യു പി എക്കൊപ്പം ഉറച്ചു നില്‍ക്കും: ഉമര്‍ അബ്ദുല്ല

    Posted on: April 6, 2014 12:25 am | Last updated: April 6, 2014 at 12:25 am

    omar abdullaന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ഫലം എന്തായാലും നാഷനല്‍ കോണ്‍ഫറന്‍സ് യു പി എക്കൊപ്പം ഉറച്ചു നില്‍ക്കുമെന്ന് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല. എന്‍ ഡി എയില്‍ ചേരുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസോ ബി ജെ പിയോ ഇല്ലാത്ത മൂന്നാം മുന്നണിയില്‍ ചേരാനുള്ള സാധ്യതയും അദ്ദേഹം തള്ളി. കഴിഞ്ഞ പത്ത് വര്‍ഷം കാശ്മീരില്‍ നേട്ടങ്ങളുടെ കാലമായിരുന്നു. കണക്കുകള്‍ അത് വ്യക്തമാക്കുന്നുണ്ട്. സംസ്ഥാനത്ത് സൈനികരുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
    2002ലെ കലാപത്തില്‍ നരേന്ദ്ര മോദി മാപ്പ് പറയണമെന്ന് ഉമര്‍ ആവശ്യപ്പെട്ടു. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലെ മോദി തരംഗത്തെ അദ്ദേഹം പരിഹസിച്ചു. മോദി തന്നെ പിന്തുണക്കുന്നവരോട് കൂടുതല്‍ ഉത്തരവാദിത്വം പുലര്‍ത്തണം. കശ്മീരില്‍ പണ്ഡിറ്റുകള്‍ പ്രദേശം വിട്ടു പോയത് നിര്‍ഭാഗ്യകരമാണ്. അവര്‍ക്ക് സുരക്ഷിതത്വം ഒരുക്കുന്നതിന് സംസ്ഥാനം ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു.
    ആം ആദ്മി ആവേശമാകുന്നുണ്ടെങ്കിലും ദേശീയ തിരഞ്ഞെടുപ്പില്‍ ഡല്‍ഹി ആവര്‍ത്തിക്കാന്‍ പുതിയ പാര്‍ട്ടിക്ക് കഴിയില്ല. ഇത്തരം പ്രതിഭാസങ്ങള്‍ പെട്ടെന്ന് നിലക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.