Connect with us

Ongoing News

ഡിമാന്‍ഡ് ചിരി നമ്പറുകള്‍ക്ക്‌

Published

|

Last Updated

കോഴിക്കോട്: ഭക്ഷ്യ മന്ത്രിയുടെ വാക്കും പഴയ ചാക്കും ഒരു പോലെയല്ല, ചാക്കിന് ഇപ്പോള്‍ വിലയുണ്ട്. ലോനപ്പന്‍ നമ്പാടന്റെ നമ്പറാണിത്. സുഗതകുമാരി കവിയല്ല എന്ന പ്രയോഗം ഒച്ചപ്പാടുണ്ടാക്കിയപ്പോള്‍ കവിയല്ല, കവയിത്രിയാണ് എന്ന് തിരുത്തി സീതി ഹാജി വിവാദമൊഴിവാക്കിയത് ഇന്നും നിയമസഭയുടെ ചരിത്രത്തിലുണ്ട്. സ്ത്രീകളുള്ള സ്ഥലത്തെല്ലാം പെണ്‍വാണിഭമുണ്ടാകുമെന്ന പ്രയോഗത്തില്‍ വലിയ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത് ഇ കെ നായനാരുടെ ഫലിതം മലയാളികള്‍ ഉള്‍ക്കൊള്ളുന്നതുകൊണ്ടാണ്. നായനാരുടെ ഇംഗ്ലീഷ് കേട്ടാണ് ബ്രിട്ടീഷുകാര്‍ രാജ്യം വിട്ടതെന്നാണ് എം വി രാഘവന്‍ ഒരിക്കല്‍ പറഞ്ഞത്.
സീതി ഹാജിയുടെയും നായനാരുടെയും ഫലിതങ്ങളും നമ്പാടന്റെ നമ്പറുകളും കേരളം ഇന്നും ഓര്‍ത്തോര്‍ത്ത് ചിരിക്കുന്നവയാണ്. ഇവര്‍ അന്ന് ഉപയോഗിച്ച വാക്കുകള്‍ക്ക് പുതുമോടി നല്‍കി പുതുതലമുറക്കാര്‍ നമ്പറിടുമ്പോഴും പഴയ മൂര്‍ച്ച കിട്ടുന്നില്ല പലതിനും. എങ്കിലും ഈ തിരഞ്ഞെടുപ്പ് കാലത്തും ചിരി നമ്പറുകളുമായെത്തുന്ന നേതാക്കള്‍ക്ക് തന്നെയാണ് ഡിമാന്‍ഡ്. ഹാസ്യരസം നിറച്ച് എതിരാളികള്‍ക്ക് നേരെ വാക്കുകള്‍ പ്രയോഗിക്കുന്ന സരസന്‍മാരായ രാഷ്ട്രീയക്കാരെ കക്ഷിഭേദമില്ലാതെ കേരളം സ്വീകരിച്ചിട്ടുണ്ട് എല്ലാ കാലത്തും. ഇവരുടെ ചിന്തിപ്പിക്കുന്ന നിരീക്ഷണങ്ങളും ചിരിപ്പിക്കുന്ന നമ്പറുകളും കുറിക്കു കൊള്ളുന്ന വിമര്‍ശങ്ങളും പുതിയ തലമുറ പോലും ചര്‍ച്ച ചെയ്യപ്പെടുകയാണ്.
ഗൗരവമുള്ള പ്രസംഗത്തിന് ഇരുന്നു കൊടുക്കാന്‍ രാഷ്ട്രീയത്തെ ഗൗരവത്തോടെ കാണുന്നവര്‍ പോലും ഇന്ന് തയ്യാറല്ല. ഹാസ്യം കലര്‍ത്തി സംസാരിക്കുന്നവര്‍ക്കാണ് ഇന്ന് ആരാധകര്‍ ഏറെയുള്ളത്. നിലവില്‍ ഉഴവൂര്‍ വിജയന്‍, ടി കെ ഹംസ, കെ എന്‍ എ ഖാദിര്‍, കെ സി അബു എന്നിവര്‍ ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത് പ്രസംഗിക്കുന്നവരില്‍ പ്രമുഖരാണ്. കെ മുരളീധരനും പി സി ജോര്‍ജും എ വിജയരാഘവനുമൊക്കെ ഗൗരവം വിടാതെ പ്രസംഗത്തില്‍ തമാശ കലര്‍ത്തുന്നവരാണ്. സംസ്ഥാന വൈസ് പ്രസിഡന്റ് പി വേലായുധന്‍ ബി ജെ പി വേദികളിലെ ഹാസ്യസാമ്രാട്ടാണ്. എല്‍ ഡി എഫ് സ്ഥാനാര്‍ഥികളെല്ലാം ഗസ്റ്റ് ആര്‍ട്ടിസ്റ്റുകളാണെന്ന കെ പി സി സി പ്രസിഡന്റ് വി എം സുധീരന്റെ പരാമര്‍ശത്തിന് യു ഡി എഫ് സ്ഥാനാര്‍ഥികള്‍ സെക്‌സ് ആര്‍ട്ടിസ്റ്റുകളാണെന്നായിരുന്നു ഉഴവൂര്‍ വിജയന്റെ കൗണ്ടര്‍.
ജോസ് കെ മാണിയുടെ പത്രികയില്‍ കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പേര് മാറി ഒപ്പിട്ടെന്ന വിവാദത്തില്‍ സാരമില്ല സ്വന്തം അച്ഛന്റെ പേര് ജോസ് കെ മാണി തെറ്റിച്ചില്ലല്ലോ എന്നും ഉഴവൂര്‍ വിജയന്‍ അമിട്ട് പൊട്ടിച്ചു. കോഴിക്കോട് എം കെ രാഘവനാണ് മാര്‍ക്കറ്റെന്ന് സമര്‍ഥിക്കാന്‍ കെ സി അബു കണ്ടെത്തിയത് പേരിലെങ്കിലും സാമ്യമുള്ള മറ്റൊരു രാഘവനെ സി പി എം കണ്ടെത്തിയെന്നായിരുന്നു. “മലപ്പുറം തണ്ണിമത്തന്‍ പോലെയാണ് പുറത്തേ പച്ചയൊള്ളൂ, അകത്ത് ചുകപ്പാണ്” മഞ്ചേരിയില്‍ കെ പി എ മജീദിനെ തോല്‍പ്പിച്ച ടി കെ ഹംസയുടെ കമന്റാണിത്. ഇടതു മുന്നണിക്കെതിരെ ലീഗ് സമരം നടത്താത്തതിനെതിരെ വിമര്‍ശമുയര്‍ന്നപ്പോല്‍ സമരം ചെയത് മടുത്താണ് അവിടെ നിന്ന് ഇങ്ങോട്ട് പോന്നതെന്നായിരുന്നു കെ എന്‍ എ ഖാദിറിന്റെ മറുപടി. രാത്രിയില്‍ നേതാക്കള്‍ സരിതയെ വിളിക്കുന്നത് കോണ്‍ഗ്രസ് ഭരണഘടന പഠിപ്പിക്കാനല്ലെന്ന കെ മുരളീധരന്റെ പ്രയോഗം കുറിക്കു കൊള്ളുന്നതാണ്. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ ഗൗരവത്തിലുള്ള പ്രസംഗത്തേക്കാള്‍ മാര്‍ക്കറ്റ് അല്‍പ്പം തമാശ കലര്‍ന്ന പ്രയോഗങ്ങള്‍ക്കാണ്. യു ഡി എഫ് സ്ഥാനാര്‍ഥികള്‍ എല്ലാവരും പൊന്നിന്‍കുടങ്ങളാണെന്ന ആദ്യ പ്രസ്താവന തിരുത്തിക്കൊണ്ട് പി സി ജോര്‍ജ് അടുത്തിടെ പറഞ്ഞത് ചിലര്‍ പൊന്ന് പൂശിയവരാണെന്നായിരുന്നു. ഇങ്ങനെ കേരളം അടുത്തിടെ കേട്ട ഫലിതങ്ങളും തിരിച്ചടികളും ഏറെയാണ്.
പൊതുവെ രാഷ്ട്രീയത്തെ ഗൗരവമായി കാണാത്ത പുതുതലമുറക്കും രാഷ്ട്രീയം കേട്ടുമടുത്ത പഴയ തലമുറക്കും ഗൗരവം വിട്ട് നേതാക്കള്‍ അല്‍പ്പം തമാശ പറയുന്നതിലാണ് താത്പര്യം. ഹാസ്യം ചേര്‍ത്ത് ഇവര്‍ പൊട്ടിക്കുന്ന അമിട്ടുകള്‍ മണിക്കൂറുകള്‍ നീണ്ട പ്രസംഗത്തേക്കാളും ദിവസങ്ങള്‍ നീണ്ട പ്രചരണത്തേക്കാളും വളരെ വേഗത്തില്‍ ഹിറ്റാകുന്നു എന്നതാണ് ഇവരുടെ മാര്‍ക്കറ്റുയര്‍ത്തുന്നത്.

Latest