Connect with us

Malappuram

മോദിയുടെ ന്യൂനപക്ഷ വിരോധം അപകടം: സുധാകര്‍ റെഡ്ഡി

Published

|

Last Updated

മലപ്പുറം: സാമ്പത്തികനയങ്ങളിലും കോര്‍പറേറ്റുകളുടെ താത്പര്യസംരക്ഷണത്തിലും യു പി എ യുടെ അതേ പാത പിന്‍തുടരുന്ന ബി ജെ പിയും മോദിയും കോണ്‍ഗ്രസിന്റെ മറ്റൊരു പകര്‍പ്പ് മാത്രമാണെന്ന് സി പി ഐ ജനറല്‍ സെക്രട്ടറി സുധാകര്‍റെഡ്ഡി പറഞ്ഞു.
അരീക്കോട്ട് എല്‍ ഡി എഫ് വയനാട് മണ്ഡലം സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിയുടെ തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി വര്‍ഗീയതയും ന്യൂനപക്ഷ വിരോധവും പ്രചരിപ്പിച്ച് പ്രധാനമന്ത്രിയാകാനാണ് ശ്രമിക്കുന്നത്. കൊട്ടി ഘോഷിച്ച ഗുജറാത്തിലെ വികസനം വെറും പൊള്ളയാണ്. ഗോധ്രയില്‍ കൂട്ട ന്യൂനപക്ഷഹത്യ നടത്തിയ മോദി അപകടരമായ പ്രവണതയാണ് കൊണ്ടു നടക്കുന്നത്. രാജ്യത്തിന്റെ പൊതുവായ താല്‍പര്യത്തിന് അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ദോഷം ചെയ്യും. തെറ്റിദ്ധാരണ പരത്തി അധികാരം കൈയാളാനാണ് മോഡി ശ്രമിക്കുന്നത്. കോണ്‍ഗ്രസും ബി ജെ പിയും സംരക്ഷിക്കുന്നത് പണക്കാരുടെ താല്‍പര്യങ്ങള്‍ മാത്രമാണെന്നതിനാല്‍ സാധാരണക്കാരുടെ സര്‍ക്കാരാണ് ഇനി കേന്ദ്രത്തില്‍ അധികാരത്തിലെത്തേണ്ടത് -റെഡ്ഡി പറഞ്ഞു.
വിലക്കയറ്റവും നാണയപ്പെരുപ്പവും പട്ടിണിയും മൂലം പൊറുതി മുട്ടുന്ന പാവപ്പെട്ടവരുടെ പ്രയാസങ്ങള്‍ കാണാന്‍ ഭരണക്കാര്‍ക്കായില്ലെന്നത് ഏറ്റവും വലിയ പരാജയമാണ്. കേരളത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടത്തിയ സോളാര്‍ അഴിമതി കേന്ദ്ര ഭരണത്തിന്റെ തുടര്‍ച്ചയാണ്. അദ്ദേഹത്തിന്റെ ഓഫീസിലുള്ളവര്‍ കൂട്ടത്തോടെ കേസില്‍ അറസ്റ്റിലായിട്ടും വേണ്ട രീതിയില്‍ അന്വേഷണം നടത്തുന്നില്ല. സോളാര്‍ കേസില്‍ സത്യസന്ധമായി അന്വേഷണം നടത്തി മുഴുവന്‍ തട്ടിപ്പും പുറത്തു കൊണ്ടുവരണം. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ കേരളത്തിലെ ലക്ഷകണക്കിന് ജനങ്ങളെ വഴിയാധാരമാക്കുന്ന സമീപനത്തോട് സി പി ഐക്കും എല്‍ ഡി എഫിനും യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. കെ വി ജയപ്രകാശ് അധ്യക്ഷത വഹിച്ചു.