Connect with us

Kannur

കണ്ണൂരില്‍ തിരഞ്ഞെടുപ്പ് സുരക്ഷക്ക് എട്ട് കമ്പനി കേന്ദ്രസേനയും രണ്ടായിരം പോലീസുകാരും

Published

|

Last Updated

കണ്ണൂര്‍: നിഷ്പക്ഷവും നിര്‍ഭയവുമായ തിരഞ്ഞെടുപ്പിന് കണ്ണൂര്‍ ജില്ലയില്‍ ശക്തമായ സുരക്ഷയൊരുക്കുമെന്ന് ജില്ലാ പോലീസ് മേധാവി പി എന്‍ ഉണ്ണിരാജന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ കാല തിരഞ്ഞെടുപ്പുകളിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കണ്ണൂരില്‍ കനത്ത സുരക്ഷയൊരുക്കുന്നത്. എട്ട് കമ്പനി സെന്‍ട്രല്‍ ആംഡ് ഫോഴ്‌സിനെ കണ്ണൂരില്‍ നിയോഗിക്കും. 720 പേരാണ് കേന്ദ്രസേനയില്‍ നിന്നുണ്ടാവുക. സി ആര്‍ പി എഫ്, ബി എസ് എഫ്, സി ഐ എസ് എഫ് എന്നീ വിഭാഗങ്ങളില്‍ നിന്നുള്ളവരെയാണ് കണ്ണൂരില്‍ വിന്യസിക്കുക. പ്രശ്‌നസാധ്യതാ ബൂത്തുകളില്‍ കേന്ദ്രസേനയുണ്ടാവും. പാരാമിലിട്ടറി ഫോഴ്‌സിനെയും ബൂത്തുകളില്‍ വിന്യസിക്കും. 1606 ബൂത്തുകളാണ് ജില്ലയിലുള്ളത്. ഇതില്‍ 709 ബൂത്തുകളാണ് പ്രശ്‌നസാധ്യത ബൂത്തുകള്‍. വയനാട്ടില്‍ നിന്ന് 200 പോലീസുകാര്‍ ഉള്‍പ്പെടെ ജില്ലയില്‍ 2000 പോലീസുകാര്‍ തിരഞ്ഞെടുപ്പ് ചുമതലക്കുണ്ടാകും. 708 സ്‌പെഷ്യല്‍ പോലീസിനെയും നിയോഗിക്കും. 1100 ബൂത്തുകളിലും വീഡിയോ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏഴോ എട്ടോ ബൂത്തുകള്‍ക്ക് ഒന്നെന്ന തരത്തില്‍ 150 ഗ്രൂപ്പുകളുണ്ടാക്കി പട്രോളിംഗും ഏര്‍പ്പെടുത്തും. കേന്ദ്ര സേനാംഗങ്ങളുള്‍പ്പെടെ ലോ ആന്റ് ഓര്‍ഡര്‍ പട്രോളിംഗും അരമണിക്കൂര്‍ ഇടവിട്ട് ബൂത്തുകളിലുണ്ടാവും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 90 ശമതാനം പോളിംഗ് നടക്കുകയും ഒരേ സ്ഥാനാര്‍ഥിക്ക് 75 ശതമാനം വോട്ട് ലഭിക്കുകയും ചെയ്ത ബൂത്തുകളെ പ്രശ്‌നസാധ്യതാ ബൂത്തുകളായി കണക്കാക്കും. പ്രശ്‌ന സാധ്യതയില്ലാത്ത ബൂത്തില്‍ ഒരു പോലീസിനെയാണ് നിയോഗിക്കുക. പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കും ആവശ്യമായ സംരക്ഷണമേര്‍പ്പെടുത്തും. കള്ളവോട്ടിനെതിരെ ശക്തമായ നടപടി സ്വീകരിക്കും. കള്ളവോട്ട് ചെയ്യുന്നത് ഏത് തരത്തിലായാലും കണ്ടുപിടിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. വോട്ടര്‍മാര്‍ക്ക് ഭയം കൂടാതെ സമ്മതിദാനാവകാശം വിനിയോഗിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും എസ് പി അറിയിച്ചു.
തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനായി 13 സര്‍ക്കിളുകളിലും സി ഐമാരുടെ നേതൃത്വത്തില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. പരസ്യപ്രചാരണം അവസാനിക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന കലാശക്കൊട്ട് സമാധാനപരമായി നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. സംഘര്‍ഷസാധ്യതയുള്ള ചില സ്ഥലങ്ങളില്‍ കലാശക്കൊട്ട് ഒഴിവാക്കാനും നടത്തുന്ന സ്ഥലങ്ങളില്‍ ഓരോ കക്ഷിക്കും വ്യത്യസ്ഥ സ്ഥലങ്ങളില്‍ സംഘടിപ്പിക്കാനും ധാരണയായിട്ടുണ്ട്. പത്രസമ്മേളനത്തില്‍ ഡി വൈ എസ് പിമാരായ ഒ കെ ശ്രീരാമന്‍, കെ പി കുബേരന്‍, കെ സന്തോഷ് പങ്കെടുത്തു.

 

Latest