കോമെക്‌സ് 2014: ഇലക്‌ട്രോണിക്‌സ് പ്രദര്‍ശനം നാളെ മുതല്‍

Posted on: April 6, 2014 2:20 am | Last updated: April 6, 2014 at 2:20 am

മസ്‌കത്ത്: രാജ്യാന്തര ഇലക്‌ട്രോണിക് ടെലികമ്യൂണിക്കേഷന്‍ പ്രദര്‍ശനമായ ‘കോമെക്‌സ്’ ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്ററില്‍ നാളെ ആരംഭിക്കും. ഈമാസം 11 വരെ നീണ്ടു നില്‍ക്കും. സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. യഹ്‌യ ബിന്‍ മഹ്ഫൂദ് അല്‍ മന്താരി ഉദ്ഘാടനം ചെയ്യും. ഒമാന്‍ ഇന്റര്‍നാഷനല്‍ ട്രേഡ് ആന്‍ഡ് എക്‌സിബിഷന്‍ ഇന്‍ഫര്‍മേഷന്‍ ടെകിനോളജി അതോറിറ്റിയുമായി സഹകരിച്ചാണ് പ്രദര്‍ശനം ഒരുക്കുന്നത്.
ഏറ്റവും പുതിയ ഇലക്‌ട്രോണിക് ഉത്പന്നങ്ങള്‍ പരിചയപ്പെടുത്തുന്ന രാജ്യത്തെ വലിയ ഇലക്‌ട്രോണിക് മേളയാണ് കോമക്‌സ്, ഗൂഗിള്‍ ഉള്‍പെടെയുള്ള ലോകത്തെ ശ്രദ്ധേയരായ കമ്പനികള്‍ തങ്ങളുടെ പുതിയ ഉത്പന്നങ്ങളും സേവനങ്ങളും കോമക്‌സില്‍ അവതരിപ്പിക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങളും പ്രാദേശിക, രാജ്യാന്തര തലത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികളും ഒരു കുടക്കീഴില്‍ അണി നിരക്കുന്ന ഐ ടി മേളയാണിത്. ടെലികോം വ്യവസായ മേഖലയില്‍ നിന്നും മുന്‍നിര കമ്പനികളുടെ സാന്നിധ്യം മേളയിലുണ്ടാകും. കോമക്‌സ് ബിസിനസ്, കോമക്‌സ് ഇ ഗവണ്‍മെന്റ്, കോമക്‌സ് ഷോപ്പര്‍ എന്നീ മൂന്നു വിഭാഗങ്ങളായാണ് മേള ഒരുക്കുന്നത്.
രാജ്യത്തെ ഇന്‍ഫര്‍മേഷന്‍-കമ്യൂണിക്കേഷന്‍ ടെക്‌നോളജി മേഖലയില്‍ വളരെ ശ്രദ്ധേയമായ പ്രദര്‍ശനമാണിതെന്ന് ഒമാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇല്ക്‌ട്രോണിക് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് തങ്ങളുടെ പുതിയ ഉത്പന്നങ്ങളും സാങ്കേതിക വിദ്യകളും പരിചയപ്പെടുത്തുന്നതിനും വിപണിയിലേക്കു പ്രവേശം തേടുന്നതിനും കോമക്‌സ് അവസരമൊരുക്കുന്നു. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളും വകുപ്പുകളും നല്‍കുന്ന ഇ ഗവണ്‍മെന്റ് സേവനങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ കോമക്‌സ് അവസരമൊരുക്കുന്നു. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഇത് പ്രയോജനപ്പെടും.
രാജ്യത്തുനിന്നും 36 ഗവണ്‍മെന്റ് സ്ഥാപനങ്ങളാണ് ഈ വര്‍ഷം പങ്കെടുക്കുന്നത്. കൂടാതെ യു എ ഇ ഉള്‍പെടെയുള്ള ഏതാനും വിദേശ രാജ്യങ്ങളും പങ്കെടുക്കും. പ്രദര്‍ശനത്തോടനുബന്ധിച്ച് നടക്കുന്ന സമ്മേളനങ്ങള്‍ ഐ ടി, കമ്യൂണിക്കേഷന്‍ രംഗത്തെ വികാസങ്ങളും വെല്ലുവിളികളും ചര്‍ച്ച ചെയ്യും. സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷനുകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന പ്രത്യേക സമ്മേളനം കോമസ്‌കിന്റെ ഭാഗമായി നടക്കും. രാജ്യാന്തര ഐ ടി വിദഗ്ധര്‍ പങ്കെടുക്കുന്നതാണ് സമ്മേളനം. ആപ്ലിക്കേഷന്‍ തയാറാക്കി നല്‍കുന്നവര്‍, അവയുടെ കാര്യക്ഷമത, ഉത്പാദക്ഷമത, സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍ ലോകം സൃഷ്ടിക്കുന്ന അവസരങ്ങളും വെല്ലുവിളികളും തുടങ്ങിയ വിഷയങ്ങള്‍ കോമക്‌സ് ചര്‍ച്ചക്കു വിധേയമാക്കും.