Connect with us

Editorial

ആഗോളതാപനവും ഭക്ഷ്യസുരക്ഷയും

Published

|

Last Updated

ഭക്ഷ്യസുരക്ഷയെ പോലും അപകടത്തിലാക്കുന്ന വിധത്തില്‍ ആഗോളതാപനം വന്‍ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുകയാണ്. യു എന്നിന് കീഴിലുള്ള കാലാവസ്ഥാ വ്യതിയാന സമിതി, ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ച് (ഐ പി സി സി) ജപ്പാനിലെ യോകോഹോമയിലാണ് ഈ റിപ്പോര്‍ട്ട് പുറത്തിറക്കിയത.് 300ഓളം ശാസ്ത്രജ്ഞര്‍ മൂന്ന് വര്‍ഷം കൊണ്ട് തയ്യാറാക്കിയ 2000 പേജുള്ള റിപ്പോര്‍ട്ടില്‍ ലോക രാജ്യങ്ങളെ മഹാ യുദ്ധങ്ങളിലേക്ക് വരെ നയിക്കാന്‍ നിമിത്തമാകുന്ന ആഗോള താപനത്തെ കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചും വളരെ ഗൗരവത്തോടെ പരാമര്‍ശിക്കുന്നു. ലോക രാജ്യങ്ങള്‍ പുറത്തുവിടുന്ന കാര്‍ബണ്‍ ഉള്‍പ്പെടെയുള്ള ഹരിതഗൃഹ വാതകങ്ങള്‍ മൂലം കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ അനുഭവിക്കാത്ത ഒരൊറ്റ മനുഷ്യന്‍ പോലും ഭൂമിയിലുണ്ടാകില്ലെന്ന ഇതിലെ പരാമര്‍ശങ്ങള്‍ പുനര്‍വിചിന്തനത്തിന് സമയമായെന്ന് ലോക രാജ്യങ്ങളെ ഓര്‍മപ്പെടുത്തുകയാണ്.
ദിവസം ചെല്ലുംതോറും ഭൂമി ചുട്ടുപഴുത്തു കൊണ്ടേയിരിക്കുകയാണ്. ജീവന്‍ അപകടത്തിലാക്കുന്ന വിധത്തിലാണ് ചൂടിന്റെ കാഠിന്യം. ജീവിത മാര്‍ഗങ്ങളെ മുച്ചൂടും വരള്‍ച്ച ബാധിച്ചിരിക്കുന്നു. നദികളിലെ നീരൊഴുക്കില്‍ ആശ്വാസം കണ്ടെത്തിയിരുന്നവര്‍ ബദല്‍ മാര്‍ഗങ്ങളെന്തെന്ന് ചിന്തിച്ച് തല പുകക്കാന്‍ തുടങ്ങിയിരിക്കുന്നു. കാലാവസ്ഥാ വ്യത്യയാനങ്ങളെ തുടര്‍ന്നും ഊര്‍ജ സ്രോതസ്സുകളുടെ അവകാശത്തെ ചൊല്ലിയും യുദ്ധങ്ങള്‍ വരെ പടിവാതില്‍ക്കലെത്തിയെന്നാണ് സമിതിയുടെ കണ്ടെത്തല്‍. പടിഞ്ഞാറന്‍ സുഡാനിലെ ദര്‍ഫൂറിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ വിവിധ തരത്തിലുള്ള പാരിസ്ഥിതിക പ്രതിസന്ധികളാണെന്ന് ഇപ്പോഴേ ലോകം തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്. പാരിസ്ഥിതിക സംഘര്‍ഷങ്ങള്‍ വളര്‍ന്ന് വന്‍ യുദ്ധത്തിലേക്കു വരെ എത്താനുള്ള സാധ്യതകള്‍ മുന്നില്‍ കണ്ണുതുറന്നിരിക്കുന്നു. ഇതിനു പുറമെ ധ്രുവങ്ങളിലെ മഞ്ഞുരുക്കവും സമുദ്രങ്ങളിലെ പവിഴപ്പുറ്റുകള്‍ക്ക് സംഭവിക്കുന്ന വന്‍ നാശവും കടല്‍ കയറ്റവും മറ്റും ഭീഷണികളായി മനുഷ്യരാശിയെ തുറിച്ചുനോക്കുകയാണ്.
നവലോകത്തിന്റെ പ്രതിസന്ധികളില്‍ വരള്‍ച്ചയും വിളനാശവും ഏറ്റവും മുന്നില്‍ തന്നെയാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. പേമാരികളും പ്രളയങ്ങളും നേരത്തെയെത്തുന്ന കടുത്ത വരള്‍ച്ചയും മനുഷ്യരാശിയെ നിരന്തരം വേട്ടയാടിത്തുടങ്ങിയതോടെ വിളവുകളെ അത് രൂക്ഷമായി ബാധിച്ചുകഴിഞ്ഞു. വരള്‍ച്ചയുടെയും പ്രളയങ്ങളുടെയും തുടര്‍ച്ചയായുണ്ടാകുന്ന വിളനാശങ്ങള്‍ മനുഷ്യരുള്‍പ്പെടെയുള്ള ജീവജാലങ്ങളുടെ ഭക്ഷ്യസുരക്ഷയെ അതിഗുരുതരമായി ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ഇതിന് പുറമെയാണ് വിളനാശം മൂലം ഭക്ഷ്യവസ്തുക്കളുടെ പിടിച്ചുനിര്‍ത്താനാകാത്ത വിധത്തിലുള്ള വിലക്കയറ്റം. യു എന്‍ കാലാവസ്ഥാ സമിതി ഐ പി സി സിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടും പ്രകാരം ഇതെല്ലാം ഗൗരവമായി ബാധിക്കുക പാവപ്പെട്ടവരെയും വൃദ്ധജനങ്ങളെയും കുഞ്ഞുമക്കളെയുമാണ്. എന്നാല്‍ ഇത് മുന്‍കൂട്ടിക്കണ്ട് ഇവരുടെ സംരക്ഷണത്തിന് ഉത്തരവാദപ്പെട്ട ഭരണാധികാരികള്‍ ഒന്നും ചെയ്യുന്നില്ലെന്നത് പേടിപ്പെടുത്തുന്നു. വരാനിരിക്കുന്ന അപകടകരമായ സ്ഥിതിവിശേഷങ്ങളെ പ്രതിരോധിക്കാന്‍ ലോക രാജ്യങ്ങളും കാര്യമായി മുന്നോട്ടുവരുന്നില്ല. വര്‍ഷം തോറും പുറത്തുവിടുന്ന അപകടകാരികളായ വാതകങ്ങളുടെ തോത് കുറക്കണമെന്ന് യു എന്‍ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നുണ്ടെങ്കിലും വികസിത, വികസ്വര രാജ്യങ്ങള്‍ ഇന്നും ഇത് നിര്‍ബാധം തുടരുക തന്നെയാണ്. തത്ഫലമായി ജീവന്‍ അപകടത്തിലാക്കുന്ന ഘട്ടത്തിലേക്ക് ലോകം ചെന്നെത്തിക്കൊണ്ടിരിക്കുന്നു എന്ന ശക്തമായ മുന്നറിയിപ്പ് യു എന്‍ കാലാവസ്ഥാ സമിതി റിപ്പോര്‍ട്ടില്‍ അടിവരയിടുന്നു. കുറഞ്ഞ തോതില്‍ കാര്‍ബണ്‍ പുറത്തുവിടുന്ന പുതിയൊരു ലോകത്തിന് വേണ്ടിയും അതുവഴി കാലാവസ്ഥാ വ്യതിയാനങ്ങളെ പിടിച്ചുനിര്‍ത്താനും ശ്രമങ്ങള്‍ നടത്താന്‍ ലോകത്തെ ഓരോ പൗരനോടും ഈ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും അഭ്യര്‍ഥിക്കുകയുമാണെന്നാണ് യുനൈറ്റഡ് നാഷന്‍ ക്ലൈമറ്റ് മേധാവി ക്രിസ്റ്റീന ഫിഗേഴ്‌സ്, സമിതിയുടെ റിപ്പോര്‍ട്ട് പുറത്തിറക്കിയ ശേഷം പ്രസ്താവിച്ചത്.
വരാനിരിക്കുന്ന ദുരന്തങ്ങളെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളെങ്കിലും തുടങ്ങിവെക്കാന്‍ രാജ്യങ്ങള്‍ വിമുഖത കാണിക്കുന്നത് കാര്യങ്ങളെ കൂടുതല്‍ വഷളാക്കും. ആര്‍ട്ടിക് മേഖലകളില്‍ കപ്പല്‍ ചാലുകള്‍ വരെ തുറക്കാന്‍ കാരണമാകുന്ന ഈ ആഗോളതാപനത്തിനെതിരെ അടിയന്തര നടപടിയെടുത്തില്ലെങ്കില്‍ പ്രത്യാഘാതം വളരെ രൂക്ഷമാകുമെന്ന് സമിതി തന്നെ ചൂണ്ടിക്കാട്ടുകയാണ്. മനുഷ്യരുടെ നിയമവിരുദ്ധമായ കൈകടത്തലുകള്‍ തന്നെയാണ് പ്രകൃതിയുടെയും പരിസ്ഥിതിയുടെയും കടക്ക് കത്തിവെക്കുന്നത്. ലക്ഷക്കണക്കിന് മനുഷ്യരുടെ ഭക്ഷ്യോത്പന്നമായ ഗോതമ്പിന്റെ ഉത്പാദനം ഗണ്യമായി കുറഞ്ഞതും ഉഷ്ണ മേഖലകളിലെ മത്സ്യ ലഭ്യതയില്‍ 40 മുതല്‍ 60 വരെ ശതമാനം ഇടിവ് സംഭവിച്ചതും വലിയൊരു മുന്നറിയിപ്പാണ്. ഊര്‍ജ സ്രോതസ്സുകള്‍ക്ക് വേണ്ടിയുള്ള പോരാട്ടങ്ങള്‍ മുതല്‍ പട്ടിണി വരെ ആഗോളതാപനത്തിന്റെ അനന്തര ഫലങ്ങളായി നമ്മെ ഉറ്റുനോക്കുകയാണ്. ഐ പി സി സി മുന്നോട്ടുവെച്ച പരിഹാര നടപടികളില്‍ ഇനിയും അമാന്തം കാണിക്കുന്നത് ഭൂമിയുടെ അതിവേഗത്തിലുള്ള സര്‍വനാശത്തിന് ഇടവരുത്തുമെന്ന് തിരിച്ചറിഞ്ഞ് സത്വര നടപടികള്‍ കൈക്കൊള്ളണം. ഇതിന് പുറമെ പ്രകൃതിക്കു മേല്‍ ദുരമൂത്ത മനുഷ്യര്‍ നടത്തുന്ന അതിരുകടന്ന കൈകടത്തലുകള്‍ക്ക് അറുതി വരുത്തലും ആഗോളതാപനം നിയന്ത്രിക്കുന്നതില്‍ അനിവാര്യമായ ഘടകമാണ്.