മാള പഞ്ചായത്തിലെ കിണറുകളില്‍ ഉപ്പ് വെള്ളം

Posted on: April 3, 2014 11:37 pm | Last updated: April 3, 2014 at 11:37 pm

മാള: ഗ്രാമപ്പഞ്ചായത്തിലെ മാരേക്കാട് നെടുകുന്ന് ഗ്രാമത്തിലെ ഉപ്പുവെള്ളത്തിനും ജലസേചനത്തിനും പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് ഗ്രാമവാസികള്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നല്‍കി.
ഗ്രാമത്തിലെ വിശാലമായ പാടശേഖരമാണ് പാണ്ടിപ്പാടം മങ്ങിപ്പാടം. വര്‍ഷങ്ങളായി കൃഷി അന്യമായിരുന്ന പാടശേഖരത്തില്‍ എം എല്‍ എ മുന്‍കൈയ്യെടുത്ത് കഴിഞ്ഞ വര്‍ഷം നിറവ് പദ്ധതിയുടെ ഭാഗമായി പുഞ്ചകൃഷിയിറക്കി. ഈ വര്‍ഷവും വൈകിയാണെങ്കിലും പുഞ്ചകൃഷിയിറക്കിയിരുന്നു. പരമ്പരാഗത പുഞ്ചകൃഷിക്കു വിപരീതമായി പാടശേഖരത്തിന്റെ കിഴക്കേ അറ്റം മുതല്‍ കരിങ്ങോട് ചിറ വരെ നീണ്ട് കിടക്കുന്ന വലിയ തോടിന്റെ മധ്യഭാഗത്ത് കനത്ത ബണ്ട് കെട്ടി പാടശേഖരത്തിലെ മുഴുവന്‍ ജലവും തോട്ടിലെ പകുതി ജലവും വറ്റിക്കുകയും ചെയ്താണ് ഇത്തവണ കൃഷിയിറക്കിയത്.
ഇത് കാരണം വറ്റിയ തോടിന്റെ അടിത്തട്ടില്‍ കിടന്നിരുന്ന ഉപ്പും മറ്റു അഴുക്കുകളും പുറത്തു വരികയും ആ ജലം കൃഷിയിടത്തില്‍ ജലസേചനത്തിന് ഉപയോഗിക്കുകയുമുണ്ടായി. ഈ തോട്ടിലെ ജലമാണ് ഗ്രാമത്തിലെ കിണറുകളും കുളങ്ങളും ആവശ്യത്തിന് വെള്ളം നിറഞ്ഞു കിടക്കാന്‍ കാരണം. എത്ര കഠിനമായ വേനലിലും വരള്‍ച്ചയിലും ഈ തോട് വഴി മാരേക്കാട് നെടുകുന്ന് ഭാഗത്തെ കിണറുകളിലേക്കും കുളങ്ങളിലേക്കും ജലനിരപ്പ് വല്ലാതെ താന്നു പോകാതെ നിലനിര്‍ത്തുന്നതാണ്.
എന്നാല്‍ ഇത്തവണത്തെ പ്രവൃത്തി മൂലം ഈ പ്രദേശങ്ങളിലെ കിണറുകളും കുളങ്ങളും ഉപ്പുവെള്ളം കൊണ്ട് മലിനമായതിനാല്‍ എല്ലാ ഗ്രാമവാസികള്‍ക്കും കുടിവെള്ളമില്ലാതാവുകയും കൃഷിക്ക് ജലസേചനം നടത്താനാകാത്ത സ്ഥിതിയായിരിക്കുകയുമാണ്. ആയതിനാല്‍ പാടശേഖരത്തിലെ തോടില്‍ കെട്ടിയ ബണ്ട് നീക്കം ചെയ്യാനും തോട്ടിലേക്ക് ഉപ്പുവെള്ളം കയറാതിരിക്കാനും നടപടിയുണ്ടാകണം. കഴിഞ്ഞ വര്‍ഷം പുഞ്ചകൃഷിയിറക്കിയ കര്‍ഷകര്‍ക്കും സ്ഥലഉടമകള്‍ക്കും സെന്റിന് 200 രൂപ വീതമാണ് ഇടക്കാലാശ്വാസം നല്‍കിയിരുന്നത്. ഇത് കുറഞ്ഞത് 500 രൂപയെങ്കിലുമാക്കണം. കൂടാതെ നിലത്തിന്റെ ഫലപുഷ്ടി വരുന്ന അഞ്ച് വര്‍ഷത്തേക്ക് നഷ്ടപ്പെട്ടതിനുള്ള നഷ്ടപരിഹാരം മുന്‍കൂറായി നല്‍കുകയും വേണം. അഷ്ടമിച്ചിറയിലെ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി പ്രാവര്‍ത്തികമാക്കണമെന്നും നിവേദനത്തില്‍ പറയുന്നു.