അറസ്റ്റിലായ തീവ്രവാദികളെ മൂന്നാറില്‍എത്തിച്ച് തെളിവെടുപ്പ് നടത്തി

Posted on: April 5, 2014 3:11 pm | Last updated: April 6, 2014 at 1:08 am

indian mujahiddeen vaqasതൊടുപുഴ: ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദികളായ തെഹ്‌സീന്‍ അക്തറെയും വഖാസിനെയും മൂന്നാറിലെത്തിച്ച് ഡല്‍ഹി പോലീസ് തെളിവെടുപ്പ് നടത്തി. ഇന്നലെ രാവിലെ ഒമ്പതരയോടെ ഇരുവരെയും പ്രത്യേക വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചു. തുടര്‍ന്ന് നാവികസേനയുടെ രണ്ട് ഹെലികോപ്റ്ററുകളിലായി ആനച്ചാലിലെത്തിച്ചു. ഭീകരര്‍ക്കൊപ്പം മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വീതം ഉണ്ടായിരുന്നു.

ആനച്ചാലില്‍ നിന്ന് കനത്ത സുരക്ഷയില്‍ മൂന്നാറില്‍ വഖാസ് താമസിച്ചിരുന്ന കോളനി റോഡിലെ ‘വെന്‍ വില്‍ യു സ്‌റ്റേ’ ഹോം സ്‌റ്റേയില്‍ എത്തിച്ചു. ഇരുവരെയും സ്ഥാപന ഉടമ മുനീശ്വരന്റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് ഇക്കാ നഗറിലെ ലാന്‍ഡ് ചായക്കടയിലും ഇന്റര്‍ നെറ്റ് കഫേയിലും ശീതളപാനീയങ്ങള്‍ വില്‍ക്കുന്ന കടയിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇവരെ മൂന്നാറില്‍ സഹായിച്ച ഗൈഡിനെ വിളിച്ചുവരുത്തിയും അന്വേഷണം നടത്തി.
മൂന്നാര്‍ പോലീസ് സ്റ്റേഷനിലെത്തിച്ച ഇവര്‍ക്ക് ഭക്ഷണം നല്‍കിയ ശേഷമാണ് കൊച്ചിയിലേക്ക് കൊണ്ടുപോയത്. മുഖം മറച്ച് ചങ്ങലയില്‍ ബന്ധിച്ചാണ് രണ്ട് പേരെയും എത്തിച്ചത്.
വഖാസിന് മൂന്നാറില്‍ താമസം ഒരുക്കിയ ജമീല്‍ എന്ന ഡല്‍ഹി സ്വദേശി ഒളിവിലാണ്. ഇയാളെക്കുറിച്ചും തീവ്രവാദാകളുടെ മൂന്നാറിലെ പദ്ധതികളെകുറിച്ചും ദല്‍ഹി പോലീസ് വിവരങ്ങള്‍ ശേഖരിച്ചു.