Connect with us

National

മോഡി-ജോഷി തര്‍ക്കം: ബി ജെ പിയുടെ പ്രകടനപത്രിക തെരെഞ്ഞെടുപ്പ് ആരംഭിച്ച ശേഷം

Published

|

Last Updated

ന്യൂഡല്‍ഹി: പാര്‍ട്ടിയിലെ മോഡി വിഭാഗവും ജോഷി വിഭാഗവും തമ്മിലുള്ള രൂക്ഷമായ അഭിപ്രായ വ്യത്യാസം കാരണം പ്രകടന പത്രിക ഇറക്കാനാവാതെ ബി ജെ പി. തെരെഞ്ഞെടുപ്പ് തുടങ്ങുന്ന ദിവസം ഏപില്‍ ഏഴിനായിരിക്കും ബി ജെ പി തങ്ങള്‍ ഭരണത്തിലെത്തിയാല്‍ അടുത്ത അഞ്ച് കൊല്ലം എന്ത് ചെയ്യുമെന്നുള്ള വാഗ്ദാനം ജനങ്ങള്‍ക്ക് നല്‍കുക. മുരളി മനോഹര്‍ ജോഷിയുടെ മേല്‍നോട്ടത്തില്‍ തയ്യാറാക്കിയ പ്രകടനപത്രിക മോഡി ഉദ്ദേശിക്കുന്ന വികസനത്തില്‍ അധിഷ്ടിതമല്ല എന്നാണ് മോഡി വിഭാഗത്തിന്റെ പരാതി. ഇതിനാല്‍ ഇതില്‍ ചില മാറ്റങ്ങള്‍ വരുത്തണമെന്നും ഇപ്പോള്‍ പുറത്തിറക്കേണ്ട എന്നുമാണ് മോഡി വിഭാഗം പറയുന്നത്.

എന്നാല്‍ പാര്‍ട്ടിയിലെ ഭിന്നതയാണ് പത്രിക വൈകാന്‍ കാരണമെന്ന ആരോപണം പാര്‍ട്ടി വക്താവ് നിര്‍മല സീതാരാമന്‍ നിഷേധിച്ചു. നേതാക്കള്‍ക്കെല്ലാം സൗകര്യമുള്ള ഒരു തീയതി കിട്ടാത്തതിനാലാണ് പ്രകടന പത്രിക പുറത്തിറക്കാന്‍ വൈകുന്നതെന്നും ഏഴാം തീയതിയാണ് എല്ലാവരെയും ഒന്നിച്ചുകിട്ടുന്ന തീയതിയെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു.

നരേന്ദ്രമോഡിയുടെ ഉരുക്കുമുഷ്ടി നയത്തില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെല്ലാം അസ്വസ്ഥരാണ്. മുമ്പ് എല്‍ കെ അദ്വാനിയായിരുന്നു പാര്‍ട്ടിയിലെ പ്രധാന മോഡി വിരുദ്ധന്‍. എന്നാല്‍ വരാണസി ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് മുതിര്‍ന്ന നേതാവ് മുരളി മനോഹര്‍ ജോഷിയെ മാറ്റി മോഡിയെ അവിടെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെയാണ് ബി ജെ പിയില്‍ ജോഷി-മോഡി പോര് ആരംഭിച്ചത്.

വരാണസി നഷ്ടപ്പെട്ട ജോഷിക്ക് ലഭിച്ചത് കാണ്‍പൂര്‍ മണ്ഡലമാണ്. കോണ്‍ഗ്രസിന്റെ ശ്രീപ്രകാശ് ജയ്‌സ്വാള്‍ ആണ് ഇപ്പോള്‍ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. പ്രധാനപാര്‍ട്ടികളായ കോണ്‍ഗ്രസ്, സി പി എം, സി പി ഐ, എസ് പി തുടങ്ങിയ പാര്‍ട്ടികള്‍ തങ്ങളുടെ പ്രകടനപത്രിക പുറത്തിറക്കിക്കഴിഞ്ഞു.