മുശര്‍റഫിന് വേണ്ടി പാക് സൈനിക മേധാവി രംഗത്ത്‌

Posted on: April 3, 2014 7:33 am | Last updated: April 3, 2014 at 7:33 am

Pervez Musharrafഇസ്‌ലാമാബാദ്: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട പാക്കിസ്ഥാന്‍ മുന്‍ പട്ടാള ഭരണാധികാരി പര്‍വേസ് മുശര്‍ഫിന് ചികിത്സക്കും രോഗാതുരയായ മാതാവിനെ പരിചരിക്കുന്നതിനുമായി വിദേശത്ത് പോകാന്‍ അനുമതി നല്‍കണമെന്ന് പാക്കിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ റഹീല്‍. ലാല്‍ മസ്ജിദ് കേസടക്കം നിരവധി കുറ്റാരോപണങ്ങള്‍ക്ക് വിധേയനായ മുശര്‍റഫിനെതിരെ തിങ്കളാഴ്ച പാക് കോടതി രാജ്യദ്രോഹ കുറ്റം ചുമത്തിയ സാഹചര്യത്തിലാണ് അദ്ദേഹത്തിന് വേണ്ടി സൈനിക മേധാവി രംഗത്തെത്തിയത്. പ്രധാനമന്ത്രി നവാസ് ശരീഫുമായി നടത്തിയ അനൗപചാരിക ചര്‍ച്ചയിലാണ് സൈനിക മേധാവി ഇക്കാര്യം ഉന്നയിച്ചതെന്നും ഐ എസ് ഐ മേധാവി സഹീറുല്‍ ഇസ്‌ലാമും കൂടിയാലോചനയില്‍ പങ്കെടുത്തിരുന്നുവെന്നും എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ഉന്നതതലത്തില്‍ നടന്ന ഇത്തരമൊരു ചര്‍ച്ചയെക്കുറിച്ച് ഔദ്യോഗിക വിശദീകരണമുണ്ടായിട്ടില്ല. വിദേശത്തേക്ക് പോകുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ടുള്ള എക്‌സിറ്റ് കണ്‍ട്രോള്‍ ലിസ്റ്റില്‍ (ഇ സി എല്‍)നിന്നും മുശര്‍ഫിന്റെ പേര് ഒഴിവാക്കുമെന്നും എക്‌സപ്രസ് ട്രിബ്യൂണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രത്യേക കോടതി മുശര്‍റഫിന്‌മേല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെ ഇ സി എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്.
ക്രിമിനല്‍ നടപടികള്‍ നേരിടുന്ന ആദ്യത്തെ പട്ടാള ഭരണാധികാരിയാണ് മുശര്‍റഫ്. ചികിത്സക്കായി വിദേശത്ത് പോകുന്നതിനായി സര്‍ക്കാര്‍ മുശര്‍റഫിന്റെ യാത്രാ നിരോധം എടുത്തുമാറ്റുന്നതില്‍ എതിര്‍പ്പില്ലെന്ന് പ്രത്യേക കോടതി വ്യക്തമാക്കിയിരുന്നു.