ചട്ടലംഘനം പകര്‍ത്താന്‍ ക്യാമറ റെഡി

    Posted on: April 5, 2014 12:46 am | Last updated: April 5, 2014 at 12:46 am

    gg58142151തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണം മുറുകുമ്പോള്‍ ചട്ടലംഘനം നിരീക്ഷിക്കുന്നതും ഊര്‍ജിതമാക്കാന്‍ സംവിധാനം തയ്യാര്‍. എല്ലാ മണ്ഡലങ്ങളിലും ചട്ടലംഘനം ഒപ്പിയെടുക്കാന്‍ ക്യാമറക്കണ്ണുകള്‍ സദാ സജ്ജമായിരിപ്പുണ്ട്. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പ് വരുത്തുന്നതിനൊപ്പം ചട്ടലംഘനം നിരീക്ഷിക്കുന്നതിനും നടപടിയെടുക്കുന്നതിനുമായാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം വീഡിയോ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
    ദേശീയ നേതാക്കളും മന്ത്രിമാരും ഉള്‍പ്പെടെ പങ്കെടുക്കുന്ന പ്രചാരണ യോഗങ്ങള്‍, റാലികള്‍, മറ്റ് പരിപാടികള്‍ എന്നിവക്കു പുറമെ, വിദ്വേഷമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍, വസ്തുവകകള്‍ നശിപ്പിക്കല്‍, വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പാരിതോഷികം നല്‍കല്‍ എന്നിവയും കൂറ്റന്‍ കട്ടൗട്ടുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ചുള്ള ചെലവേറിയ പ്രചാരണ പരിപാടികളും ക്യാമറകള്‍ ഒപ്പിയെടുക്കും. ഇതിനു പുറമേ വോട്ടെടുപ്പ് സാമഗ്രികളുടെ കൈമാറ്റം, വോട്ടെടുപ്പ്, വോട്ടെണ്ണല്‍ എന്നിവയും വീഡിയോയില്‍ ചിത്രീകരിക്കും.
    രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരോ, സ്ഥാനാര്‍ഥികളുടെ ബന്ധുക്കളോ അല്ലാത്തവരില്‍ നിന്ന് പ്രത്യേകം തിരഞ്ഞെടുക്കപ്പെടുന്ന വീഡിയോഗ്രാഫര്‍മാര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ നിര്‍ദേശത്തിനനുസരിച്ചാണ് പ്രവര്‍ത്തിക്കുക. വീഡിയോ ദൃശ്യങ്ങള്‍ അതത് വരണാധികാരികള്‍ നിരീക്ഷിച്ച് ചട്ടലംഘനം പരിശോധിക്കും. ചട്ടലംഘനം കണ്ടെത്തിയാല്‍ വരണാധികാരിക്ക് നടപടിയെടുക്കാവുന്നവയില്‍ നടപടിയെടുക്കും. അല്ലാത്തവ ചീഫ് ഇലക്ടറല്‍ ഓഫീസറുടെ ശ്രദ്ധയില്‍പ്പെടുത്തും. വീഡിയോഗ്രാഫുകള്‍ തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ ശ്രദ്ധയിലും കൊണ്ടുവരും.
    മണ്ഡലത്തിലെ സ്ഥിതിഗതികള്‍ വീഡിയോ ചിത്രീകരണത്തിലൂടെയും മനസ്സിലാക്കുന്ന നിരീക്ഷകര്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ അവ ധരിപ്പിച്ച് പ്രശ്‌നങ്ങളില്‍ പരിഹാര മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ സഹായിക്കും. നിശ്ചിത ഫീസ് ഒടുക്കി ആര്‍ക്കും വരണാധികാരികളുടെ കൈവശമുള്ള വീഡിയോകള്‍ നിരീക്ഷിക്കുകയും പകര്‍പ്പ് ആവശ്യപ്പെടുകയും ചെയ്യാം.