സ്വകാര്യ ബസുകളില്‍ ക്ലീനര്‍മാരുടെ പടി നീക്കം ചെയ്യണം: മനുഷ്യാവകാശ കമ്മീഷന്‍

Posted on: April 6, 2014 6:00 am | Last updated: April 6, 2014 at 1:15 am

News bustand Calicut

തിരുവനന്തപുരം: സ്വകാര്യ ബസുകളില്‍ ക്ലീനര്‍മാര്‍ക്ക് നില്‍ക്കാന്‍ അനധികൃതമായി നിര്‍മിച്ച പടി അടിയന്തരമായി നീക്കം ചെയ്യണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ ഇ ഗംഗാധരന്‍.
അനധികൃതമായി പടി നിര്‍മിച്ചതു കാരണം വികലാംഗര്‍ക്ക് ബസുകളില്‍ കയറാന്‍ സാധിക്കുന്നില്ലെന്ന കണ്ണൂര്‍ തിമിരി സ്വദേശി കാനം കുഞ്ഞിരാമന്റെ പരാതിയിലാണ് നടപടി. ഇക്കാരണത്താല്‍ ശാരീരിക വൈകല്യമുള്ളവര്‍ക്ക് സ്വകാര്യ ബസുകളില്‍ കയറി ഭാഗ്യക്കുറി വില്‍ക്കാന്‍ സാധിക്കുന്നില്ലെന്നും പരാതിയില്‍ പറയുന്നു.
കമ്മീഷന്‍ കണ്ണൂര്‍ ആര്‍ ടി ഒയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
ക്ലീനര്‍മാര്‍ക്ക് നില്‍ക്കാന്‍ പടി നിര്‍മിക്കുന്നത് അനധികൃതമാണെന്നും ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആര്‍ ടി ഒ അറിയിച്ചു. ശാരീരിക വൈകല്യമുള്ളവര്‍ക്ക് ബസിനുള്ളില്‍ കയറാന്‍ തടസ്സമുണ്ടാകാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നും കെ ഇ ഗംഗാധരന്‍ ഉത്തരവില്‍ പറഞ്ഞു.