ശേഷം കരാര്‍ പുതുക്കുകയോ ജോലിയിടം മാറുകയോ ചെയ്യാന്‍ സാധിക്കാത്ത നിയമമാണ് നിലവിലുള്ളത്. പ്രസ്തുത നിയമമനുസരിച്ച് തുടര്‍ന്ന് രാജ്യത്തിന് പുറത്ത് രണ്ടു വര്‍ഷ കാലയളവ് പൂര്‍ത്തിയാക്കാതെ ഇവര്‍ക്ക് ഖത്തറില്‍ തിരിച്ചു മറ്റൊരു വിസയില്‍ വരാനും കഴിയില്ല. അന്താരാഷ്ട്ര മനുഷ്യാവകാശ സമിതി, ഈ നിയമം ഭേദഗതി ചെയ്യണമെന്ന് ഖത്തറിനോട് പല തവണ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ ഖത്തര്‍ തങ്ങളുടെ അനുകൂല നിലപാട് അറിയിച്ചു കഴിഞ്ഞിട്ടുണ്ട്. അതോടെ മറ്റൊരു സ്‌പോണ്‍സറുടെ കീഴിലേക്ക് രാജ്യത്ത് നിന്ന് തന്നെ മാറി തുടര്‍ന്നു ജോലി ചെയ്യാനുള്ള അവസരം പ്രവാസികള്‍ക്ക് കൈവരും.

നിയമഭേദഗതി സംബന്ധിച്ച് വിശദമായ പഠനം നടത്താന്‍ സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയമിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ആദ്യഘട്ടമെന്ന നിലയില്‍ ചില പ്രത്യേക പദ്ധതികള്‍ക്കായി രാജ്യത്തെത്തുന്ന തൊഴിലാളികള്‍ക്ക് സ്‌പോണ്‍സര്‍ഷിപ് മാറാനുള്ള നിയമം ഉടന്‍ നടപ്പിലായേക്കുമെന്ന് ഔദ്യോഗിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് പ്രാദേശിക അറബി പത്രം റിപ്പോര്‍ട്ട് ചെയ്തത്.

തൊഴിലാളികളുടെ മുന്‍ പരിചയവും വൈദഗ്ദ്ധ്യവും തുടര്‍ന്നും ഉപയോഗിക്കാന്‍ കഴിയുന്നതോടൊപ്പം പുതിയ തൊഴിലാളികളെ നിയമിക്കുമ്പോഴുള്ള ധനനഷ്ടവും സമയനഷ്ടവും ഒഴിവാക്കാനും ഇത് വഴി സാധിക്കും. വിദേശ തൊഴിലാളികളുടെ വന്‍ തോതിലുള്ള കുടിയേറ്റം ഒരു പരിധി വരെ നിയന്ത്രിക്കാന്‍ ഇതുവഴി കഴിഞ്ഞേക്കുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.

എന്നാല്‍ റിക്രൂട്ട്‌മെന്റ്റ് കമ്പനികള്‍ക്ക് നിയമം തിരിച്ചടിയായേക്കുമെന്നും സൂചനയുണ്ട്.അതേസമയം രാജ്യത്തെ മുഴുവന്‍ വിദേശ തൊഴിലാളികള്‍ക്കും സ്‌പോണ്‍സര്‍ഷിപ് മാറ്റം അനുവദിച്ചു കൊണ്ടുള്ള നിയമം വൈകാതെ പ്രാബല്യത്തില്‍ വരുമെന്ന പ്രതീക്ഷയിലാണ് പ്രവാസി സമൂഹം.

മുഹ്‌സിന്‍ ചേലേമ്പ്ര