വോട്ടിംഗ് യന്ത്രങ്ങളുടെ രണ്ടാംഘട്ട പരിശോധന പൂര്‍ത്തിയായി

Posted on: April 5, 2014 8:42 am | Last updated: April 5, 2014 at 8:42 am

കല്‍പ്പറ്റ: ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വയനാട് മണ്ഡലത്തിലെ പോളിംഗ് ബൂത്തുകളില്‍ ഉപയോഗിക്കുന്ന ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ രണ്ടാംഘട്ട പരിശോധന പൂര്‍ത്തിയായി.
പോളിംഗ് സ്റ്റേഷനുകളില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് മെഷീനുകളുടെ അന്തിമ പട്ടികക്കും ഇതോടെ അംഗീകാരമായി. ഈ പട്ടികയുടെ പകര്‍പ്പ് മത്സരിക്കുന്ന എല്ലാ സ്ഥാനാര്‍ഥികള്‍ക്കും ലഭിക്കും. ഇന്ന് രാവിലെ എട്ടു മുതല്‍ കല്‍പ്പറ്റ എസ് കെ എം ജെ ഹൈസ്‌കൂള്‍, എസ് ഡി എം എല്‍ പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ വോട്ടിംഗ് മെഷീനുകളില്‍ സ്ഥാനാര്‍ഥികളുടെ പേര്, ചിഹ്നം എന്നിവ പതിച്ച് പോളിംഗിനായി സജ്ജീകരിക്കും. സ്ഥാനാര്‍ഥികള്‍ക്കും ഏജന്റുമാര്‍ക്കും ഇവ പരിശോധിക്കാന്‍ സൗകര്യമുണ്ടാകും.
ആകെ പതിനാറ് ബട്ടണുകളാണ് ഒരു ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനിലുണ്ടാവുക. വയനാട് മണ്ഡലത്തില്‍ ആകെ 15 സ്ഥാനാര്‍ഥികളാണുള്ളത്. പുതുതായി ഏര്‍പ്പെടുത്തിയ നോട്ട (നിഷേധ വോട്ട്) യും ഉള്‍പ്പെടുന്നതോടെ മെഷീനിലെ 16 ബട്ടണുകള്‍ക്കും ഉപയോഗമുണ്ടാകും. സ്ഥാനാര്‍ഥികളും അനുവദിച്ച ചിഹ്നങ്ങളും : പി ആര്‍ രശ്മില്‍ നാഥ് (താമര), വാപ്പന്‍ (ആന), എം ഐ ഷാനവാസ് (കൈപ്പത്തി), സത്യന്‍ മൊകേരി (ധാന്യക്കതിരും അരിവാളും), ജലില്‍ നീലാമ്പ്ര (സീലിംഗ്് ഫാന്‍), അഡ്വ. പി പി എ സഗീര്‍ (ചൂല്‍), സതീഷ് ചന്ദ്രന്‍ (പൂക്കളും പുല്ലും), സാം പി മാത്യു (ഈര്‍ച്ചവാള്‍), റംല മമ്പാട് (ഗ്യാസ് സിലിണ്ടര്‍),പി വി അന്‍വര്‍ (കത്രിക), അബ്രഹാം ബന്‍ഹര്‍ (ടെലിവിഷന്‍), ക്ലീറ്റസ് (മെഴുകുതിരികള്‍), സത്യന്‍ താഴെമങ്ങാട് (ഷട്ടില്‍), സത്യന്‍ പുത്തന്‍വീട്ടില്‍ (അലമാര), സിനോജ് എ സി (സ്റ്റെതസ്‌കോപ്പ്).
ബൂത്തിലേക്ക് ഇനി അഞ്ച് ദിവസം മാത്രം ബാക്കിയിരിക്കെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി സത്യന്‍ മോകേരിക്ക് വോട്ടഭ്യര്‍ഥിക്കാന്‍ സി പി എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടും, കോടിയേരി ബാലകൃഷ്ണന്‍, പന്ന്യന്‍ രവീന്ദ്രനും എം ഐ ഷാനവാസിന് വേണ്ടി എ കെ ആന്റണി, ഉമ്മന്‍ചാണ്ടി, വി എം സുധീരന്‍, തുടങ്ങിയവരൊക്കെ വയനാട്ടില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ഇളക്കിമറിക്കാനായെത്തി. സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും വയനാട്ടില്‍ പ്രചാരണത്തിനെത്തുകയില്ലെന്ന് നേരത്തെതന്നെ തീരുമാനിച്ചതായിരുന്നു.
ഇത്രയൊക്കെ ദേശീയസംസ്ഥാന നേതാക്കള്‍ എത്തിയിട്ടും വയനാടന്‍ തിരഞ്ഞെടുപ്പുരംഗം ഇനിയും പൂര്‍ണമായി ചൂടുപിടിച്ചിട്ടില്ല. സാധാരണ തിരഞ്ഞെടുപ്പിന് നാളുകള്‍ക്ക് മുമ്പേ നാലുപേര്‍ കൂടുന്നിടത്തൊക്കെ അതായിരുന്നു ചര്‍ച്ചചെയ്യപ്പെട്ടിരുന്നത്. ചായക്കടകളിലും ബാര്‍ബര്‍ ഷോപ്പുകളിലും ക്ലബ്ബുകളിലുമൊന്നും ഇന്ന് തിരഞ്ഞെടുപ്പ് കാര്യമായ ചര്‍ച്ചയാകുന്നേയില്ല. സാധാരണ വോട്ടര്‍മാരൊക്കെ എന്തോ തീരുമാനമെടുത്ത് ഉറച്ചതുപോലെ.
നേതാക്കളുടെ പ്രസംഗങ്ങളിലൊന്നും പഴയ രീതിയിലുള്ള പ്രാധാന്യം അവര്‍ കാണുന്നില്ല.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ എപ്പോഴും ജാഗ്രതപുലര്‍ത്തുന്ന കണ്ണുകളെ പേടിച്ചാകാം വോട്ടഭ്യര്‍ഥിച്ചുകൊണ്ട് തലങ്ങും വിലങ്ങും ജീപ്പുകള്‍ ചീറിപ്പായുന്നില്ല. വല്ലപ്പോഴും ഒന്നോ രണ്ടോ വാഹനങ്ങള്‍ ഈരീതിയില്‍ പോയാലായി. അതേസമയം സ്ഥാനാര്‍ഥി പര്യടനവേളകളില്‍ അവരെ സ്വീകരണകേന്ദ്രങ്ങളിലേക്ക് ആനയിക്കാന്‍ ഫ്‌ളക്‌സുകളാല്‍ അലംകൃതമായ, ഉച്ചഭാഷിണികള്‍ ഘടിപ്പിച്ച ജീപ്പുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഐക്യ ജനാധിപത്യ മുന്നണിക്കും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും ബി ജെ പിക്കും പുറമേ പശ്ചിമഘട്ട ജനസംരക്ഷണ സമിതിമലബാര്‍ വികസനസമിതി സ്ഥാനാര്‍ഥി പി വി അന്‍വറും ഈ രീതിയില്‍ വാഹനങ്ങള്‍ ഉപയോഗപ്പെടുത്തുന്നു. അതില്‍നിന്നുമാത്രമാണ് അല്‍പമൊക്കെ പാരഡിഗാനങ്ങളും വോട്ടര്‍ഭ്യര്‍ഥനകളും മുഴങ്ങിക്കേള്‍ക്കുന്നത്.
ഇരുമുന്നണിയുടെയും ബി ജെ പി യുടെയും സ്ഥാനാര്‍ഥികളുടെ വോട്ടഭ്യര്‍ഥനാപത്രങ്ങള്‍ ഓരോ വീടുകളിലും എത്തിച്ചുകഴിഞ്ഞ ആശ്വാസത്തിലാണ് പ്രവര്‍ത്തകര്‍.
ചിലയിടത്തുമാത്രമേ ഇത് നടക്കാത്തതായുള്ളൂ. അങ്ങനെയുള്ള സ്ഥലങ്ങളില്‍ അവയെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് മുന്നണികള്‍.